| Tuesday, 27th August 2019, 12:49 pm

മമതയ്ക്കുമേല്‍ പിടിമുറുക്കി കേന്ദ്ര അന്വേഷണ ഏജന്‍സികള്‍; രാജീവ് കുമാറിനു പിറകേ മമതയുടെ സുരക്ഷാ ഉപദേഷ്ടാവിനും പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും എതിരെ അന്വേഷണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: ചിട്ടിതട്ടിപ്പ് കേസുകളുമായി ബന്ധപ്പെട്ട് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായി അടുത്ത ബന്ധമുള്ള കൂടുതല്‍ ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥര്‍ അന്വേഷണപരിധിയില്‍. മമതയുടെ സുരക്ഷാ ഉപദേഷ്ടാവ് സുരജിത് കര്‍ പുര്‍കയാസ്ത, ബംഗാള്‍ മുന്‍ ആഭ്യന്തര സെക്രട്ടറി അത്രി ഭട്ടാചാര്യ എന്നിവരാണ് ഇപ്പോള്‍ സി.ബി.ഐയുടെ അന്വേഷണപരിധിയിലുള്ളത്.

നേരത്തേ കൊല്‍ക്കത്ത മുന്‍ പൊലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെ കസ്റ്റഡിയിലെടുക്കാന്‍ സി.ബി.ഐ ഉദ്യോഗസ്ഥര്‍ കൊല്‍ക്കത്തയിലെത്തിയതു വന്‍ വിവാദമായിരുന്നു.

അതേസമയം മമതയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഗൗതം സന്യാലിനെതിരെ ഒരു പൊതുമേഖലാ സ്ഥാപനത്തിലെ ഓഹരി വിറ്റതിന്റെ പേരില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

അത്രി ഭട്ടാചാര്യയെ കഴിഞ്ഞയാഴ്ച സി.ബി.ഐ ചോദ്യം ചെയ്തിരുന്നു. ശാരദാ ചിട്ടി തട്ടിപ്പ് കേസിലായിരുന്നു ഇത്. സുരജിത് കര്‍ പുര്‍കയാസ്തയ്‌ക്കെതിരെ നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ടാണ് കേസ്.

ഇന്ത്യയിലെ ആദ്യ പൊതു-സ്വകാര്യ പദ്ധതിയായ മെട്രോ ഡയറിയില്‍ സംസ്ഥാന സര്‍ക്കാരിനുണ്ടായിരുന്ന ഓഹരി 2017-ല്‍ വിറ്റഴിച്ചതിനാണ് കാബിനറ്റ് സെക്രട്ടേറിയറ്റ് സര്‍വീസില്‍ നിന്നു വിരമിച്ച ഉദ്യോഗസ്ഥനായ പുര്‍കയാസ്തിക്കെതിരെ അന്വേഷണം പുറപ്പെടുവിച്ചിരിക്കുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

2018 മേയ് മുതല്‍ മമതയുടെ സുരക്ഷാ ഉപദേഷ്ടാവാണ് പുര്‍കയാസ്ത. കൊല്‍ക്കത്ത പൊലീസ് കമ്മീഷണര്‍, സി.ഐ.ഡി ഡയറക്ടര്‍ ജനറല്‍ എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്. നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട രേഖകള്‍ കാണാതായതുമായി ബന്ധപ്പെട്ടും അദ്ദേഹത്തിനെതിരെ കേസുണ്ട്.

മെട്രോ ഡയറിയുടെ 47 ശതമാനം ഓഹരി, അതായത് 85.5 കോടി രൂപയാണ് വിറ്റഴിച്ചത്. കെവെന്റര്‍ അഗ്രോ ലിമിറ്റഡിനാണ് ഇതു വിറ്റത്. ഇതോടെ നൂറു ശതമാനം ഓഹരിയും കെവെന്ററിന്റേതായി മാറി.

ഇപ്പോഴത്തെ കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി കൊല്‍ക്കത്ത ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത പൊതുതാത്പര്യഹര്‍ജിയാണ് അന്വേഷണത്തിനു തുടക്കമിടാന്‍ കാരണമായത്.

മെട്രോ ഡയറിയെ സ്വകാര്യവത്കരിക്കാനുള്ള തീരുമാനം മമത വിളിച്ചുചേര്‍ത്ത യോഗത്തിലാണുണ്ടായത്. ഇതിനു ശേഷം കെവെന്റര്‍ വന്‍ തോതില്‍ സിംഗപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു കമ്പനിയില്‍ നിന്ന് ഫണ്ട് സ്വീകരിച്ചെന്നും അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥരെ മറികടന്നാണ് 2017 ജൂണില്‍ ഭട്ടാചാര്യ ആഭ്യന്തര സെക്രട്ടറിയായത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഏര്‍പ്പെടുത്തിയ സുരക്ഷാ സംവിധാനങ്ങളില്‍ ഇടപെട്ടതിന് അദ്ദേഹത്തെ ഈവര്‍ഷം മേയില്‍ തത്സ്ഥാനത്തു നിന്നു നീക്കിയത്.

ഈ ഫെബ്രുവരിയിലാണ് കൊല്‍ക്കത്ത പൊലീസ് കമ്മീഷണറായിരുന്ന രാജീവ് കുമാറിനെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുക്കാന്‍ സി.ബി.ഐ കൊല്‍ക്കത്തയില്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തിയത്.

എന്നാല്‍ സി.ബി.ഐ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തുകൊണ്ടുള്ള സംസ്ഥാന സര്‍ക്കാര്‍ നടപടി വിവാദമാകുകയായിരുന്നു. രാജീവ് കുമാര്‍ നിലവില്‍ സി.ഐ.ഡി അഡീഷണല്‍ ഡയറക്ടര്‍ ജനറലാണ്. ശാരദാ ചിട്ടി തട്ടിപ്പുകേസില്‍ ആരോപണ വിധേയനാണ് അദ്ദേഹം.

We use cookies to give you the best possible experience. Learn more