| Sunday, 23rd July 2023, 5:23 pm

രാഷ്ട്രീയ സ്ഥാനമാനങ്ങള്‍ക്ക് താല്‍പര്യമില്ല; ഇനി മത്സരിക്കാന്‍ പോലും ആഗ്രഹിക്കുന്നില്ല: ഇ.പി ജയരാജന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: തനിക്ക് രാഷ്ട്രീയ സ്ഥാനമാനങ്ങള്‍ക്കുള്ള താല്‍പര്യമൊന്നും ഇപ്പോളില്ലെന്നും തെരഞ്ഞെടുപ്പില്‍ പോലും മത്സരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍. തന്റെ താല്‍പര്യക്കുറവിന് പ്രത്യേകിച്ച് കാരണങ്ങളൊന്നും ഇല്ലെന്നും ന്യൂസ് 18ന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.

‘എനിക്ക് രാഷ്ട്രീയത്തില്‍ സ്ഥാനമാനങ്ങള്‍ക്ക് വേണ്ടിയുള്ള താല്‍പര്യങ്ങളൊക്കെ കുറഞ്ഞ് പോയി. പ്രത്യേകിച്ചും എം.പി, എം.എല്‍.എ എന്നിവയോടൊക്കെ. ഇപ്പോള്‍ അത്തരം കാര്യങ്ങളെ കുറിച്ച് ചിന്തിക്കുന്നേയില്ല. ഇനിയൊരു തെരഞ്ഞെടുപ്പില്‍ പോലും മത്സരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അതെന്റെയൊരു രാഷ്ട്രീയ നിരീക്ഷണമാണ്. ഏതെങ്കിലും അധികാര സ്ഥാനത്തിന് വേണ്ടിയോ പ്രത്യേകമായ സ്ഥാനമാനങ്ങള്‍ നേടാനോ ഒന്നും ആഗ്രഹിക്കാത്ത ജനസേവനത്തിന്റെ വഴികളെ കുറിച്ച് മാത്രം ചിന്തിച്ചുകൊണ്ടിരിക്കുന്ന ഒരാളാണ് ഞാന്‍.

താല്‍പര്യക്കുറവിന് പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ല. ഞാന്‍ കുറേ കാലമായില്ലേ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുമ്പോള്‍ പ്രായം കൂടും, ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകും. അത് പ്രായത്തിന്റെ ഒരു പ്രത്യേകതയാണ്. പഴയത് പോലെ എടുത്തുചാട്ടമൊന്നും ഇപ്പോള്‍ ഉണ്ടാകില്ല. രോഗം പോലുള്ള പ്രശ്‌നങ്ങളൊക്കെ വന്നാല്‍ കുറേ കൂടി ക്ഷീണിക്കാനുള്ള സാധ്യത കൂടുതലാണ്. എനിക്ക് വെടിയേറ്റത് മുതല്‍ ഒട്ടനവധി ആരോഗ്യ പ്രശ്‌നങ്ങള്‍ എന്റെ ആരോഗ്യത്തെ അലട്ടിക്കൊണ്ടിരിക്കുന്നുണ്ട്. അതുകൊണ്ട് സ്വാഭാവികമായും പഴയത് പോലെ എനിക്ക് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞുവെന്ന് വരില്ല,’ അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്‍പര്യമില്ലെന്നത് തന്റെ വ്യക്തിപരമായ താല്‍പര്യമാണെന്നും ഇ.പി പറഞ്ഞു. പാര്‍ട്ടി പരിപാടികളില്‍ നിന്നും മാറി നില്‍ക്കാറില്ലെന്നും എന്നാല്‍ പഴയത് പോലെ മുഴുവന്‍ സമയവും പാര്‍ട്ടിയില്‍ മുഴുകുന്ന സ്ഥിതിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘പാര്‍ട്ടി ഏത് തീരുമാനം എടുക്കുമ്പോഴും വ്യക്തികള്‍ക്കുള്ള അഭിപ്രായ സ്വാതന്ത്ര്യം നിഷേധിക്കുന്നില്ല. പാര്‍ട്ടി സഖാവെന്ന നിലയില്‍ തെരഞ്ഞെടുപ്പിനോട് എനിക്ക് താല്‍പര്യമില്ലെന്ന അഭിപ്രായം വ്യക്തിപരമാണ്. കമ്മ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഇത്തരം കാര്യങ്ങളില്‍ വ്യക്തിപരമായ അഭിപ്രായങ്ങള്‍ പരിഗണിക്കും. പാര്‍ട്ടി പരിപാടികളില്‍ നിന്നും മാറി നില്‍ക്കാറില്ല. പൊതുപരിപാടികളിലും കഴിയുന്നത്ര പങ്കെടുക്കുന്നുണ്ട്. പങ്കെടുക്കുന്നില്ലെന്ന് ആര്‍ക്കും പറയാന്‍ സാധിക്കില്ല. പക്ഷെ പഴയത് പോലെ എല്ലാ മണിക്കൂറും എല്ലാ ദിവസവും പാര്‍ട്ടിയില്‍ തന്നെ മുഴുകുന്ന സ്ഥിതിയില്ലെന്ന് പറഞ്ഞാല്‍ അത് ശരിയായിരിക്കും,’ അദ്ദേഹം പറഞ്ഞു.

Content Highlight: Not interested in political positions; Don’t even want to contest anymore: EP Jayarajan

We use cookies to give you the best possible experience. Learn more