ലണ്ടന്‍: ബീഫിന്റെ പേരില്‍ ഇന്ത്യയില്‍ നടക്കുന്ന ജനക്കൂട്ട കൊലപാതകങ്ങള്‍ക്കെതിരായ “നോട്ട് ഇന്‍ മൈ നെയിം” പ്രതിഷേധം ബ്രിട്ടനിലും. ലണ്ടനിലെ ടവിസ്റ്റോക്‌സ് ചത്വരത്തിലെ മഹാത്മാഗാന്ധിയുടെ പ്രതിമയ്ക്കു ചുറ്റും പ്രതിഷേധവുമായി ഒത്തുകൂടിയവരില്‍ ഇന്ത്യക്കാര്‍ക്കു പുറമേ വിദേശികളായ മനുഷ്യാവകാശ പ്രവര്‍ത്തകരുമുണ്ടായിരുന്നു.
ബുധനാഴ്ചയായിരുന്നു പ്രതിഷേധ പ്രകടനം. “റിപ്പബ്ലിക് ഓഫ് ലിഞ്ചിങ്” എന്നെഴുതിയ പ്ലക്കാര്‍ഡ് മഹാത്മാഗാന്ധിയുടെ പ്രതിമയ്ക്ക് അരികില്‍വെയ്ക്കുകയും ചെയ്തു.
ലണ്ടനു പുറമേ ബോസ്റ്റണിലെ ഹാര്‍വാര്‍ഡ് ചത്വരത്തിലും ടൊറന്റോയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനു പുറത്തും പ്രതിഷേധ കൂട്ടായ്മ നടന്നു. കറാച്ചിയിലും പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചിട്ടുണ്ട്. ജൂലൈ ഒന്നിന് കറാച്ചി പ്രസ് ക്ലബ്ബിനു മുമ്പിലാണ് പ്രതിഷേധം നടക്കുക.
ഇന്ത്യയിലുടനീളം 15ലധികം നഗരങ്ങളില്‍ “നോട്ട് ഇന്‍ മൈ നെയിം” കാമ്പയിനിന് പിന്തുണയറിച്ച് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചിരുന്നു. ദല്‍ഹിയിലെ ജന്തര്‍മന്ദിര്‍, മുംബൈയിലെ ബാന്ദ്ര, കൊല്‍ക്കത്തയിലെ ദഖിനാപന്‍, ഹൈദരാബാദിലെ ടാങ്ക് ബുണ്ട്, തിരുവനന്തപുരം സെക്രട്ടറിയേറ്റ്, ബംഗളുരുവിലെ ബാംഗ്ലൂര്‍ ടൗണ്‍ ഹാള്‍, പൂന സ്റ്റേഷനു സമീപത്തുള്ള ഡോ. ബാബ സാഹബ് അംബേദ്കര്‍ പ്രതിമ, പാട്‌നയിലെ കാര്‍ഗില്‍ ചൗക്ക് എന്നിവിടങ്ങളിലാണ് പ്രതിഷേധ പ്രകടനം നടന്നത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഗോമാംസത്തിന്റെ പേരില്‍ നടന്ന അതിക്രമങ്ങളില്‍ ഇരകളായവരുടെ ബന്ധുക്കളും കുടുംബാംഗങ്ങളും ഒരുമിച്ചുകൂടിയായിരുന്നു ദല്‍ഹിയിലെ പ്രതിഷേധം.
പ്രശസ്ത ഡോക്യുമന്റെറി സംവിധായിക സാബ ദിവാന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ നിന്നായിരുന്നു “നോട്ട് ഇന്‍ മൈ നെയിം” കാമ്പയിനിന്റെ തുടക്കം.