കോട്ടയം: സജീവ രാഷ്ട്രീയത്തിലേക്കില്ലെന്ന് വ്യക്തമാക്കി ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്‍. ഇപ്പോള്‍ നടക്കുന്നത് അനാവശ്യ വിവാദങ്ങള്‍ ആണെന്നും ഇനിയങ്ങോട്ട് ഉമ്മന്‍ ചാണ്ടിയുടെ മകളായി ജീവിക്കാനാണ് ആഗ്രഹിക്കുന്നതെന്നും അവര്‍ പറഞ്ഞു.
വീട്ടിലെ രാഷ്ട്രീയക്കാരന്‍ ചാണ്ടി ഉമ്മന്‍ ആണെന്നും അച്ചു ഉമ്മന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
‘ഞാനിത്രയും കാലം ജീവിച്ചത് ഉമ്മന്‍ ചാണ്ടിയുടെ തണലിലാണ്. ഇനിയങ്ങോട്ട് അദ്ദേഹത്തിന്റെ മകളായി മാത്രം ജീവിക്കാനാണ് എനിക്ക് ആഗ്രഹം. സജീവമായ രാഷ്ട്രീയത്തില്‍ വരാന്‍ ഉദ്ദേശമില്ല, എനിക്ക് അത്തരത്തില്‍ ഒരു ആഗ്രഹവുമില്ല. ഞാന്‍ വിദേശത്ത് താമസിക്കുന്ന ഒരു വ്യക്തിയാണ്, എന്റെ കുടുംബം അവിടെയാണുള്ളത്. ഞാന്‍ സജീവ രാഷ്ട്രീയത്തിലേക്കില്ല. പാര്‍ട്ടിയാണ് അത്തരം കാര്യങ്ങളൊക്കെ തീരുമാനിക്കുക. വീട്ടില്‍ അപ്പ കഴിഞ്ഞാലുള്ള രാഷ്ട്രീയക്കാരന്‍ ചാണ്ടിയാണ്,’ അച്ചു ഉമ്മന്‍ പറഞ്ഞു.
ഉമ്മന്‍ ചാണ്ടിയുടെ യാത്രയയപ്പ് കണ്ടപ്പോഴാണ് ജനമനസുകളില്‍ അദ്ദേഹത്തിന് ഇത്രയധികം സ്ഥാനമുണ്ടായിരുന്നെന്ന് മനസിലാക്കിയതെന്നും അച്ചു ഉമ്മന്‍ പറഞ്ഞു.
‘അപ്പ പോകുന്നിടത്തെല്ലാം ആള്‍ക്കൂട്ടം ഉണ്ടാകാറുണ്ട്. ആള്‍ക്കൂട്ടത്തിനിടയിലാണ് എപ്പോഴും ഉമ്മന്‍ ചാണ്ടി. പക്ഷെ അപ്പയുടെ യാത്രയയപ്പ് കണ്ടപ്പോഴാണ് ഇത്രയധികം ആളുകളുടെ ഹൃദയത്തില്‍ ആഴത്തില്‍ ഇറങ്ങിയ ഒരു സ്‌നേഹമാണ് ഉമ്മന്‍ ചാണ്ടിയോട് ഉള്ളതെന്ന് മനസിലായത്. കൈക്കുഞ്ഞുങ്ങള്‍, സ്ത്രീകള്‍, രോഗപ്രശ്‌നങ്ങള്‍ ഉള്ളവര്‍, വാര്‍ധക്യമുള്ളവര്‍ എല്ലാവരും വെളുപ്പിന് മൂന്ന് മണിക്കൊക്കെ അപ്പയെ കാണാന്‍ വന്ന് നില്‍ക്കുകയാണ്. അത് കണ്ടപ്പോഴാണ് ജനമനസില്‍ എത്രത്തോളം അദ്ദേഹം ഉണ്ടെന്ന് മനസിലാക്കാന്‍ സാധിക്കുന്നത്,’ അച്ചു ഉമ്മന്‍ പറഞ്ഞു.