|

സംഘപരിവാറിന്റേത് മാത്രമല്ല, വെട്ടുമ്പോള്‍ മറ്റ് പാര്‍ട്ടികളുടേതും വെട്ടി മാറ്റുമോ?; മോഹന്‍ലാലിന്റെ പോസ്റ്റിന് കമന്റുമായി ടി.സിദ്ദിഖ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: എമ്പുരാന്‍ സിനിമയിലെ പ്രമേയവുമായി ബന്ധപ്പെട്ട് ഖേദം പ്രകടിപ്പിച്ച മോഹന്‍ലാലിന്റെ പോസ്റ്റില്‍ പ്രതികരിച്ച് കല്‍പ്പറ്റ എം.എല്‍.എ ടി.സിദ്ദിഖ്. സംഘപരിവാറിന് താത്പര്യമില്ലാത്ത സീനുകള്‍ വെട്ടിമാറ്റുമ്പോള്‍ കോണ്‍ഗ്രസിനെയും സി.പി.ഐ.എമ്മിനെയും വിമര്‍ശിക്കുന്ന ഭാഗങ്ങള്‍ കൂടി വെട്ടുമോയെന്നാണ് ടി.സിദ്ദിഖിന്റെ കമന്റ്.

അങ്ങനെ കോണ്‍ഗ്രസിനെയും സി.പി.ഐ.എമ്മിനെയും വിമര്‍ശിക്കുന്ന ഭാഗങ്ങള്‍ കൂടി വെട്ടിമാറ്റിയാല്‍ മൂന്ന് മണിക്കൂറുള്ള സിനിമ മൂന്ന് മിനിട്ടുള്ള റീല്‍സായി കാണേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

‘സംഘപരിവാറിന് താത്പര്യമില്ലാത്ത സീനുകള്‍ വെട്ടി മാറ്റി എമ്പുരാന്‍ വരുമ്പോള്‍ കോണ്‍ഗ്രസിനെയും സി.പി.ഐ.എമ്മിനെയും വിമര്‍ശിക്കുന്ന ഭാഗങ്ങള്‍ കൂടി വെട്ടി മാറ്റുമോ? ഇല്ല അല്ലേ..! അങ്ങനെ വെട്ടിയാല്‍ മൂന്ന് മണിക്കൂര്‍ സിനിമ മൂന്ന് മിനിട്ടുള്ള റീല്‍സ് ആയി കാണാം,’ ടി.സിദ്ദിഖ് കുറിച്ചു.

ഇന്ന് (ഞായറാഴ്ച) ഉച്ചയോടെയാണ് എമ്പുരാനിലെ പ്രമേയത്തിന്റെ ചില ഭാഗളുടെ പേരിലുണ്ടായ വിവാദത്തില്‍ മോഹന്‍ലാല്‍ ഖേദം പ്രകടിപ്പിച്ച് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് പങ്കുവെച്ചത്. ഇതിന് പിന്നാലെയായിരുന്നു ടി.സിദ്ദിഖിന്റെ പ്രതികരണം.

‘ഒരു കലാകാരന്‍ എന്ന നിലയില്‍ എന്റെ ഒരു സിനിമയും ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തോടോ ആശയത്തോടോ മതവിഭാഗത്തോടോ വിദ്വേഷം പുലര്‍ത്തുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടത് എന്റെ കടമയാണ്. ഇത്തരത്തിലുള്ള വിഷയങ്ങള്‍ നിര്‍ബന്ധമായും എമ്പുരാനില്‍ നിന്ന് നീക്കം ചെയ്യാന്‍ തീരുമാനിച്ച് കഴിഞ്ഞു.

സിനിമയുടെ ആവിഷ്‌കാരത്തില്‍ കടന്നുവന്നിട്ടുള്ള ചില രാഷ്ട്രീയ-സാമൂഹിക പ്രമേയങ്ങള്‍ എന്നെ സ്നേഹിക്കുന്നവരില്‍ കുറേപേര്‍ക്ക് വലിയ മനോവിഷമം ഉണ്ടാക്കിയതായി അറിഞ്ഞു. അതുകൊണ്ട് തന്നെ എന്റെ പ്രിയപ്പെട്ടവര്‍ക്ക് ഉണ്ടായ മനോവിഷമത്തില്‍ തനിക്കും എമ്പുരാന്‍ ടീമിനും ആത്മാര്‍ത്ഥമായ ഖേദമുണ്ട്,’ എന്നായിരുന്നു മോഹന്‍ലാലിന്റെ പോസ്റ്റ്.

സിനിമയിലെ ഗുജറാത്ത് കലാപമടക്കമുള്ള ഉള്ളടക്കങ്ങള്‍ ഹിന്ദുവിരുദ്ധ അജണ്ടയുടെ ഭാഗമാണെന്നും പൃഥ്വിരാജ് നടപ്പിലാക്കിയ രാഷ്ട്രീയ അജണ്ടയാണ് എമ്പുരാനെന്നും ഉന്നയിച്ച് ബി.ജെ.പി, ആര്‍.എസ്.എസ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു. പിന്നാലെയായിരുന്നു വിവാദങ്ങള്‍ ഉടലെടുത്തത്.

മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമായ എമ്പുരാന്‍ മാര്‍ച്ച് 27നാണ് തിയേറ്ററുകളിലെത്തിയത്. സിനിമയിലെ ചില ഭാഗങ്ങള്‍ക്കെതിരെ തീവ്ര വലതുപക്ഷ സംഘടനകള്‍ രംഗത്ത് വന്നതിനെ തുടര്‍ന്ന് സിനിമയിലെ പതിനേഴിലേറെ ഭാഗങ്ങളില്‍ മാറ്റം വരുമെന്ന് ഇന്നലെ (ശനി) റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

Content Highlight: Not only the Sangh Parivar, but also other parties should be cut; T. Siddique commented on Mohanlal’s post