രക്ഷിത് ഷെട്ടി നായകനായ 777 ചാര്‍ലി ജൂണ്‍ പത്തിനാണ് തിയേറ്ററുകളിലെത്തിയത്. ചാര്‍ലി എന്ന നായയും ധര്‍മ എന്ന യുവാവും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് പ്രേക്ഷകരില്‍ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്.
കന്നഡക്ക് പുറമേ തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം ഭാഷകളിലും ചിത്രം റിലീസ് ചെയ്തിരുന്നു. പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ് ചിത്രം കേരളത്തില്‍ വിതരണത്തിനെടുത്തത്. മലയാളത്തിലെത്തിയപ്പോള്‍ സംസാരിക്കുന്ന ഭാഷയില്‍ മാത്രമല്ല, ചാര്‍ലിയെ അടിമുടി കേരളത്തിലേക്ക് പറിച്ചു നട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.
നായകനായ ധര്‍മ കാണുന്ന ടി.വിയിലെ സിനിമ മുതല്‍ ഇഡലി വാങ്ങാന്‍ പോകുന്ന കടയിലെ ബോര്‍ഡ് വരെ മലയാളത്തിലാണ് ചിത്രത്തില്‍ കാണുന്നത്. ചാര്‍ലി വീട്ടില്‍ കുസൃതി കാണിക്കുമ്പോള്‍ ദേഷ്യം പിടിച്ച ധര്‍മ തല്ലാനോങ്ങുന്നുണ്ട്. ഈ സമയത്ത് ടി.വിയില്‍ കാണിക്കുന്ന സിനിമ മുകേഷിന്റെ ഇന്‍ ഹരിഹര്‍നഗറാണ്. രക്ഷപ്പെടാനായി ചാര്‍ലി ഇറങ്ങി ഓടുമ്പോള്‍ ‘തോമസുകുട്ടി വിട്ടോടാ’ എന്ന മുകേഷിന്റെ ഡയലോഗാണ് ടി.വിയില്‍ നിന്നും കേള്‍ക്കുന്നത്.