| Saturday, 11th June 2022, 2:11 pm

'തോമസുകുട്ടീ വിട്ടോടാ'; ചാര്‍ലിയില്‍ താരമായി മുകേഷും ബാലമംഗളവും

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

രക്ഷിത് ഷെട്ടി നായകനായ 777 ചാര്‍ലി ജൂണ്‍ പത്തിനാണ് തിയേറ്ററുകളിലെത്തിയത്. ചാര്‍ലി എന്ന നായയും ധര്‍മ എന്ന യുവാവും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് പ്രേക്ഷകരില്‍ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്.

കന്നഡക്ക് പുറമേ തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം ഭാഷകളിലും ചിത്രം റിലീസ് ചെയ്തിരുന്നു. പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ് ചിത്രം കേരളത്തില്‍ വിതരണത്തിനെടുത്തത്. മലയാളത്തിലെത്തിയപ്പോള്‍ സംസാരിക്കുന്ന ഭാഷയില്‍ മാത്രമല്ല, ചാര്‍ലിയെ അടിമുടി കേരളത്തിലേക്ക് പറിച്ചു നട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

നായകനായ ധര്‍മ കാണുന്ന ടി.വിയിലെ സിനിമ മുതല്‍ ഇഡലി വാങ്ങാന്‍ പോകുന്ന കടയിലെ ബോര്‍ഡ് വരെ മലയാളത്തിലാണ് ചിത്രത്തില്‍ കാണുന്നത്. ചാര്‍ലി വീട്ടില്‍ കുസൃതി കാണിക്കുമ്പോള്‍ ദേഷ്യം പിടിച്ച ധര്‍മ തല്ലാനോങ്ങുന്നുണ്ട്. ഈ സമയത്ത് ടി.വിയില്‍ കാണിക്കുന്ന സിനിമ മുകേഷിന്റെ ഇന്‍ ഹരിഹര്‍നഗറാണ്. രക്ഷപ്പെടാനായി ചാര്‍ലി ഇറങ്ങി ഓടുമ്പോള്‍ ‘തോമസുകുട്ടി വിട്ടോടാ’ എന്ന മുകേഷിന്റെ ഡയലോഗാണ് ടി.വിയില്‍ നിന്നും കേള്‍ക്കുന്നത്.

ചാര്‍ലിയെ ചികിത്സിക്കുന്ന മൃഗ ഡോക്ടറെ ആദ്യമായി ധര്‍മ കാണുന്ന സമയത്ത് അദ്ദേഹം വായിച്ചുകൊണ്ടിരിക്കുന്നത് ബാലമംഗളമായിരുന്നു. ചാര്‍ലിയും ധര്‍മയും ഒന്നിച്ചുള്ള യാത്രക്കിടയില്‍ തൃശ്ശൂര്‍ ബുക്ക്ഹൗസിന്റെ ബോര്‍ഡും വാളയാര്‍ എന്നെഴുതിയ ബോര്‍ഡും ഗൂഗിള്‍ മാപ്പില്‍ വാരാപ്പുഴയും കാണിക്കുന്നുണ്ട്.

ഇങ്ങനെ ചിത്രത്തില്‍ ഒരു തരത്തിലും കന്നഡ കടന്നു വരാതെ ചിത്രത്തെ മലയാളീകരിച്ചിട്ടുണ്ട്. മലയാളിയായ കിരണ്‍രാജ് കെ. ആണ് 777 ചാര്‍ലി സംവിധാനം ചെയ്തിരിക്കുന്നത്. പരംവാഹ് സ്റ്റുഡിയോയുടെ ബാനറില്‍ ജി.എസ് ഗുപ്തയും രക്ഷിത് ഷെട്ടിയും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്.

നായയും മനുഷ്യനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ പറയുന്ന സമാന പ്രമേയം ഉള്‍ക്കൊള്ളുന്ന നിരവധി ചിത്രങ്ങള്‍ പ്രേക്ഷകര്‍ കണ്ടിട്ടുണ്ടാകുമെങ്കിലും, ഈ ഇതിവൃത്തത്തില്‍ ഒരുക്കിയ ആദ്യ കന്നഡ ചിത്രമാണിത്.

Content Highlight: Not only in the language but 777 charlie movie  transplanted completely to malayalam 

We use cookies to give you the best possible experience. Learn more