ആ പതിനാറ് തൊഴിലാളികൾ മാത്രമല്ല; 383 ജീവനുകളാണ് ലോക്ക് ഡൗണിൽ പൊലിഞ്ഞത്
national news
ആ പതിനാറ് തൊഴിലാളികൾ മാത്രമല്ല; 383 ജീവനുകളാണ് ലോക്ക് ഡൗണിൽ പൊലിഞ്ഞത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 10th May 2020, 4:00 pm

ന്യൂദൽഹി: കൊവിഡ് 19നെ തുടർന്ന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ലോക്ക് ഡൗണിൽ പൊലിഞ്ഞത് 383 ജീവനുകളെന്ന് കണക്കുകൾ. ഔറം​ഗാബാദിലെ ട്രെയിൻ അപകടത്തിൽ മരിച്ചവരുടെയും മധ്യപ്രദേശിലെ ട്രക്ക് അപകടത്തിൽ മരിച്ചവരെയും ഉൾപ്പെടുത്തിയാണിത്.

​ഗവേഷകരായ തേജേഷ് ജി.എൻ, കനിക ശർമ്മ, അമാൻ എന്നിവർ ചേർന്നാണ് കൊവിഡിനെ തുടർന്ന് സർക്കാർ പ്രഖ്യാപിച്ച ലോക്ക് ഡൗണിൽ വിവിധ സാഹചര്യങ്ങളിൽ മരണപ്പെട്ടവരുടെ പട്ടിക തയ്യാറാക്കിയത്. മരിച്ച 383 പേരിൽ 69 പേരും റെയിൽ , റോഡ് അപകടങ്ങളിലാണ് മരണപ്പെട്ടത്. പൊതു​ഗതാ​ഗത സംവിധാനങ്ങൾ നിലച്ചതോടെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് കൂടുതൽ പേരും മരിച്ചതെന്നാണ് ഇവർ പറയുന്നത്.

83 പേർ രോ​ഗബാധയുണ്ടാകുമോ എന്ന സംശയത്താലും ലോക്ക് ഡൗൺ ഉണ്ടാക്കിയ മാനസിക സംഘർഷത്തിലും ആത്മഹത്യ ചെയ്തുവെന്നാണ് ഇവരുടെ കണക്കുകൾ വ്യക്തമാക്കുന്നത്. മദ്യം ലഭിക്കാത്തതിനെ തുടർന്ന് 46 പേരാണ് മരണപ്പെട്ടത്. ഇതിൽ കൂടുതലും ആത്മഹത്യ ആയിരുന്നു.

ലോക്ക് ഡൗണിന് ശേഷമുള്ള പത്ര റിപ്പോർട്ടുകൾ ആസ്പദമാക്കിയാണ് ഇവർ വിവരങ്ങൾ ശേഖരിച്ചത്. റിപ്പോർ‍ട്ട് തയ്യാറാക്കാൻ നിരവധി വളണ്ടിയർമാരും ഇവരെ സഹായിച്ചു. പട്ടിണി കൊണ്ടും ചികിത്സ നിഷേധിച്ചതിനെ തുടർന്നും ജീവൻ നഷ്ടമായവരും ഈ കണക്കിൽ ഉൾപ്പെടുന്നുണ്ട്.

വിവരങ്ങൾ തയ്യാറാക്കുന്നതിന് ​ഗൂ​ഗിൾ സെർച്ചും ഉപയോ​ഗിച്ചിട്ടുണ്ടെന്ന് ​ഗവേഷകർ പറയുന്നു. കൂടാതെ വിവിധ നാടുകളിൽ താമസിക്കുന്ന ആളുകളുമായി സഹകരിച്ചുമാണ് വ്യത്യസ്ത സംസ്ഥാനങ്ങളിലെ ലോക്ക് ഡൗണുമായി ബന്ധപ്പെട്ട മരണത്തിന്റെ കണക്കുൾ ഇവർ ശേഖരിച്ചത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക