| Sunday, 12th May 2019, 12:37 pm

കോണ്‍ഗ്രസിനേക്കാള്‍ നീതി നിഷേധം നടത്തിയത് ബി.ജെ.പി സര്‍ക്കാറുകള്‍: മോദിയുടെ പ്രസംഗത്തിന് ഭോപ്പാല്‍ ദുരന്തബാധിതര്‍ മറുപടി പറയുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപ്പാല്‍: ഭോപ്പാല്‍ ദുരന്തബാധിതരെ കുറിച്ചുള്ള മോദിയുടെ ചോദ്യത്തിന് മറുപടിയുമായി ദുരന്തബാധിതര്‍ രംഗത്ത്. കോണ്‍ഗ്രസ് മാത്രമല്ല ബി.ജെ.പിയും തങ്ങളോട് നീതി കാണിച്ചിട്ടില്ലെന്ന് ദുരന്തബാധിതരുടെ നീതി ഉറപ്പാക്കുവാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടന പറഞ്ഞതായി ദി വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കഴിഞ്ഞ മാസമാണ് മോദി ഭോപ്പാലിലെ ദുരന്തബാധിതര്‍ക്ക് ആര് ‘ന്യായി'( നീതി) നല്‍കുമെന്ന് ചോദിച്ചത്. രാഹുല്‍ ഗാന്ധിയുടെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനമായ അടിസ്ഥാന വേതന നയം ഉറപ്പാക്കുന്ന ന്യായ് പദ്ധതിയെ ആക്രമിച്ചു കൊണ്ടായിരുന്നു മോദിയുടെ ചോദ്യം.

എന്നാല്‍ 34 വര്‍ഷത്തിനു ശേഷവും തങ്ങള്‍ക്ക് നീതി ലഭിച്ചിട്ടില്ലെന്നും ബി.ജെ.പി കോണ്‍ഗ്രസിനേക്കാള്‍ മോശമായ രീതിയിലാണ് തങ്ങളോട് പെരുമാറിയതെന്നും ദുരന്തബാധിതര്‍ പറയുന്നു. അന്താരാഷ്ട്ര കുത്തകകമ്പനികളെ സംരക്ഷിക്കാനും തങ്ങളുടെ നീതി നിഷേധിക്കാനും കോണ്‍ഗ്രസിനേക്കാള്‍ ശ്രമിച്ചത് എന്‍.ഡി.എ ആണെന്ന് ഇന്റര്‍നാഷണല്‍ ക്യാംപയിന്‍ ഫോര്‍ ജസ്റ്റിസ് ഇന്‍ ഭോപ്പാല്‍ എന്ന സംഘടന പറഞ്ഞതായി ദി വയറിന്റെ റിപ്പോര്‍ട്ട് ചെയ്യുന്നു.

1984 ല്‍ യൂണിയന്‍ കാര്‍ബൈഡ് ലിമിറ്റഡ് എന്ന കമ്പനിയില്‍ നിന്നും പുറന്തള്ളിയ വിഷവായു ശ്വസിച്ച് 3787 ആളുകള്‍ കൊല്ലപ്പെടുകയും അഞ്ച് ലക്ഷത്തില്‍ പരം ആളുകളെ മാരക രോഗികളാക്കുകയും ചെയ്ത സംഭവമാണ് ഭോപ്പാല്‍ വിഷവായു ദുരന്തം.

മാറി മാറി വന്ന സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകള്‍ കുറ്റവാളികളായ കോര്‍പ്പറേറ്റുകളുടെ താല്‍പര്യം സംരക്ഷിക്കാന്‍ ആണ് ശ്രമിക്കുന്നതെന്നും ഇരകളെ അവഗണിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇരകളായവരെ പുനരധിവസിപ്പിക്കാനോ, പ്രത്യേക ആരോഗ്യ പദ്ധതികള്‍ രൂപീകരിക്കാനോ നിലവിലുള്ള കേന്ദ്ര സര്‍ക്കാരിനോ സംസ്ഥാന സര്‍ക്കാരിനോ കഴിഞ്ഞിട്ടില്ല. 2010ല്‍ 2500 കുടുംബങ്ങളുടെ പുനരധിവാസത്തിനായി 40 കോടി രൂപ പാസായെങ്കിലും ഇത് ഭോപ്പാല്‍ ദുരന്ത നിവാരണ, പുനരധിവാസ ഫണ്ടിലേക്ക് കൈമാറിയിരുന്നില്ല.

2016ല്‍ ദുരന്തബാധിതരെ പ്രധാന്‍ മന്ത്രി ആവാസ് യോജന എന്ന സ്‌കീമിലുള്‍പ്പെടുത്തി വീടിനായുള്ള ഫണ്ടുകള്‍ക്കുള്ള അപേക്ഷ ക്ഷണിച്ചു. അതായത് 40 കോടി സംസ്ഥാന സര്‍ക്കാര്‍ മറ്റ് ആവശ്യങ്ങള്‍ക്കായി വകയിരുത്തി എന്ന് വ്യക്തം.

ഇക്കാര്യം ചൂണ്ടി കാണിച്ച് വിവിധ സംഘടനകള്‍ കേന്ദ്രത്തിന് കത്തയച്ചതിനെ തുടര്‍ന്ന് അന്ന് പദ്ധതി നിര്‍ത്തി വെക്കുകയായിരുന്നു. എന്നാല്‍ 2018 ല്‍ കേന്ദ്ര – സംസ്ഥാന സര്‍ക്കാറുകള്‍ ഒരു കരാറിലേര്‍പ്പെട്ടതിന്റെ ഭാഗമായി ഫണ്ട് മറ്റ് ആവശ്യങ്ങള്‍ക്ക് വിനിയോഗിച്ചതായി ക്യാമ്പയിനില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.

ഇന്നുവരെ പദ്ധതി പ്രകാരം ഒരു വീട് പോലും പണിത് നല്‍കിയിട്ടില്ലെന്നും ഇവര്‍ പറയുന്നു. കമ്പനി ഉടമ ആന്‍ഡേഴ്‌സണെ വെറുത് വിട്ടതിനും മോദി പ്രസംഗത്തില്‍ കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍ വാജ്പയി സര്‍ക്കാരോ മോദി സര്‍ക്കാരോ കമ്പനി ഉടമക്കെതിരെ ഒന്നും ചെയ്യാന്‍ തയ്യാറായിരുന്നില്ല എന്നത് മറച്ച് വെച്ചാണ് ഈ പഴി ചാരല്‍.

We use cookies to give you the best possible experience. Learn more