ന്യൂദല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നേരിട്ട പരാജയത്തിന് പിന്നാലെ മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന് പ്രതീക്ഷിച്ച ഫലം ലഭിച്ചിരുന്നില്ല. ഇതിന് പിന്നാലെ പാര്‍ട്ടിയെ ഈ ശോചനാവസ്ഥയില്‍ നിന്നും കരകയറ്റാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. അതിനായി രാജ്യത്താകമാനം പ്രവര്‍ത്തനം മെച്ചപ്പെടുത്താനുള്ള വഴികള്‍ ആലോചിക്കുകയാണ് പാര്‍ട്ടി.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ പാര്‍ട്ടിയുടെ നിരവധി നേതാക്കള്‍ ഉയര്‍ത്തിയ വിഷയം ഇരു സംസ്ഥാനങ്ങളിലേയും തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ചായിരുന്നു. വിവിധ സംസ്ഥാനങ്ങളുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിമാരുടേയും വിവിധ വകുപ്പ് മേധാവികളുടേയും യോഗമാണ് നടന്നത്.
ഇവിടെ പാര്‍ട്ടിയുടെ മെച്ചപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കായി ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധി ചില നിര്‍ണ്ണായക നിര്‍ദേശങ്ങളും മുന്നോട്ട് വെക്കുന്നുണ്ട്. പരമ്പരാഗത രീതിയില്‍ നിന്നും മാറണമെന്നും നിലവിലെ അവസ്ഥയില്‍ നിന്നും മെച്ചപ്പെടാന്‍ ജനകീയ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കണമെന്നുമാണ് പ്രിയങ്കയുടെ നിര്‍ദേശം.
കോണ്‍ഗ്രസ് നിലവില്‍ പിന്തുടരുന്ന പദയാത്ര രീതികളില്‍ നിന്നും മാറി സോന്‍ഭദ്ര കൂട്ടക്കൊല, റായ്ബറേലിയില്‍ വ്യവസായ ശാലകള്‍ അടച്ചുപൂട്ടിയ നടപടിപോലുള്ള ജനകീയ പ്രശ്‌നങ്ങള്‍ ഏറ്റെടുത്ത് പ്രവര്‍ത്തിക്കണമെന്ന് പ്രിയങ്ക പറഞ്ഞതായി കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പറഞ്ഞു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
എന്നാല്‍ കഴിഞ്ഞ യോഗങ്ങളിലെല്ലാം മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ പേര് പരാമര്‍ശിക്കപ്പെട്ടിരുന്നെങ്കിലും ഇത്തവണ ഒറ്റത്തവണയാണ് യോഗത്തില്‍ രാഹുലിന്റെ പേര് ഉയര്‍ന്നത്. ഒരു കോണ്‍ഗ്രസ് നേതാവ് മാത്രമാണ് രാഹുല്‍ ഗാന്ധിയുടെ പേര് പരാമര്‍ശിച്ചതെന്നും അമിത്ഷായുടെ മകന്‍ ജെയ്ഷായെക്കുറിച്ചുള്ള ട്വീറ്റിനെക്കുറിച്ചായിരുന്നു അതെന്നും കോണ്‍ഗ്രസ് നേതാവ് വ്യക്തമാക്കി.
അതേസമയം ജനപിന്തുണ ലഭിക്കുന്നതിനായി പാര്‍ട്ടി വ്യത്യസ്ത ആലോചനകള്‍ നടത്തേണ്ടതിനെക്കുറിച്ചും നേതാക്കള്‍ ചര്‍ച്ച ചെയ്തതായി വ്യക്തമാക്കുന്നു.
‘ഒരു ഉത്തരവാദിത്തപ്പെട്ട പ്രതിപക്ഷം എന്ന നിലയില്‍ നമ്മള്‍ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കേണ്ടതുണ്ട്. സോണിയാഗാന്ധി എല്ലാവരുടേയും നിര്‍ദേശങ്ങള്‍ സ്വീകരിച്ചെന്നും’ കോണ്‍ഗ്രസ് നേതാവ് ശക്തിസിംഗ് ഗോഹില്‍ പറഞ്ഞു.
ഹരിയാനയിലേയും മഹാരാഷ്ട്രയിലേയും തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത് വോട്ടര്‍മാര്‍ക്ക് കോണ്‍ഗ്രസിന് വോട്ട് ചെയ്യാന്‍ താല്‍പര്യമുണ്ടെന്നാണെന്നും രാമക്ഷേത്രം, ഏകീകൃത സിവില്‍കോഡ് വിഷയങ്ങളില്‍ ബി.ജെ.പിയുടെ പ്രചാരണ സമാന്തരമായ പ്രചാരണം നടത്തണമെന്നും പാര്‍ട്ടി തീരുമാനിച്ചതായി കോണ്‍ഗ്രസ് നേതാവ് വ്യക്തമാക്കി.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ