| Thursday, 20th August 2015, 3:15 pm

ഹനീഫ വധത്തില്‍ പങ്കില്ലെന്ന് മന്ത്രി സി.എന്‍ ബാലകൃഷ്ണന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: ചാവക്കാട് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ തനിക്ക് പങ്കില്ലെന്ന് സഹകരണ വകുപ്പ് മന്ത്രി സി.എന്‍ ബാലകൃഷ്ണന്‍. കൊലപാതകത്തില്‍ തനിക്ക് പങ്കുണ്ടെന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണ്. പോലീസ് അന്വേഷണം നടക്കട്ടെ, തെറ്റ് ചെയ്തവര്‍ ശിക്ഷിക്കപ്പെടണമെന്നാണ് തന്റെ നിലപാടെന്നും മന്ത്രി വ്യക്തമാക്കി.

60 കൊല്ലമായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന താനൊരു ഗ്രൂപ്പുകാരനല്ല, മന്ത്രിയാണ്. ഡി.സി.സി പ്രസിഡന്റ് ആയിരുന്ന കാലത്ത് പോലും എതിരാളികളോട് മാന്യമായാണ് പെരുമാറിയത്. സി.എന്‍ ബാലകൃഷ്ണനെ കുറിച്ച് തൃശൂരില്‍ അന്വേഷിച്ചാല്‍ മതിയെന്നും മന്ത്രി പറഞ്ഞു.

കൊലപാതകത്തിന് പിന്നില്‍ മന്ത്രി സി.എന്‍ ബാലകൃഷ്ണനും കോണ്‍ഗ്രസ് ഗുരുവായൂര്‍ മുന്‍ ബ്ലോക്ക് പ്രസിഡന്റ് ഗോപ പ്രതാപനുമാണെന്ന് ഹനീഫയുടെ മാതാവ് ആയിഷാബി ഡി.ജി.പിക്ക് കഴിഞ്ഞ ദിവസം പരാതി നല്‍കിയിരുന്നു. ഗോപ പ്രതാപനേയും സി.എന്‍ ബാലകൃഷ്ണനേയും എതിര്‍ക്കാനായോടാ എന്ന് വിളിച്ച് പറഞ്ഞാണ് അക്രമികള്‍ ഹനീഫയെ കുത്തി വീഴ്ത്തിയതെന്ന് അയിഷാബീയുടെ പരാതിയില്‍ പറഞ്ഞിരുന്നു.

ആഗസ്റ്റ് 8നായിരുന്നു യൂത്ത് കോണ്‍ഗ്രസ് (എ) വിഭാഗം പ്രവര്‍ത്തകനായിരുന്ന ഹനീഫയെ ഐ ഗ്രൂപ്പ് ഗുണ്ടകള്‍ വീട്ടില്‍ കയറി സ്വന്തം മാതാവിന്റെ മുന്നില്‍ വെച്ച് കൊലപ്പെടുത്തിയിരുന്നത്.

We use cookies to give you the best possible experience. Learn more