തിരുവനന്തപുരം: പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിക്കെതിരെ ഇടതുപക്ഷ സര്‍വീസ് സംഘടനകളും അധ്യാപകരും നടത്തിവരുന്ന അനിശ്ചിതകാല പണിമുടക്കുമായി ബന്ധപ്പെട്ട്
ഇനി ചര്‍ച്ചയ്ക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.[]
സമരക്കാരെ ചര്‍ച്ചയ്ക്ക് വിളിച്ച് വീണ്ടും അവഹേളിക്കപ്പെടാനില്ലെന്നും നേതാക്കള്‍ക്ക് എപ്പോള്‍ വേണമെങ്കിലും തന്നെ വന്ന് കാണാമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
സമരം പരാജയമായതിനാലാണ് സംഘടനകള്‍ സംസ്ഥാനത്തുടനീളം വ്യാപക അക്രമം അഴിച്ചുവിടുന്നത്. അക്രമം അഴിച്ചുവിടുന്നതല്ല യഥാര്‍ത്ഥ സമരരീതിയെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
ഇനി നേതാക്കളുമായി സന്ധി ചര്‍ച്ചയ്ക്കില്ല. അവര്‍ക്ക് പ്രശ്‌നം പരിഹരിക്കണമെന്ന് തോന്നുകയാണെങ്കില്‍ എപ്പോള്‍ വേണമെങ്കിലും അവരുമായി സംസാരിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം സമരക്കാര്‍ വന്നുകണ്ടാല്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് മന്ത്രി കെ.എം മാണി അറിയിച്ചു. നാളെ രാത്രി 8 മണിക്ക് മുഖ്യമന്ത്രിക്ക് മറ്റ് തിരക്കുകള്‍ ഉണ്ടാകില്ല. സമരക്കാര്‍ക്ക് ആവശ്യമെങ്കില്‍ ഈ സമയത്ത് മുഖ്യമന്ത്രിയെ കാണാമെന്നും മാണി പറഞ്ഞു.
അതേസമയം പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിക്കെതിരെ ഇടതുപക്ഷ സര്‍വീസ് സംഘടനകളും അധ്യാപകരും നടത്തിവരുന്ന അനിശ്ചിതകാല പണിമുടക്ക് ഇന്ന് അഞ്ചാം ദിവസത്തിലേക്ക് കടന്നു. ഇന്നലെ വ്യാപകമായ അക്രമമാണ് സംസ്ഥാനത്തുടനീളം കണ്ടുവന്നത്.
തലസ്ഥാനത്ത് പണിമുടക്കിയ അധ്യാപകരും ജീവനക്കാരും സെക്രട്ടറിയറ്റ് മാര്‍ച്ച് സംഘടിപ്പിച്ചു. എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ, എ.ഐ.എസ്.എഫ്, എ.ഐ.വൈ.എഫ് തുടങ്ങിയ സംഘടനകളും സമരത്തിന് അനുഭാവം പ്രകടിപ്പിച്ച് സംസ്ഥാനത്താകെ പ്രകടനം നടത്തി.
പണിമുടക്കിന് ഐക്യദാര്‍ഢ്യവുമായി എസ്.എഫ്.ഐ നേതൃത്വത്തില്‍ അനിശ്ചിതകാല പഠിപ്പുമുടക്ക് ആരംഭിച്ചതോടെ സര്‍ക്കാര്‍ എയ്ഡഡ് മേഖലയിലെ വിദ്യാലയങ്ങളുടെ പ്രവര്‍ത്തനം സ്തംഭിച്ചു.
പൊലീസ് കാവലില്‍ വിദ്യാലയങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള ശ്രമം പരാജയപ്പെട്ടു. കരിനിയമങ്ങളും മര്‍ദനമുറകളും ഉപയോഗിച്ച് അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ശ്രമമെന്ന് പ്രതിപക്ഷം ആരോപിച്ചു.