| Thursday, 12th March 2020, 10:59 pm

ഉണ്ടയില്ലാ വെടിപൊട്ടിക്കുമ്പോള്‍ ഒന്ന് തിരിഞ്ഞു നോക്കണം, കേരളം മാത്രമല്ല രാജ്യം മുഴുവനും അവരെ ശ്രദ്ധിക്കുന്നത് കാണാം; ചെന്നിത്തലയ്ക്ക് മറുപടിയുമായി ബി ഉണ്ണികൃഷ്ണന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി:ആരോഗ്യമന്ത്രി കെ.കെ ഷൈലജയ്ക്ക് മീഡിയ മാനിയ ആണെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രസ്താവനയ്ക്ക് എതിരെ മറുപടിയുമായി സംവിധായകനും നിര്‍മ്മാതാവുമായ ബി.ഉണ്ണികൃഷ്ണന്‍.

മീഡിയാമാനിയാ എന്ന ഉണ്ടയില്ലാ വെടിപൊട്ടിക്കുമ്പോള്‍ ഒന്ന് തിരിഞ്ഞു നോക്കണം. കേരളം മാത്രമല്ല, രാജ്യം മുഴുവനും അവരെ ശ്രദ്ധിക്കുന്നത് കാണാമെന്ന് ഉണ്ണികൃഷ്ണന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

നേരത്തെ ചെന്നിത്തലയുടെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാനും രംഗത്ത് എത്തിയിരുന്നു.

പൊതുജന ശ്രദ്ധ നഷ്ടപ്പെടുന്നതിനെ തുടര്‍ന്നാണ് പ്രതിപക്ഷത്തിന്റെ ഇത്തരം പ്രസ്താവനകളെന്നും ഷൈലജ മാഡം സധൈര്യം അവരുടെ കടമ ചെയ്യുന്നെന്നും ഷാന്‍ റഹ്മാന്‍ പറഞ്ഞിരുന്നു.

നിപ്പ വൈറസ് കാലത്ത് നിങ്ങള്‍ ഓരോരുത്തരും പലയിടങ്ങളിലായി പോയി ഒളിച്ചപ്പോള്‍ ആരോഗ്യ മന്ത്രിയും സംഘവും നിപ്പ വൈറസിനെ നേരിട്ടെന്നും കഴിവും പ്രാപ്തിയുമുള്ള ആരോഗ്യമന്ത്രിയാണ് കേരളത്തിന്റെതെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ നാണക്കേട് തോന്നുന്നു. എല്ലാവരും ഒരുമിച്ചു നില്‍ക്കുമ്പോഴും ഷൈലജ മാഡം നടത്തുന്ന ആത്മസമര്‍പ്പണത്തെയും പ്രസംഗങ്ങളെയും ചൂഷണം ചെയ്ത് നിലവാരമില്ലാത്ത നാടകങ്ങളാണ് നിങ്ങള്‍ നടത്തുന്നത്. കഷ്ടം തോന്നുന്നു. ഷൈലജ മാഡം പറഞ്ഞതു പോലെ ‘ജനങ്ങള്‍ ഇതെല്ലാം കാണുന്നുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ബി.ഉണ്ണികൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം,

ഇവര്‍ സംസാരിക്കുമ്പോള്‍ കേരളം മുഴുവനും ശ്രദ്ധിക്കുകയാണ്. അലങ്കാരങ്ങളോ ഏങ്കോണിപ്പുകളോ ഇല്ലാത്ത, കാച്ചിക്കുറുക്കിയെടുത്ത വാചകങ്ങള്‍. പറയുന്നത് വസ്തുതകള്‍. നിറയുന്നത് കരുതലും ജാഗ്രതയും. ഇടയിലെ അകലം നഷ്ടപ്പെട്ട്, ഒന്നായി തീരുന്ന വാക്കും പ്രവര്‍ത്തിയും. അവരിലൂടെ സംസാരിക്കുന്നത് അതിജീവനം ശീലമാക്കിമാറ്റിയെടുത്ത ഒരുജനതയാണ്.

അവര്‍ക്കഭിമുഖമായി നിന്ന് മീഡിയാമാനിയാ എന്ന ഉണ്ടയില്ലാ വെടിപൊട്ടിക്കുമ്പോള്‍ ഒന്ന് തിരിഞ്ഞു നോക്കണം. കേരളം മാത്രമല്ല, രാജ്യം മുഴുവനും അവരെ ശ്രദ്ധിക്കുന്നത് കാണാം. റ്റീച്ചറെ കാണുകയും കേള്‍ക്കുകയും ചെയ്യുന്നവര്‍, നിങ്ങളേയും കാണുന്നുണ്ട്, കേള്‍ക്കുന്നുണ്ട്. അവര്‍ പറയാതെ പറയുന്നുണ്ട്, ‘ He mistimes even attention seeking.’

We use cookies to give you the best possible experience. Learn more