ബെംഗളൂരു: ഇന്ത്യയുടെ ഭരണം പിടിക്കാനല്ല പ്രതിപക്ഷ പാര്‍ട്ടി യോഗമെന്നും ഇവിടെ ജനാധിപത്യം തിരികെ കൊണ്ടുവരാനാണ് ഞങ്ങളുടെ കൂട്ടായ്മയെന്നും കോണ്‍ഗ്രസ് ദേശീയാധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. കോണ്‍ഗ്രസിന് അധികാരം നേടുന്നതിനോ പ്രധാനമന്ത്രി പദവി നേടിയെടുക്കാനോ താല്‍പര്യമില്ലെന്നും ഖാര്‍ഗെ പറഞ്ഞു. ബെംഗളൂരുവില്‍ പ്രതിപക്ഷ കൂട്ടായ്മയുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഈ യോഗത്തിന്റെ ലക്ഷ്യം അധികാരം നേടുകയല്ല, മറിച്ച് ജനാധിപത്യം, മതേതരത്വം, സാമൂഹ്യനീതി എന്നിവയെ സംരക്ഷിക്കുകയാണ്. ബെംഗളൂരുവില്‍ 26 പ്രതിപക്ഷ പാര്‍ട്ടികളും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാന്‍ ഒത്തുചേര്‍ന്നതില്‍ സന്തോഷമുണ്ട്. ഞങ്ങളൊന്നിച്ച് 11 സംസ്ഥാനങ്ങളില്‍ ഭരണത്തിലുണ്ട്.
പ്രതിപക്ഷ ഐക്യത്തെ തകര്‍ക്കാന്‍ എല്ലാ ആയുധങ്ങളും ബി.ജെ.പി പ്രയോഗിക്കുകയാണ്. എന്നാല്‍ രാജ്യത്തെ പുരോഗതിയിലേക്കും ക്ഷേമത്തിലേക്കും യഥാര്‍ത്ഥ ജനാധിപത്യത്തിലേക്കും തിരിച്ചെത്തിക്കാന്‍ നമുക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പി ഒറ്റയ്ക്കല്ല കഴിഞ്ഞ തവണ 303 സീറ്റുകള്‍ നേടിയത്. സഖ്യ കക്ഷികളുടെ വോട്ടിന്റെ ബലത്തില്‍ അധികാരത്തിലെത്തിയ ശേഷം ബി.ജെ.പി അവരെ തള്ളിപ്പറയുകയായിരുന്നു.
ബി.ജെ.പി അധ്യക്ഷനും അവരുടെ നേതാക്കളും തങ്ങളുടെ പഴയ സഖ്യകക്ഷികളുമായി വീണ്ടും ഒത്തുചേരാന്‍ സംസ്ഥാനങ്ങളില്‍ നിന്ന് സംസ്ഥാനങ്ങളിലേക്ക് ഓടുകയാണ്. ഇവിടെ കാണുന്ന ഐക്യം അടുത്ത വര്‍ഷം തങ്ങളുടെ തോല്‍വിയില്‍ കലാശിക്കുമോ എന്ന ഭയത്തിലാണ് അവര്‍.
സംസ്ഥാന രാഷ്ട്രീയത്തില്‍ ചിലര്‍ക്കൊക്കെ അഭിപ്രായ വ്യത്യാസങ്ങളുണ്ടാകും. അതൊന്നും പ്രത്യയശാസ്ത്ര പ്രശ്‌നമല്ല. പട്ടിണി പാവങ്ങള്‍, ദളിതുകള്‍, ആദിവാസികള്‍, ന്യൂനപക്ഷങ്ങള്‍, യുവാക്കള്‍, മധ്യവര്‍ഗം, സാധാരണക്കാര്‍ എന്നിവരുടെ അവകാശങ്ങളെ, നിശബ്ദമായി ഞെരിച്ചമര്‍ത്തുമ്പോള്‍ നമുക്കത് കാണാനിരിക്കാനാവില്ല,’ ഖാര്‍ഗെ പ്രതിപക്ഷ യോഗത്തില്‍ പറഞ്ഞു.