| Wednesday, 17th November 2021, 7:54 am

ക്ഷേമരാഷ്ട്രത്തില്‍ പട്ടിണിമരണമില്ലെന്ന് ഉറപ്പാക്കണം; സമൂഹഅടുക്കള നയത്തില്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യവ്യാപകമായി സമൂഹ അടുക്കളകള്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച് മൂന്നാഴ്ചയ്ക്കകം നയമുണ്ടാക്കണമെന്ന് കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതിയുടെ നിര്‍ദ്ദേശം.

ക്ഷേമരാഷ്ട്രത്തില്‍ പട്ടിണിമരണമില്ലെന്ന് ഉറപ്പാക്കേണ്ടതാണെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി. രമണ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. വിഷയത്തില്‍ വിവിധ സംസ്ഥാനങ്ങളുടെ അഭിപ്രായം പരിശോധിച്ചശേഷമാണ് കോടതിയുടെ നിര്‍ദ്ദേശം.

സമൂഹ അടുക്കളയ്ക്ക് സമഗ്രമായപദ്ധതി കൊണ്ടുവരുമെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ അറിയിച്ചു. ദേശീയ ഭക്ഷ്യസുരക്ഷാ നയത്തിനു കീഴില്‍ പദ്ധതി തയ്യാറാക്കുമെന്നും അദ്ദേഹം അറിയിച്ചു. തീരുമാനം നിയമത്തിനു കീഴിലാക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടു.

സമൂഹഅടുക്കള സംബന്ധിച്ച് വ്യക്തമായ നയത്തിന് രൂപം നല്‍കാന്‍ ശ്രമിക്കുന്നുണ്ടെന്ന കാര്യം കേന്ദ്രം നല്‍കിയ 17 പേജുള്ള സത്യവാങ്മൂലത്തില്‍ എവിടേയും പറയുന്നില്ലെന്ന് കോടതി പറഞ്ഞു. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന് നല്‍കുന്ന അവസാനമുന്നറിയിപ്പാണെന്നും കോടതി കേന്ദ്രത്തിന് താക്കീത് നല്‍കി.

പദ്ധതി തയ്യാറാക്കുന്നതു സംബന്ധിച്ച് ഒന്നും കേന്ദ്രത്തിന്റെ മറുപടിയില്‍ ഇല്ലെന്നും സുപ്രീംകോടതി പറഞ്ഞു.

കേന്ദ്രം നല്‍കിയ മറുപടിയില്‍ പദ്ധതി സംബന്ധിച്ച തീരുമാനമെടുത്തതായി പറയുന്നില്ലെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. സംസ്ഥാനങ്ങളുടെ വിവരങ്ങള്‍ അവരുടെ സത്യവാങ്മൂലത്തില്‍തന്നെ നല്‍കിയിട്ടുണ്ടെന്നും അത് വീണ്ടും കേന്ദ്രം പറയേണ്ടതില്ലെന്നും കോടതി പറഞ്ഞു.

പട്ടിണി മരണമില്ലെന്ന് ഉറപ്പാക്കാന്‍ സമൂഹ അടുക്കള തുറക്കുന്നതിന് നയമുണ്ടാക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജിയിലാണ് സുപ്രീംകോടതിയുടെ പ്രതികരണം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

content Highlights: Not happy with Centre’s affidavit, Supreme Court gives it three more weeks to frame community kitchen policy

Latest Stories

We use cookies to give you the best possible experience. Learn more