ഭോപ്പാല്‍: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നിരോധനത്തെ കോണ്‍ഗ്രസ് എതിര്‍ത്തെന്ന അമിത് ഷായുടെ ആരോപണം തള്ളി കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ്. വെള്ളിയാഴ്ച്ച രാജ്ഗഢില്‍ നടന്ന തെരെഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അമിത് ഷായുടെ വിമര്‍ശനം.
പി.എഫ്.ഐയുമായി ചേര്‍ന്നാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതെന്ന ആരോപണവും ദിഗ്‌വിജയ് സിങ് തള്ളിക്കളഞ്ഞു. പി.എഫ്.ഐ നിരോധനവും പാര്‍ലമെന്റ് ആക്രമണ കേസിലെ പ്രതി അഫ്‌സല്‍ ഗുരുവിനെ വധശിക്ഷയും ദിഗ്‌വിജയ് സിങ് എതിര്‍ത്തെന്നാണ് അമിത് ഷാ പറഞ്ഞത്.
എന്നാല്‍ തനിക്ക് പി.എഫ്.ഐയുമായി ഒരു ബന്ധമില്ലെന്നും അമിത് ഷാ നടത്തുന്നത് വ്യാജ പ്രചരണമാണെന്നും ദിഗ്‌വിജയ് സിങ് പറഞ്ഞു. താന്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് സിമി നിരോധിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ പേര് 17 തവണയാണ് ഷാ എടുത്തുപറഞ്ഞതെന്നും മനപൂര്‍വം കള്ളത്തരം പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ദിഗ്‌വിജയ് സിങിന്റെ ഉപദേശ പ്രകാരമാണ് കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ മുസ്‌ലിങ്ങള്‍ക്കുള്ള വ്യക്തിഗത വായ്പകള്‍ ഉള്‍പ്പെടുത്തിയത് എന്നായിരുന്നു പ്രസംഗത്തിനിടെ ഷാ ഉന്നയിച്ച മറ്റൊരാരോപണം. കോണ്‍ഗ്രസിന്റെ പ്രകടന പത്രികയില്‍ മുസ്‌ലിങ്ങള്‍ക്കുള്ള വ്യക്തിഗത വായ്പയെ കുറിച്ച് പരാമര്‍ശം പോലുമില്ലെന്ന് ദിഗ്‌വിജയ് തിരിച്ചടിച്ചു.
അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷയെ അനുകൂലിച്ചയാളാണ് താനെന്നും ബി.ജെ.പിയാണ് പി.എഫ്.ഐയുമായി ചേര്‍ന്ന് കര്‍ണാടക തെരെഞ്ഞെടുപ്പില്‍ മത്സരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlight: not opposed the ban of popular front says digvijay singh