| Friday, 25th November 2022, 9:17 am

പ്രകാശ് രാജിനുള്‍പ്പെടെ പലര്‍ക്കും വേണ്ടി ഡബ്ബ് ചെയ്തു, പക്ഷേ അവരുടെ നാട്ടില്‍ പോയപ്പോള്‍ എനിക്ക് വേണ്ടി ഡബ്ബ് ചെയ്യാന്‍ ഒറ്റ ഒരുത്തനും വന്നില്ല: ഷമ്മി തിലകന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അഭിനയത്തെക്കാളുപരി ഡബ്ബിങ്ങില്‍ പ്രാഗത്ഭ്യം തെളിയിക്കാന്‍ അവസരം കിട്ടിയ താരമാണ് ഷമ്മി തിലകന്‍. അഭിനയിക്കാന്‍ കിട്ടുന്നതിനെക്കാള്‍ കൂടുതല്‍ ശക്തമായ കഥാപാത്രങ്ങള്‍ ഡബ്ബ് ചെയ്യാന്‍ കിട്ടുന്ന പ്രവണത കൂടാന്‍ തുടങ്ങിയപ്പോഴാണ് ഡബ്ബ് ചെയ്യുന്നത് നിര്‍ത്തിയതെന്ന് പറയുകയാണ് ഷമ്മി. തന്റെ ശബ്ദം ഇനി തനിക്കുള്ളതാണെന്നും സമയം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ ഷമ്മി പറഞ്ഞു.

‘പല മിമിക്രി ആര്‍ട്ടിസ്റ്റുകളുടെയും ധാരണ ഞാനൊരു മിമിക്രി ആര്‍ട്ടിസ്റ്റാണെന്നാണ്. കാരണം ഞാന്‍ പ്രേം നസീറിനും കമല്‍ ഹാസനും വേണ്ടിയൊക്കെ അവരുടെ ശബ്ദത്തില്‍ ഡബ്ബ് ചെയ്തിട്ടുണ്ട്.

നായകന് തുല്യമായതോ നായകന് മുകളില്‍ നില്‍ക്കുന്നതോ ആയ കഥാപാത്രങ്ങള്‍ക്ക് വേണ്ടിയാണ് ഞാന്‍ ഡബ്ബ് ചെയ്തിട്ടുള്ളത്. പക്ഷേ അഭിനയിക്കുന്ന വേഷങ്ങള്‍ ചെറുതായിരിക്കും. ചിലപ്പോള്‍ മൂന്നോ നാലോ രംഗങ്ങളില്‍ മാത്രമേ കാണൂ. ഒരു സംഭവം എന്ന് പറയാന്‍ പറ്റുന്ന വേഷങ്ങള്‍ ഞാന്‍ ചെയ്തിട്ടില്ല.

ഗസലില്‍ നാസറിന് വേണ്ടി ഡബ്ബ് ചെയ്തപ്പോള്‍ എനിക്ക് അവാര്‍ഡ് കിട്ടിയിരുന്നു. കൊണ്ടോട്ടി സ്ലാങ് കൂടിയാണ് ആ സിനിമയില്‍. അങ്ങനെയുള്ള പ്രകടനങ്ങള്‍ അഭിനയത്തില്‍ ഞാന്‍ ചെയ്തിട്ടില്ല. എനിക്ക് കിട്ടുന്ന കഥാപാത്രങ്ങളെക്കാള്‍ പവര്‍ഫുള്ളായി മറ്റുള്ള കഥാപാത്രങ്ങള്‍ക്കായി ഡബ്ബ് ചെയ്യേണ്ടി വരും. അതുകൊണ്ടാണ് ഞാന്‍ ഡബ്ബിങ് പൂര്‍ണമായും നിര്‍ത്തിവെച്ചത്.

കുറെ നാള്‍ കഴിഞ്ഞപ്പോള്‍ എനിക്ക് പറ്റില്ല എന്ന് പറയാന്‍ തുടങ്ങി. അതിനി വേറെ ഒരാള്‍ക്ക് കൊടുക്കാന്‍ വയ്യ. പുലിമുരുകനില്‍ ഡാഡി ഗിരിജ എന്ന കഥാപാത്രത്തിനായി ഡബ്ബ് ചെയ്യാന്‍ വേണ്ടി അന്ന് മൂന്ന് ലക്ഷം രൂപ എനിക്ക് വാഗ്ദാനം ചെയ്തതാണ്. ഞാന്‍ ചെയ്യില്ല വേറെ ആളെ വെച്ച് ചെയ്യാന്‍ പറഞ്ഞു. എന്റെ വോയ്സ് എനിക്കുള്ളതാണ്. അതിനി വേറെ ഒരാള്‍ക്ക് വയ്യ.

കസ്തൂരിമാന്‍ സിനിമയുടെ തമിഴ് റീമേക്കില്‍ എന്റെ കഥാപാത്രത്തെ ഞാന്‍ തന്നെയാണ് അവതരിപ്പിച്ചത്. കുഞ്ചാക്കോ ബോബന് പകരം മറ്റൊരു ഹീറോ ആയിരുന്നു. ഒരു ആവേശത്തിന് ഞാന്‍ തന്നെ പോയി.

തമിഴില്‍ നിന്നും പ്രകാശ് രാജടക്കമുള്ള പല നടന്മാര്‍ക്കും ഞാന്‍ ഡബ്ബ് ചെയ്തിട്ടുണ്ട്. എന്നാല്‍ എന്റെ പടം അവിടെ ചെന്നപ്പോള്‍ എനിക്ക് വേണ്ടി ഡബ്ബ് ചെയ്യാന്‍ ഒറ്റയൊരുത്തനും തയാറായില്ല, അതെന്തുകൊണ്ടാണ്. ആരും വരാതായപ്പോള്‍ വളരെ ജൂനിയറായ ഒരു ഡബ്ബിങ് ആര്‍ട്ടിസ്റ്റിനെ കൊണ്ട് ചെയ്യിക്കുകയായിരുന്നു. അത് എന്നോട് കാണിച്ച അനീതിയല്ലേ. ഷമ്മി നമുക്ക് അവിടെ ഡബ്ബ് ചെയ്ത് എക്സ്പോഷര്‍ തന്ന ആളാണ് എന്ന് അവര്‍ ചിന്തിക്കേണ്ടതല്ലേ.

അത് അവര്‍ക്കും ആകാമായിരുന്നു. ഇവന്മാര്‍ എനിക്ക് ചെയ്തില്ലെങ്കില്‍ പിന്നെ ഞാന്‍ എന്തിനാണ് ഇവന്മാര്‍ക്ക് ചെയ്യുന്നത്. എബിസിഡി എന്ന് ഡയലോഗ് പറഞ്ഞിട്ട് പോകും. മലയാളം ഇവന്റെയൊന്നും വായില്‍ വരില്ല. അതിനെ പിന്നെ ഡയലോഗാക്കി അതിന്റെ ഭാവത്തില്‍ ചെയ്യുന്നതാണ് എന്റെ ജോലി. എനിക്ക് സ്വന്തമായി ഡബ്ബ് ചെയ്യുന്നതിനെക്കാള്‍ പാടാണ് മറ്റൊരാള്‍ക്ക് ഡബ്ബ് ചെയ്യുന്നത്,’ ഷമ്മി പറഞ്ഞു.

Content Highlight: not going to dub for another artist, says shammy thilakan

We use cookies to give you the best possible experience. Learn more