തൃശൂർ: 126 കോടി രൂപയുടെ നികുതി വെട്ടിപ്പിന് സംസ്ഥാന ജി.എസ്.ടി വകുപ്പ് കേസ് ചുമത്തിയ ഹൈറിച്ച് ഓൺലൈൻ ഷോപ്പ് പ്രൈവറ്റ് ലിമിറ്റഡിനെതിരെ സംസ്ഥാനത്തുടനീളം നിരവധി കേസുകൾ.
126 കോടി രൂപയുടെ നികുതി വെട്ടിപ്പിന് പുറമേ സ്ഥാപനം 125 കോടി രൂപയുടെ പിഴ അടക്കാനുണ്ടെന്നും ജി.എസ്.ടി വകുപ്പ് പറയുന്നു.
ഹൈറിച്ചിന്റെയും ഡയറക്ടർമാരായ പ്രതാപൻ കോലാട്ട് ദാസൻ, സഹസ്ഥാപകൻ ശ്രീന പ്രതാപൻ എന്നിവരുടെയും സ്വത്തുക്കളും ബാങ്ക് അക്കൗണ്ടുകളും താത്കാലികമായി കണ്ടുകെട്ടാൻ തൃശൂർ ജില്ലാ കളക്ടർ ഉത്തരവിട്ടു.
കമ്പനി മണി ചെയിൻ തട്ടിപ്പ് നടത്തുന്നുവെന്ന് ആരോപിച്ച് റിട്ട. എസ്.പി പി.എ. വത്സൻ നൽകിയ പരാതിയിൽ കോടതി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ പരാതിയിൽ അന്വേഷണ നടപടികളിൽ ഉണ്ടാകാത്തതിനെ തുടർന്നാണ് ഇദ്ദേഹം തൃശൂർ ജൂഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്.
കോടതി നിർദ്ദേശത്തെ തുടർന്ന് ചേപ്പ് എസ്.എച്ച്.ഒ, ബാനിങ് ഓഫ് അൺറഗുലേറ്റഡ് ഡെപ്പോസിറ്റ് സ്കീം (ബഡ്സ്) നിരോധന നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് പ്രാഥമിക അന്വേഷണം നടത്തി റിപ്പോർട്ട് ആഭ്യന്തരവകുപ്പിന് നൽകിയിരുന്നു. ഈ റിപ്പോർട്ടിനെ തുടർന്നാണ് സ്ഥാപനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ കളക്ടർ ഉത്തരവിട്ടത്.
ഡിസംബർ ഒന്നിന് കേരള ജി.എസ്.ടി ഇന്റലിജൻസ് വിഭാഗം ഡയറക്ടർ പ്രതാപൻ കോലാട്ട് ദാസനെ അറസ്റ്റ് ചെയ്തു.
സ്ഥാപനത്തിനെതിരെ 2021 മുതൽ 13 കേസുകൾ രജിസ്റ്റർ ചെയ്തിട്ടും പൊലീസിന്റെ ഭാഗത്ത് നിന്ന് യാതൊരു നടപടികളും ഉണ്ടായില്ലെന്ന് പി.എ. വത്സൻ ആരോപിച്ചു.
ജനുവരിയിൽ ആൾമാറാട്ടം നടത്തിയതിന് ഹൈറിച്ചിനെതിരെ സുൽത്താൻ ബത്തേരി പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.
Content Highlight: Not just GST evasion, Highrich booked in multiple cases since 2021