| Friday, 11th October 2019, 4:10 pm

കൂടത്തായി മാത്രമല്ല; സിനിമയായി മാറിയ, കേരളത്തെ നടുക്കിയ കൊലപാതക സംഭവങ്ങള്‍ ഇവയാണ്

അശ്വിന്‍ രാജ്

കുടത്തായിലെ കൊലപാതക പരമ്പരയാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി കേരളമൊന്നാകെ ചര്‍ച്ച ചെയ്യുന്നത്. വാര്‍ത്തകളും കഥകളും ട്രോളുകളുമായി കൂടത്തായും ജോളിയും നിറഞ്ഞു നില്‍ക്കുകയാണ്. ഇതിനിടയ്ക്കാണ് കൂടത്തായ് സംഭവം സിനിമയാക്കുന്നു എന്ന വാര്‍ത്ത പുറത്തുവന്നത്.

കൂടത്തായി കൊലപാതക പരമ്പര സിനിമയാകുന്നെന്നും ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ മോഹന്‍ ലാല്‍ നായകനാകുന്നുവെന്നുമായിരുന്നു വാര്‍ത്ത പുറത്തുവന്നത് ഇതിന് ഒരു ദിവസം മുമ്പ് സംഭവം പശ്ചാത്തലമായി കൂടത്തായി എന്ന പേരില്‍ നടി ഡിനി ഡാനിയേല്‍ സിനിമ പ്രഖ്യാപിച്ചിരുന്നു. ചിത്രത്തില്‍ ജോളിയായി എത്തുന്നത് ഡിനി ഡാനിയേല്‍ തന്നെയായിരുന്നു. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ അടക്കം റിലീസ് ചെയ്തതിന് പിന്നാലെയാണ് ആന്റണി പെരുമ്പാവൂര്‍ മോഹന്‍ ലാല്‍ ടീം ഇതേ ചിത്രം നിര്‍മിക്കുന്നതായി പ്രഖ്യാപിച്ചത്.

എന്നാല്‍ കൂടത്തായ് സംഭവം മാത്രമല്ല ഇത്തരത്തില്‍ മലയാളത്തില്‍ സിനിമയായത്. പ്രമാദമായ പല കേസുകളും മലയാളത്തില്‍ സിനിമകളാവുകയും സൂപ്പര്‍ ഹിറ്റാവുകയും ചെയ്തിരുന്നു. അതില്‍ ചില ചിത്രങ്ങള്‍ നോക്കാം.

1. മൈനതരുവി കൊലക്കേസ് 1967

പ്രമാദമായ മാടതരുവി കൊലക്കേസ് ആണ് മൈനതരുവി കൊലക്കേസ് എന്ന ചിത്രത്തിന് ആദാരമായത്.
ഇതേസംഭവത്തിനെ ആസ്പദമാക്കി മൈനതരുവി കൊലക്കേസ് എന്ന ചിത്രവും ‘മാടത്തരുവി’, എന്ന ചിത്രവും ഇറങ്ങിയിരുന്നു. മറിയകുട്ടി എന്ന സ്ത്രിയുടെ മരണത്തില്‍ ഒരു പുരോഹിതന്‍ ആരോപണ വിധേയനായതായിരുന്നു കേസിനെ കുപ്രസിദ്ധമാക്കിയത്. സത്യനും ഷീലയുമായിരുന്നു മൈനതരുവി എന്ന ചിത്രത്തില്‍ അഭിനയിച്ചതെങ്കില്‍ മാടത്തരുവിയില്‍ കെ.പി ഉമ്മറും ഉഷകുമാരിയുമായിരുന്നു അഭിനയിച്ചത്.

2 എന്‍.എച്ച് 47 1984

കുപ്രസിദ്ധമായ ചാക്കോ കൊലക്കേസാണ് ഈ സിനിമയ്ക്ക് ആധാരം. തന്റെ രൂപ സാദൃശ്യമുള്ള ചാക്കോയെ കൊന്ന് സുകുമാര കുറുപ്പ് എന്ന വ്യക്തി ഒളിവില്‍ പോയിരുന്നു. വര്‍ഷം 35 കഴിഞ്ഞെങ്കിലും ഇന്നും സുകുമാരകുറുപ്പിനെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. ഈ കഥയാണ് അതേവര്‍ഷം തന്നെ ഇറങ്ങിയ എന്‍.എച്ച് 47 എന്ന സിനിമയ്ക്ക് ഉപയോഗിച്ചത്. ടി.ജി രവി, സുകുമാരന്‍, ജഗതി ശ്രീനിവാസന്‍ എന്നിവരാണ് പ്രധാനവേഷത്തില്‍ എത്തിയത്. ചിത്രത്തിന്റെ അവസാനം നാട്ടുകാര്‍ സുധാകരന്‍ പിള്ള എന്ന കഥാപാത്രത്തെ കല്ലെറിഞ്ഞു കൊല്ലുന്നതായാണ് കഥ.

ഇതേ സംഭവത്തെ അടിസ്ഥാനമാക്കി 2016 ല്‍ ദിലീപിനെ നായകനാക്കി അടൂര്‍ ഗോപാലകൃഷ്ണന്‍ പിന്നെയും എന്ന സിനിമ എടുത്തു. ദുല്‍ഖര്‍ സല്‍മാന്‍ നായകനായി കുറുപ്പ് എന്ന സിനിമയും ഇതേ സംഭവം അടിസ്ഥാനമാക്കി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ശ്രീനാഥ് രാജേന്ദ്രനാണ് ചിത്രത്തിന്റെ സംവിധാനം.

3. ലേഖയുടെ മരണം ഒരു ഫ്‌ളാഷ്ബാക്ക് 1983

നടി ശോഭയുടെ മരണത്തിനെ ആസ്പദമാക്കി കെ.ജി ജോര്‍ജ് സംവിധാനം ചെയ്ത സിനിമയാണ് ലേഖയുടെ മരണം ഒരു ഫ്‌ളാഷ് ബാക്ക്. 1983 ലാണ് ചിത്രം റിലീസ് ചെയ്യുന്നത്.പ്രശസ്ത ചലച്ചിത്ര താരവും ദേശീയപുരസ്‌കാര ജേതാവുമായ ലേഖ ആത്മഹത്യ ചെയ്യുന്നതും. കേരളത്തിലെ ഒരു ചെറുഗ്രാമത്തില്‍ നിന്നും മദിരാശിയിലെത്തി സിനിമാരംഗം പിടിച്ചടക്കിയ ഈ പെണ്‍കുട്ടിക്ക് എങ്ങനെ ഈ ദുരന്തമുണ്ടായി എന്നുള്ള അന്വേഷണവുമാണ് ചിത്രത്തിന്റെ കഥ.

4. ഒരു സി.ബി.ഐ ഡയറികുറിപ്പ് 1989

മറ്റു ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി കുപ്രസിദ്ധമായ പോളക്കുളം കേസിലെ സി.ബി.ഐ അന്വേഷണ രീതികളാണ് ഈ സിനിമയ്ക്ക് ഉപയോഗപ്പെടുത്തിയത്. മമ്മൂട്ടി നായകനായ ഈ ചിത്രം പിന്നീട് സി.ബി.ഐ സീരിസായി ഇറങ്ങുകയും ചെയ്തു.

4. ക്രൈംഫയല്‍ 1999

1992ല്‍ മരിച്ച സിസ്റ്റര്‍ അഭയാ കൊല കേസാണ് 1999 ല്‍ ഇറങ്ങിയ ക്രൈം ഫയല്‍ എന്ന ചിത്രത്തിന് ഇതിവൃത്തമായത്. സുരേഷ് ഗോപി, ജനാര്‍ദ്ധനന്‍, സംഗീത എന്നിവര്‍ പ്രധാനവേഷത്തില്‍ അഭിനയിച്ച ഈ ചിത്രം അഭയ കേസില്‍ വിധി പറയുന്നതിന് മുമ്പ് തന്നെ തിയേറ്ററുകളില്‍ എത്തുകയായിരുന്നു. പിന്നീട് കേസില്‍ വിധി വന്നപ്പോഴും മറ്റൊരു ചിത്രം പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് അതിന്റെ വിവരങ്ങള്‍ ഒന്നും പുറത്തുവന്നില്ല.

5.രാക്ഷസരാജാവ് 2001

ഒരു കുടുംബത്തിലെ അഞ്ചുപേരെ കൂട്ടക്കൊല ചെയ്ത സംഭവമായിരുന്നു ആലുവ മാഞ്ഞൂരാന്‍ കൊലക്കേസ് 2001 ജനുവരി ആറിനായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. ഈ കൊലപാതകത്തെ 2001 ല്‍ തന്നെ ഇറങ്ങിയ രാക്ഷസ രാജാവ് എന്ന സിനിമയില്‍ ഉപയോഗിച്ചു. ആറ്റുവ ഫാമിലി എന്നായിരുന്നു ചിത്രത്തില്‍ ഉപയോഗിച്ച പേര്.

6.കണിച്ചികുളങ്ങരയില്‍ സി.ബി.ഐ 2008

ഏറെ കോളിളക്കം സൃഷ്ടിച്ച കേസായിരുന്നു കണിച്ചികുളങ്ങരയിലെ കൊലപാതകങ്ങള്‍. ഒരു ലക്ഷത്തില്‍ അധികം ചിട്ടി നിക്ഷേപകരും 100 കോടി രൂപയുടെ സ്വത്തു വകകളുമുണ്ടായിരുന്ന ഹിമാലയ ഗ്രൂപ് കമ്പനികളുടെ ജനറല്‍ മാനേജര്‍ സ്ഥാനം രാജിവച്ച് എവറസ്റ്റ് ചിട്ടി ഫണ്ട് തുടങ്ങിയ രമേഷ്, സഹോദരി ലത, ഡ്രൈവര്‍ ഷംസുദ്ദീന്‍ എന്നിവര്‍ ആസൂത്രിത വാഹനാപകടത്തില്‍ കൊല്ലപ്പെട്ടതു 2005 ജൂലൈ ഇരുപതിനാണ്. ഹിമാലയയുടെ നിലനില്‍പിനു ഭീഷണിയാവുമെന്ന ചിന്തയായിരുന്നു കൊലയ്ക്കു കാരണം. ഇതിനെ അടിസ്ഥാനമാക്കി 2008 ലാണ് കണിച്ചികുളങ്ങരയില്‍ സി.ബി.ഐ എന്ന ചിത്രം ഇറങ്ങിയത്. മനോജ് കെ ജയന്‍, സുരേഷ് കൃഷ്ണ എന്നിവരാണ് പ്രധാനവേഷത്തില്‍ എത്തിയത്

7. ത്രില്ലര്‍, സിറ്റി ഓഫ് ഗോഡ് 2010, 2011

യുവ വ്യവസായി ആയ പോള്‍ മുത്തൂറ്റിന്റെ കൊലപാതകത്തെ ആസ്പദമാക്കിയണ് ഇരു ചിത്രങ്ങളും ഇറങ്ങിയത്. രണ്ട് ചിത്രങ്ങളിലും പൃഥ്വിരാജ് ആയിരുന്നു നായകന്‍. ബി ഉണ്ണികൃഷ്ണനാണ് ത്രില്ലര്‍ എന്ന പൊലീസ് ഇന്‍വസ്റ്റിഗേഷന്‍ മൂവി സംവിധാനം ചെയ്തത്. സിറ്റി ഓഫ് ഗോഡ് ലിജോ ജോസ് പെല്ലിശ്ശേരിയായിരുന്നു സംവിധാനം.

8. ബ്രേക്കിംഗ് ന്യൂസ് ലൈവ് 2013

സുധീര്‍ അമ്പലപ്പാട് സംവിധാനം ചെയ്ത് 2013-ല്‍ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ബ്രേക്കിങ് ന്യൂസ് ലൈവ്. വിനീത്, കാവ്യ മാധവന്‍, മൈഥിലി എന്നിവരാണ് പ്രധാനവേഷങ്ങളില്‍ അഭിനയിച്ചിരിക്കുന്നത്. ട്രെയിന് യാത്രക്കിടെ കൊല്ലപ്പെട്ട സൗമ്യ എന്ന പെണ്‍കുട്ടിയുടെ കഥയാണ് ബ്രേക്കിംഗ് ന്യൂസ് ലൈവ് എന്ന പേരില്‍ സിനിമയാക്കിയത്.

9. ചാലക്കുടിക്കാരന്‍ ചങ്ങാതി 2018

നടന്‍ കലാഭവന്‍ മണിയുടെ ദുരൂഹ മരണത്തിന് ശേഷം സംവിധായകന്‍ വിനയന്‍ പ്രഖ്യാപിച്ച ചിത്രമായിരുന്നു ചാലക്കുടിക്കാരന്‍ ചങ്ങാതി.

10. കുപ്രസിദ്ധ പയ്യന്‍ 2018

2012ല്‍ കേരളത്തിന്റെ മനസ്സാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു കോഴിക്കോട് മീഞ്ചന്തയ്ക്ക് അടുത്ത് നടന്ന ‘സുന്ദരിയമ്മ കൊലക്കേസ്’ . വട്ടക്കിണറിനടുത്ത് തന്റെ ഒറ്റമുറിവീട്ടില്‍ തനിച്ച് താമസിച്ചിരുന്ന സുന്ദരിയമ്മ എന്ന 69-കാരിയെ െഅജ്ഞാതന്‍ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു ഈ കേസ് ഇന്നും തെളിയിക്കപ്പെട്ടിട്ടില്ല.

സാഹചര്യ തെളിവുകളോടെ ക്രൈം ബ്രാഞ്ച് കുറ്റം ചുമത്തി അറസ്റ്റു ചെയ്ത ജയേഷ് എന്ന ചെറുപ്പക്കാരന്‍ ഒന്നര കൊല്ലത്തോളം കോഴിക്കോട് ജില്ലാ ജയിലില്‍ കഴിച്ച് കൂട്ടി. പിന്നീട് നിരപരാധിയെന്ന് തെളിഞ്ഞതോടെ ജയേഷിനെ കോടതി വെറുതെ വിട്ടു. ഈ കഥയാണ് മധുപാല്‍ ടൊവിനോ തോമസിനെ നായകനാക്കി ഒരു കുപ്രസിദ്ധപയ്യന്‍ എന്ന പേരില്‍ സിനിമയാക്കിയത്.

DoolNews Video

അശ്വിന്‍ രാജ്

ഡൂള്‍ന്യൂസ് സീനിയര്‍ സബ് എഡിറ്റര്‍, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദവും ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമയും പൂര്‍ത്തിയാക്കിയിട്ടുണ്ട്.