പാചകമറിയാത്തത് വിവാഹമോചനത്തിന് കാരണമല്ലെന്ന് ഹൈക്കോടതി
Kerala High Court
പാചകമറിയാത്തത് വിവാഹമോചനത്തിന് കാരണമല്ലെന്ന് ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 19th October 2023, 7:54 am

കൊച്ചി: പങ്കാളിക്ക് പാചകമറിയാത്തത് വിവാഹമോചനത്തിന് മതിയായ കാരണമല്ലെന്ന് ഹൈക്കോടതി. കുടുംബകോടതിയില്‍ വിവാഹമോചന ഹരജി തള്ളിയതിനെതിരെ തൃശൂര്‍ സ്വദേശിയായ യുവാവ് സമര്‍പ്പിച്ച അപ്പീല്‍ നിരസിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഭാര്യ പാചകം ചെയ്യാത്തതും ഭക്ഷണം ഉണ്ടാക്കി നല്‍കാത്തതും വിവാപമോചനത്തിന് കാരണമാകുന്ന ക്രൂരതകളില്‍ ഉള്‍പ്പെടില്ലെന്നാണ് കോടതിയുടെ വിലയിരുത്തല്‍. ജസ്റ്റിസുമാരായ അനില്‍ കെ.നരേന്ദ്രന്‍, സോഫി തോമസ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.

2012ല്‍ വിവാഹിതനായ തൃശൂര്‍ സ്വദേശിയായ യുവാവാണ് വിവാഹമോചനം ആവശ്യപ്പെട്ട് കുടുംബ കോടതിയെ സമീപിച്ചിരുന്നത്. ഈ ഹരജി തള്ളിയതിനെ തുടര്‍ന്നാണ് അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചത്. വിവാഹം കഴിഞ്ഞ് ഏഴ് മാസങ്ങള്‍ക്ക് ശേഷം ഭാര്യ വഴക്കിട്ട് പോയെന്നും ബന്ധുക്കളുടെ മുന്നില്‍ വെച്ച് തന്നെ അപമാനിച്ചു എന്നുമായിരുന്നു വിദേശത്ത് ജോലി ചെയ്തിരുന്ന യുവാവിന്റെ ഹരജിയിലുണ്ടായിരന്നത്.

വിദേശത്തെ തന്റെ തൊഴിലുടമക്ക് പങ്കാളി ഇമെയില്‍ അയച്ചെന്നും അത് തന്റെ ജോലി കളയാന്‍ വേണ്ടിയായിരുന്നു എന്നും ഹരജിക്കാരന്‍ വാദിച്ചു. ഒരിക്കല്‍ തന്റെ ശരീരത്തില്‍ തുപ്പിയതായും പറയുന്ന ഹരിജിക്കാരന്‍ നേരത്തെ വനിത സെല്ലിലും കോടതിയിലും പരാതി നല്‍കിയിരുന്നു.

എന്നാല്‍ ഹരജിക്കാരന്റെ വാദങ്ങളെ പങ്കാളി പൂര്‍ണമായും തള്ളി. ഭര്‍ത്താവിന്റെ പെരുമാറ്റ വൈകല്യത്തിന്റെ കാരണങ്ങള്‍ തേടിയാണ് തൊഴിലുടമക്ക് ഇമെയില്‍ അയച്ചതെന്നായിരുന്നു ഭാര്യയുടെ വിശദീകരണം. പ്രസ്തുത ഇമെയില്‍ പരിശോധിച്ച ഹൈക്കോടതി പങ്കാളിയുടെ വിശദീകരണം ശരിവെക്കുകയും ചെയ്തു.

ഭര്‍ത്താവ് തന്നെ ശാരീരികമായി അധിക്ഷേപിക്കുകയും മറ്റു സ്ത്രീകളുമായി താരതമ്യം ചെയ്യുകയും ചെയ്തിരുന്നതായും പങ്കാളി പറഞ്ഞു. ഭര്‍ത്താവിന്റെ അമ്മ വീട്ടില്‍ നിന്നും ഇറക്കി വിട്ടതാണെന്നും താന്‍ സ്വയം ഇറങ്ങിപ്പോയതല്ല എന്നും ഭാര്യ കോടതിയെ ബോധിപ്പിച്ചു.

ഭാര്യയുടെ വാദങ്ങള്‍ അംഗീകരിച്ച ഹൈക്കോടതി കുടുംബകോടതിയുടെ ഉത്തരവില്‍ അപാകതയില്ലെന്ന് കണ്ടെത്തി അപ്പീല്‍ തള്ളി.

content highlights; not knowing how to cook is not a reason for divorce: kerala high court