“ഒരു പട്ടിയെ ആരെങ്കിലും കല്ലെറിഞ്ഞാല്‍ അതില്‍ സര്‍ക്കാറിനെന്ത് ഉത്തരവാദിത്തമാണുള്ളത്.” എന്നാണ് വി.കെ സിങ് ചോദിച്ചത്.
“സര്‍ക്കാറിനെ ഈ സംഭവവുമായി ബന്ധിപ്പിക്കേണ്ട. ഇത് രണ്ടു കുടുംബങ്ങള്‍ തമ്മിലുള്ള പ്രശ്‌നമാണ്. ഇക്കാര്യം അന്വേഷിക്കുന്നുണ്ട്.” അദ്ദേഹം വ്യക്തമാക്കി.
ഹരിയാനയില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് പറഞ്ഞുകൊണ്ടാണ് വി.കെ സിങ് ഈ വിവാദ പരാമര്‍ശം നടത്തിയത്. ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള മനോഹര്‍ ലാല്‍ ഖട്ടാര്‍ സര്‍ക്കാറാണ് ഹരിയാന ഭരിക്കുന്നത്.
ഹരിയാനയില്‍ തിങ്കളാഴ്ചയാണ് സവര്‍ണ വിഭാഗക്കാര്‍ ദളിത് കുഞ്ഞുങ്ങളെ ചുട്ടുകൊന്നത്. ഇവരുടെ വീടിന്റെ ജനലിലൂടെ പെട്രോളൊഴിച്ച് തീക്കൊളുത്തുകയായിരുന്നു. രണ്ടരവയസുള്ള കുട്ടിയും 11മാസം പ്രായമായ കുട്ടിയുമാണ് കൊല്ലപ്പെട്ടത്. ഇവരുടെ അമ്മയ്ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
നേരത്തെ പ്രധാനമന്ത്രിയാവുന്നതിന് മുമ്പ് ഗുജറാത്ത് കലാപത്തെ ചോദിച്ചപ്പോള്‍ നരേന്ദ്രമോദിയും ഇത്തരത്തിലുള്ളൊരു പരാമര്‍ശം നടത്തിയിരുന്നു.