'ഭയപ്പെടുത്താനാകില്ല'; അസം മുഖ്യമന്ത്രിയുടെ നടപടികൾ ന്യായ് യാത്രക്ക് പബ്ലിസിറ്റി നൽകുന്നുണ്ടെന്ന് രാഹുൽ ഗാന്ധി
national news
'ഭയപ്പെടുത്താനാകില്ല'; അസം മുഖ്യമന്ത്രിയുടെ നടപടികൾ ന്യായ് യാത്രക്ക് പബ്ലിസിറ്റി നൽകുന്നുണ്ടെന്ന് രാഹുൽ ഗാന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 23rd January 2024, 9:08 pm

ദിസ്പൂർ: തന്നെ ഭയപ്പെടുത്താൻ കഴിയില്ലെന്നും ലോകം മുഴുവൻ എതിർത്താലും സത്യത്തിന് വേണ്ടി പൊരുതുമെന്നും കോൺഗ്രസ്‌ നേതാവ് രാഹുൽ ഗാന്ധി.

താൻ സന്തോഷവാനാണെന്നും യാത്രയെ തകർക്കാനുള്ള ബി.ജെ.പിയുടെ ശ്രമങ്ങൾ കൂടുതൽ പബ്ലിസിറ്റി ലഭിക്കുന്നതിനായി സഹായിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആൾക്കൂട്ടത്തെ പ്രകോപിപ്പിച്ചതിന് രാഹുൽ ഗാന്ധിക്കെതിരെ കേസെടുക്കുവാൻ അസം മുഖ്യമന്ത്രി ഹമന്ദ ബിശ്വ ശർമ, ഡി.ജി.പിക്ക് നിർദേശം നൽകിയിരുന്നു.

‘നേരത്തെ നടത്തിയ യാത്രയുടെ അനുഭവം ബി.ജെ.പിക്കുണ്ട്. കന്യാകുമാരിയിൽ നിന്ന് യാത്ര ആരംഭിച്ചപ്പോൾ അവർ കരുതിയത് അതിന് യാതൊരു സ്വാധീനവുമുണ്ടാക്കാൻ കഴിയില്ല എന്നാണ്. എന്നാൽ പതിയെ അതിന്റെ ആഘാതം വർദ്ധിക്കുകയും ജമ്മു കശ്മീരിൽ എത്തിയപ്പോഴേക്കും പാരമ്യത്തിൽ എത്തുകയും ചെയ്തു.

ഇപ്പോൾ അവർ ആദ്യം തന്നെ അതിനെ തകർക്കുവാൻ ആണ് ഉദ്ദേശിക്കുന്നത്. എന്നാൽ പ്രശ്നം എന്താണെന്ന് വെച്ചാൽ യാത്ര തകർക്കാൻ ശ്രമിക്കുന്നതിലൂടെ അവർ അതിനെ സഹായിക്കുകയാണ് ചെയ്യുന്നത്.

സത്യം പറഞ്ഞാൽ അവർ എന്റെ യാത്ര തടയണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. ഞാൻ കോളേജുകളിൽ പോകുമ്പോൾ അവർ എന്നെ തടയണം. വിവാഹത്തിലെ കോളേജിൽ അവർ എന്നെ തടഞ്ഞപ്പോൾ ഞാൻ പുറത്തുവച്ചാണ് വിദ്യാർത്ഥികളുമായി സംസാരിച്ചത്. അത് രാജ്യം മുഴുവൻ കണ്ടു, അതുകൊണ്ട് ഞാൻ സന്തോഷവാനാണ്.

അതുകൊണ്ട് നിങ്ങൾ എത്ര വേണമെങ്കിലും യാത്രയെ തടയാൻ ശ്രമിച്ചോളൂ. ഞങ്ങൾ അത് ആസ്വദിക്കുന്നുണ്ട്. അത് ഞങ്ങൾക്ക് ഗുണം ചെയ്യും,’ വാർത്ത സമ്മേളനത്തിൽ രാഹുൽ ഗാന്ധി പറഞ്ഞു.

തനിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതിലൂടെ അവരുടെ ഹൃദയങ്ങളിലെ ഭയമാണ് പ്രകടമായതെന്നും അദ്ദേഹം പറഞ്ഞു.

ഭാരത് ജോഡോ യാത്ര അസമിലെത്തിയതിന് പിന്നാലെ തുടർച്ചയായി രാഹുൽ ഗാന്ധിയെ പലയിടങ്ങളിലും തടഞ്ഞിരുന്നു. ഗുവാഹത്തിയിൽ പ്രവേശിക്കുന്നതിൽ നിന്ന് തടഞ്ഞതിന് പിന്നാലെ കോൺഗ്രസ്‌ പ്രവർത്തകർ മുദ്രാവാക്യം ഉയർത്തുകയും ബാരിക്കേഡുകൾക്ക് നേരെ പാഞ്ഞടുക്കുകയും ചെയ്തിരുന്നു.

ഗുവാഹത്തിയിലെ സ്വകാര്യ സർവകലാശാലയിൽ തന്നെ തടയാൻ നിർദേശം നൽകിയത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു.

Content Highlight: ‘Not intimidated’: Rahul hits back at Himanta, says Assam CM’s actions helping yatra get publicity