'തെലങ്കാന പോലെയല്ല ഇത്'; ദുബെയുടെ മരണം വ്യാജ ഏറ്റുമുട്ടലല്ലെന്ന് സുപ്രീംകോടതിയില്‍ യു.പി പൊലീസിന്റെ സത്യവാങ്മൂലം
national news
'തെലങ്കാന പോലെയല്ല ഇത്'; ദുബെയുടെ മരണം വ്യാജ ഏറ്റുമുട്ടലല്ലെന്ന് സുപ്രീംകോടതിയില്‍ യു.പി പൊലീസിന്റെ സത്യവാങ്മൂലം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 17th July 2020, 4:33 pm

ന്യൂദല്‍ഹി: ഉത്തര്‍പ്രദേശ് പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ മാഫിയ സംഘത്തലവന്‍ വികാസ് ദുബെ എന്‍കൗണ്ടറില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സുപ്രീംകോടതിയില്‍ വിശദീകരണവുമായി യു.പി പൊലീസ്.

ദുബെയുടെ മരണം വ്യാജ ഏറ്റുമുട്ടലല്ലെന്ന് യു.പി പൊലീസ് സുപ്രീംകോടതിയെ അറിയിച്ചു. നിയമവും സുപ്രീം കോടതി മാര്‍ഗനിര്‍ദേശങ്ങളും അനുസരിച്ചാണ് സംസ്ഥാനം പ്രവര്‍ത്തിച്ചതെന്നും യു.പി പൊലീസ് പറഞ്ഞു.

രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോഴാണ് ദുബെയെ വെടിവെച്ചതെന്ന് യു.പി പൊലീസ് സുപ്രീംകോടതിയെ അറിയിച്ചു. നിയമത്തിനും സുപ്രീംകോടതി മാര്‍ഗ നിര്‍ദ്ദേശത്തിനും അനുസൃതമായിട്ടാണ് സംസ്ഥാനം പ്രവര്‍ത്തിച്ചതെന്നും യു.പി പൊലീസ് പറഞ്ഞു.

തെലങ്കാന ഏറ്റുമുട്ടലുമായി ദുബെയുടെ ഏറ്റുമുട്ടലിനെ താരതമ്യം ചെയ്യാന്‍ പറ്റില്ലെന്നും പൊലീസ് കോടതിയില്‍ പറഞ്ഞു,

വികാസ് ദുബെയുടെ കൊലപാതകം വ്യാജ ഏറ്റുമുട്ടലല്ല. അദ്ദേഹത്തിന്റെ കേസ് തെലങ്കാന ഏറ്റുമുട്ടലുമായി താരതമ്യപ്പെടുത്താനാവില്ല. തെലങ്കാന ജുഡീഷ്യല്‍ കമ്മീഷന് ഉത്തരവിട്ടിട്ടില്ലെങ്കിലും യു.പി സര്‍ക്കാര്‍ അങ്ങനെ ചെയ്തിട്ടുണ്ടെന്നും യു.പി പൊലീസ് ഡയറക്ടര്‍ ജനറല്‍ സത്യവാങ്മൂലത്തില്‍ പറഞ്ഞു.

മധ്യപ്രദേശില്‍വെച്ച് അറസ്റ്റിലായ ദുബെയെ ഉത്തര്‍പ്രദേശിലേക്ക് കൊണ്ടുവരുംവഴിയാണ് പൊലീസ് എന്‍കൗണ്ടറില്‍ കൊല്ലപ്പെടുന്നത്. ദുബെ രക്ഷപ്പെടാന്‍ ശ്രമിച്ചെന്നും ആത്മരക്ഷാര്‍ത്ഥം വെടിവെക്കുകയായിരുന്നു എന്നുമാണ് യു.പി പൊലീസ് നേരത്തെ പറഞ്ഞിരുന്നത്. അതേ വാദം തന്നെയാണ് യു.പി പൊലീസ് സുപ്രീം കോടതിയിലും അവതരിപ്പിച്ചിരിക്കുന്നത്.

ദുബെയെ ജീവനോടെ പിടികൂടാന്‍ തന്നെയാണ് തങ്ങള്‍ ശ്രമിച്ചതെന്നും പൊലീസ് കോടതിയില്‍ അറിയിച്ചു.

നിയമവും സുപ്രീം കോടതി മാര്‍ഗനിര്‍ദേശങ്ങളും അനുസരിച്ചാണ് പൊലീസ് പ്രവര്‍ത്തിച്ചതെന്നും സമയം നല്‍കിയാല്‍ കൂടുതല്‍ വസ്തുതകള്‍ പിന്നീട് ഫയല്‍ ചെയ്യുമെന്നും പൊലീസ് ഡയറക്ടര്‍ പറഞ്ഞു.

വിരമിച്ച ഹൈക്കോടതി ജഡ്ജിയാണ് വികാസ് ദുബെ കേസിലെ അന്വേഷണ കമ്മീഷന്റെ തലവന്‍.

ഉത്തര്‍പ്രദേശിലെ എട്ട് പൊലീസുകാരെ കൊലപ്പെട്ടുത്തിയ കേസിലെ പ്രതിയായ ദുബെ ജൂലൈ 9 വ്യാഴാഴ്ചയാണ് മധ്യപ്രദേശില്‍വെച്ച് പിടിയിലായത്. വെള്ളിയാഴ്ചയാണ് പൊലീസ് കസ്റ്റഡിയില്‍വെച്ച് ദുബെ കൊല്ലപ്പെട്ടത്.

എന്നാല്‍ പൊലീസ് നടപടിക്കെതിരെ നിരവധിപേര്‍ രംഗത്തെത്തിയിരുന്നു. തെളിവുകള്‍ നശിപ്പിക്കാന്‍ വേണ്ടിയാണ് പൊലീസ് ദുബെയെ വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയതെന്നാണ് പ്രധാനമായും ഉയര്‍ന്നുവന്ന വിമര്‍ശനം.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,  പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ