| Thursday, 9th March 2023, 11:44 am

വിവാദമുണ്ടാക്കി മുന്നോട്ട് പോകാന്‍ താല്‍പര്യമില്ല; വൈദേഹം റിസോര്‍ട്ടിലെ ഓഹരി ഒഴിവാക്കുന്നുവെന്ന് ഇ.പിയും കുടുംബവും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: വിവാദങ്ങളെ തുടര്‍ന്ന് കണ്ണൂര്‍ വൈദേഹം റിസോര്‍ട്ടിലെ ഓഹരി ഒഴിവാക്കുന്നതായി എല്‍.ഡി.എഫ് കണ്‍വീനറും സി.പി.ഐ.എം നേതാവുമായ ഇ.പി. ജയരാജന്‍. ഇ.പി. ജയരാജന്റെ ഭാര്യ ഇന്ദിരക്കും മകന്‍ ജെയ്‌സണുമുള്ള നിക്ഷേപങ്ങളാണ് ഒഴിവാക്കുന്നത്.

റിസോര്‍ട്ടിലെ ഓഹരി പങ്കാളിത്തത്തെ കുറിച്ച് നേരത്തെ വിവാദങ്ങള്‍ ഉണ്ടായിരുന്നു. അതിന്റെ പശ്ചാത്തലത്തിലാണ് ഓഹരി ഒഴിവാക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

വിഷയത്തില്‍ വിവാദമുണ്ടാക്കി മുന്നോട്ട് പോകാന്‍ താല്‍പര്യമില്ലെന്നും ഓഹരി പിന്‍വലിക്കുന്ന വാര്‍ത്ത സത്യമാണെന്നും ഇ.പി. അറിയിച്ചതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്ദിര ചെയര്‍പേഴ്‌സണായ റിസോര്‍ട്ടില്‍ കണ്ണൂര്‍ സഹകരണ ബാങ്കില്‍ നിന്നും വിരമിച്ചപ്പോള്‍ ലഭിച്ച പണമായ 81.99 ലക്ഷത്തിന്റെ ഓഹരിയും ജെയ്‌സണ് 10 ലക്ഷത്തിന്റെ ഓഹരിയുമാണുള്ളത്. ഏകദേശം ഒരു ലക്ഷം രൂപയുടെ ഓഹരിയാണ് ഇപ്പോള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

റിസോര്‍ട്ടിലെ ഓഹരി നിക്ഷേപത്തെ സംബന്ധിച്ച് പാര്‍ട്ടിയിലും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍ ഈ വിഷയം പാര്‍ട്ടിയില്‍ ഉന്നയിച്ചിരുന്നു.

എന്നാല്‍ തന്റെ പേരിലവിടെ ഓഹരിയൊന്നുമില്ലെന്നും ഭാര്യ വിരമിച്ചതിന് ശേഷം ഭാര്യക്ക് ലഭിച്ച വിരമിക്കല്‍ ആനുകൂല്യവും മകന് ലഭിച്ച സ്വത്തുമാണ് അവിടെ നിക്ഷേപിച്ചതെന്നും ഇ.പി. പാര്‍ട്ടിയില്‍ വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ ദിവസം ആദായ നികുതി വകുപ്പിന്റെ പരിശോധനയും റിസോര്‍ട്ടില്‍ നടന്നിരുന്നു. സ്ഥിരമായി ആദായ നികുതി വകുപ്പ് കമ്പനികളില്‍ നടത്തുന്ന പരിശോധനയുടെ ഭാഗമാണിതെന്നാണ് അന്ന് ഇ.പി. പ്രതികരിച്ചത്.

നേരത്തെ റിസോര്‍ട്ട് വിവാദത്തില്‍ മുന്‍ വ്യവസായ മന്ത്രി എന്ന നിലയില്‍ ഇ.പി. ജയരാജന്‍ അഴിമതി നടത്തിയെന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് പരാതി നല്‍കിയിരുന്നു. മൊറാഴയിലെ ഉടുപ്പക്കുന്ന് ഇടിച്ച് നിരത്തിയാണ് റിസോര്‍ട്ട് നിര്‍മിക്കുന്നതെന്ന് കാണിച്ച് ശാസ്ത്ര സാഹിത്യ പരിഷത്തും രംഗത്ത് വന്നിരുന്നു.

CONTENT HIGHLIGHT: Not interested in creating controversy and moving forward; EP and family say they are divesting stake in Vaideham Resort

We use cookies to give you the best possible experience. Learn more