സൂര്യകുമാർ യാദവിനെ മാത്രം പൊക്കിപ്പറയാതെ, മറ്റൊരു താരവും അഭിനന്ദനമർഹിക്കുന്നു; തുറന്ന് പറഞ്ഞ് ഹാർദിക്ക് പാണ്ഡ്യ
Cricket
സൂര്യകുമാർ യാദവിനെ മാത്രം പൊക്കിപ്പറയാതെ, മറ്റൊരു താരവും അഭിനന്ദനമർഹിക്കുന്നു; തുറന്ന് പറഞ്ഞ് ഹാർദിക്ക് പാണ്ഡ്യ
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 8th January 2023, 1:45 pm

ശ്രീലങ്കക്കെതിരെയുള്ള ടി-20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ വിജയം വരിച്ചിരിക്കുകയാണ് ടീം ഇന്ത്യ. തുടർച്ചയായ വിമർശനങ്ങൾക്കും കുറ്റപ്പെടുത്തലുകൾക്കുമൊടുവിൽ തങ്ങളുടെ റേഞ്ച് എന്തെന്ന് ആരാധകർക്ക് മുന്നിൽ വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യൻ ടീം.
ലങ്കക്കെതിരെയുള്ള മത്സരത്തിൽ 91 റൺസിന്റെ പടുകൂറ്റൻ വിജയമാണ് ടീം ഇന്ത്യ സ്വന്തമാക്കിയത്.

ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 228 റൺസ് നേടിയപ്പോൾ മറുപടി ബാറ്റിങ്ങിനിറങ്ങിയ ലങ്ക 137 റൺസിന് പുറത്താവുകയായിരുന്നു.

സൂര്യ കുമാർ യാദവായിരുന്നു ഇന്ത്യൻ ബാറ്റിങ് നിരയുടെ നട്ടെല്ല്. 51 പന്തിൽ നിന്നും ഏഴ് ഫോറുകളും ഒമ്പത് സിക്സറുകളുമുൾപ്പെടെ 112 റൺസാണ് സ്കൈ സ്വന്തമാക്കിയത്. ബോളിങ്ങിൽ മൂന്ന് ഓവറിൽ 20 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് നേടിയ അർഷ്ദീപ് സിങ് മികച്ച പ്രകടനം കാഴ്ച വെച്ചു.

മത്സരത്തിൽ ഗംഭീര പ്രകടനം കാഴ്ചവെച്ചതോടെ സൂര്യ കുമാറിനെ അഭിനന്ദനം കൊണ്ട് മൂടുകയാണ് ആരാധകരും ക്രിക്കറ്റ്‌ വിദഗ്ധരും. എന്നാൽ മത്സരത്തിലെ ഇന്ത്യയുടെ മികച്ച പ്രകടനത്തിന്റെ ക്രെഡിറ്റ് സൂര്യക്ക് മാത്രം അവകാശപ്പെട്ടതല്ലെന്ന് വാദിച്ചു കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് ഇന്ത്യൻ ക്യാപ്റ്റൻ ഹാർദിക്ക് പാണ്ഡ്യ.

മത്സര ശേഷം സൂര്യയെ അഭിനന്ദനം കൊണ്ട് മൂടിയ പാണ്ഡ്യ പക്ഷെ കളിയുടെ ഗതി മാറ്റി മറിച്ച രാഹുല്‍ ത്രിപതിയേയും പ്രത്യേകം പേരെടുത്ത് പറഞ്ഞ് അഭിനന്ദിക്കാന്‍ മറന്നില്ല.

“ഇന്നത്തെ മത്സരം കണ്ടപ്പോൾ അത് സൂര്യയും ശ്രീലങ്കയും തമ്മിലാണെന്നാണ് എനിക്ക് തോന്നിയത്. മത്സരത്തിൽ സൂര്യയുടെ പ്രകടനം ക്യാപ്റ്റന്‍ എന്ന നിലയിലുള്ള എന്റെ ജോലി എളുപ്പമാക്കി.

വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ സൂര്യകുമാര്‍ യാദവിന്റെ പ്രാധാന്യം വളരെ വലുതാണെന്ന് ഞാൻ ഇടക്ക് പറയാറുണ്ട്, അതിന്റെ കാരണമിതാണ്. അവന്‍ കളിക്കുന്ന രീതി, അത് ബൗളര്‍മാരുടെ മനോവീര്യം തകര്‍ക്കുകയും ടീമിലെ മറ്റു ബാറ്റർമാരെ സഹായിക്കുകയും ചെയ്യും,’ ഹാര്‍ദിക്ക് പറഞ്ഞു.

“‘സൂര്യ എന്താണ് കളിക്കളത്തിൽ നടപ്പാക്കിയതെന്ന് നമ്മള്‍ കണ്ടു. അതിനൊപ്പം രാഹുല്‍ ത്രിപതിയും പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നുണ്ട്. മത്സരത്തിന്റെ സ്വഭാവം മാറ്റിമറിക്കാന്‍ വളരെ പെട്ടെന്ന് അവന് കഴിയും. ആദ്യ രണ്ടോവറുകള്‍ ശ്രദ്ധിച്ചാല്‍ നിങ്ങൾക്കത് മനസ്സിലാവും.

മത്സരത്തിന്റെ ഗതി മറ്റൊരു രീതിയിലാണ് മുന്നേറിയിരുന്നത്. ഞങ്ങള്‍ ഇവിടുത്തെ വിക്കറ്റ് ബൗളര്‍മാര്‍ക്ക് അനുകൂലമാണെന്ന് കരുതിയിരുന്നു. പക്ഷേ അവന്റെ ബാറ്റിങ് കാര്യങ്ങൾ മൊത്തത്തിൽ മാറ്റിമറിക്കുകയും ബോളര്‍മാര്‍ക്ക് അവർ എറിഞ്ഞുകൊണ്ടിരുന്ന ലെങ്‌തിൽ മാറ്റം വരുത്തേണ്ടിവരികയും ചെയ്തു’ ഹാര്‍ദിക്ക് കൂട്ടിച്ചേർത്തു.

കരിയറിൽ തന്റെ രണ്ടാം രാജ്യാന്തര മത്സരം മാത്രമാണ് ത്രിപതി കളിച്ചത്. മത്സരത്തിൽ 16 പന്തിൽ നിന്നും അഞ്ച് ഫോറും രണ്ട് സിക്സറുമുൾപ്പടെ 35 റൺസാണ് രാഹുൽ ത്രിപതി നേടിയത്.

അതേസമയം മൂന്ന് മത്സര പരമ്പര 2-1ന് ഇന്ത്യ വിജയിച്ചു. ജനുവരി 10ന് ബർസപര സ്റ്റേഡിയത്തിൽ വെച്ചാണ് ഇന്ത്യ-ശ്രീലങ്ക ഏകദിന പരമ്പരയിലെ ആദ്യ മത്സരം നടക്കുക.

 

Content Highlights:Not only Suryakumar Yadav iscontribute indian win, but another is also well played Hardik Pandya said openly