| Sunday, 22nd March 2020, 10:11 am

'ഞങ്ങള്‍ക്ക് വേണ്ടത് കൈയ്യടികളല്ല, സുരക്ഷാസംവിധാനങ്ങള്‍ തരൂ...' മോദിയെ തള്ളി ആരോഗ്യപ്രവര്‍ത്തകര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കൊറോണ വൈറസ് വ്യാപനകാലത്ത് പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരെ അഭിനന്ദിക്കാന്‍ ഞായറാഴ്ച വൈകീട്ട് അഞ്ച് മണിക്ക് രാജ്യത്തെ പൗരന്മാര്‍ പാത്രങ്ങള്‍ കൂട്ടിയടിക്കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ തള്ളി രാജ്യത്തെ ഒരുകൂട്ടം ആരോഗ്യപ്രവര്‍ത്തകര്‍.

ട്വിറ്റലൂടെയാണ് ഒരു കൂട്ടം ആരോഗ്യപ്രവര്‍ത്തകര്‍ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തിയത്.

കൈയ്യടികള്‍ അല്ല വേണ്ടത് പകരം ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ ക്ഷേമം ഉറപ്പാക്കുന്നതിന് പ്രധാനമന്ത്രിയുടെ ആത്മാര്‍ത്ഥമായ ശ്രമമാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നാണ് പ്രതികരണങ്ങള്‍.

നിരവധിപേരാണ് ഈ ആവശ്യം പറഞ്ഞുകൊണ്ട് ട്വിറ്ററില്‍ പോസ്റ്റുകള്‍ ഇട്ടിരിക്കുന്നത്.

”ഞാന്‍ ഒരു സര്‍ക്കാര്‍ സര്‍ജനാണ്. എനിക്ക് ഒരുപക്ഷേ കൊവിഡ് ബാധിച്ചിട്ടുണ്ടാകാം. എനിക്ക് അറിയില്ല. എനിക്ക് ഇതുവരെ ടെസ്റ്റ് നടത്തിയിട്ടില്ല”, എന്നാണ് ഒരാളുടെ ട്വീറ്റ്.

എനിക്ക് താങ്കളുടെ കൈയ്യടിയല്ല വേണ്ടത്. എന്റെ ക്ഷേമം ഉറപ്പ് വരുത്താന്‍ താങ്കളുടെഭാഗത്തു നിന്നുണ്ടാകുന്ന ആത്മാര്‍ത്ഥ ശ്രമമാണ് ആവശ്യം. സുരക്ഷക്കുള്ള ഉപകരണങ്ങളും സര്‍ക്കാറിന്റെ ഭാഗത്തു നിന്ന് മികച്ച സമീപനവുംമാണ് വേണ്ടത്. എനിക്ക് താങ്കളുടെ പ്രവൃത്തിയില്‍ വിശ്വാസം ഉണ്ടാകണം. നന്നായി ചെയ്യൂ എന്നും ട്വീറ്റില്‍ പറയുന്നുണ്ട്.

ആരോഗ്യ രംഗത്ത് പ്രവൃത്തിക്കുന്നവര്‍ക്ക് സുരക്ഷയ്ക്ക് ഉപകരണങ്ങള്‍ ഇല്ലെന്നും നഴ്‌സുമാര്‍ക്കും ടെക്‌നീഷ്യന്‍മാര്‍ക്കും ഡോക്ടര്‍മാര്‍ക്കും അവര് അനുഭവിക്കേണ്ടി വരുന്ന ദുരിതങ്ങള്‍ പറയാന്‍ പറ്റില്ലെന്നും മറ്റൊരു ട്വീറ്റില്‍ പറയുന്നു.

കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ രാജ്യത്ത് ഞായറാഴ്ച ജനതാ കര്‍ഫ്യൂ നടത്താന്‍ മോദി ആഹ്വാനം ചെയ്തിരുന്നു. വൈകുന്നേരം അഞ്ച് മണിക്ക്
ആരോഗ്യ പ്രവര്‍ത്തകരെ അഭിനന്ദിക്കാന്‍ രാജ്യത്തെ പൗരന്മാര്‍ പാത്രങ്ങള്‍ കൂട്ടിയടിക്കണമെന്നും മോദി പറഞ്ഞിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more