ഞാന്‍ 'ചൗകിദാര്‍' എന്ന് പറയുമ്പോള്‍ ജനങ്ങള്‍ 'ചോര്‍ ഹെ' എന്ന് പറയാന്‍ ആരംഭിച്ചു; മുദ്രാവാക്യം ഉണ്ടായതെങ്ങനെയെന്ന് വിവരിച്ച് രാഹുല്‍ ഗാന്ധി
ന്യൂദല്‍ഹി: ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഏറ്റവും അധികം ഉയര്‍ന്നു കേള്‍ക്കുന്നതും ചര്‍ച്ച ചെയ്യപ്പെട്ടതുമായ മുദ്രാവാക്യമാണ് ‘ചൗകിദാര്‍ ചോര്‍ ഹെ’ (കാവല്‍ക്കാരന്‍ കള്ളനാണ്) എന്നത്. റഫാല്‍ കരാറിലെ അഴിമതികള്‍ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാഹുല്‍ ഗാന്ധി ഇങ്ങനെ വിശേഷിപ്പിക്കാന്‍ ആരംഭിച്ചതോടെയാണ് മുദ്രാവാക്യം പ്രശസ്തമായത്.
എന്നാല്‍ ഈ മുദ്രാവാക്യം തന്റെ സൃഷ്ടിയല്ലെന്ന് രാഹുല്‍ ഗാന്ധി ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. താന്‍ നടത്തിയ ഒരു പ്രസംഗത്തിനിടെ ജനങ്ങള്‍ക്കിടയില്‍ നിന്ന് ഉരുത്തിരഞ്ഞതാണ് ഈ മുദ്രാവാക്യം എന്നും രാഹുല്‍ ഗാന്ധി പറയുന്നു.
‘ഞാന്‍ ചത്തീസ്ഗഡില്‍ പ്രസംഗിക്കുകയായിരുന്നു. കാവല്‍ക്കാരന്‍ കര്‍ഷകരുടെ ലോണുകള്‍ എഴുതി തള്ളിയിട്ടില്ല, കാവല്‍ക്കാരന്‍ തൊഴിലുകള്‍ സൃഷ്ടിക്കുന്നതില്‍ പരാജയപ്പെട്ടു, കാവല്‍ക്കാരന്‍ നിങ്ങള്‍ക്ക് 15 ലക്ഷം നല്‍കിയില്ല എന്ന് ഞാന്‍ പ്രസംഗത്തിനിടെ പറയുകയായിരുന്നു. ജനക്കൂട്ടത്തില്‍ കുറെ യുവാക്കള്‍ കൂടി നില്‍ക്കുന്നുണ്ടായിരുന്നു. ഞാന്‍ കാവല്‍ക്കാരന്‍ (ചൗകിദാര്‍) എന്ന് പറയുമ്പോള്‍ അവര്‍ കള്ളനാണ് (ചോര്‍ ഹെ) എന്ന് പറയാന്‍ ആരംഭിച്ചു’- രാഹുല്‍ ഗാന്ധി പറയുന്നു.
‘അപ്പോള്‍ ഞാന്‍ അവരോട് ഒരു വട്ടം കൂടെ അത് ആവര്‍ത്തിക്കാന്‍ ആവശ്യപ്പെട്ടു. അവര്‍ കാവല്‍ക്കാരന്‍ കള്ളനാണ് (ചൗകിദാര്‍ ചോര്‍ ഹെ) എന്ന് പറഞ്ഞു. ഇത് എന്നില്‍ നിന്നുണ്ടായതല്ല. ഇന്ത്യയിലെ ജനങ്ങളില്‍ നിന്നുണ്ടായ മുദ്രാവാക്യമാണിത്’- മുദ്രാവാക്യം ഉണ്ടായ സാഹചര്യം വിശദീകരിച്ച് രാഹുല്‍ ഗാന്ധി പറയുന്നു.
എന്നാല്‍ രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസിലെ ചുരുക്കം ചിലരും ഒഴികെ പാര്‍ട്ടിയിലെ മറ്റു നേതാക്കള്‍ ഈ മുദ്രാവാക്യം ഉയര്‍ത്താത്തത് മോദിയെ പേടിച്ചിട്ടാണോ എന്ന ചോദ്യത്തിന്, നോക്കൂ, മോദി പക സൂക്ഷിക്കുന്ന ക്രൂരനായ ഒരു മനുഷ്യനാണ്. എന്നാല്‍ അദ്ദേഹം എന്നില്‍ ഭയമുളവാക്കുന്നില്ല. എന്റെ ജോലി സത്യം തുറന്നു പറയലാണ്. കാവല്‍ക്കാരന്‍ കള്ളനാണ്, ഇതാണ് സത്യം,’ എന്നായിരുന്നു രാഹുലിന്റെ മറുപടി.