| Monday, 8th April 2019, 10:58 am

'ബോളിവുഡില്‍ നിന്ന് വന്നത് കൊണ്ട് എനിക്ക് തലച്ചോറില്ലെന്ന് കരുതിയോ? നിങ്ങള്‍ പറയുന്നത് കേട്ട് കരയാന്‍ വേണ്ടിയല്ല ഞാന്‍ വന്നിരിക്കുന്നത്; വിമര്‍ശകര്‍ക്ക് മറുപടിയുമായി ഊര്‍മ്മിള

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: വിമര്‍ശകരുടെ വായടപ്പിച്ച് കോണ്‍ഗ്രസിന്റെ മുംബൈ നോര്‍ത്തിലെ സ്ഥാനാര്‍ത്ഥിയും ബോളിവുഡ് നടിയുമായ ഊര്‍മ്മിള മണ്ഡോദ്ക്കര്‍.

തന്നെ പരിഹസിക്കുന്നവരേയും ട്രോളുന്നവരേയുമായിരുന്നു മുംബൈ അന്ധേരിയില്‍ നടന്ന യൂത്ത് മീറ്റില്‍ വെച്ച് വെച്ച് ഊര്‍മ്മിള കടന്നാക്രമിച്ചത്.

‘ ഞാന്‍ ഇവിടെ വന്നിരിക്കുന്നത് കരയാന്‍ വേണ്ടിയല്ല. പ്രത്യേകിച്ചും എന്നെ ട്രോളുന്നതിന്റേയും വിമര്‍ശിക്കുന്നതിന്റേയും പേരില്‍. ഞാന്‍ ബോളിവുഡില്‍ നിന്നും വന്നതുകൊണ്ട് എനിക്ക് തലച്ചോറില്ലെന്നാണ് പലരും കരുതിയിരിക്കുന്നത്. എന്നാല്‍ ബോളിവുഡിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്ന ആളാണ് ഞാന്‍”- ഊര്‍മ്മിള പറഞ്ഞു.

മോദി സര്‍ക്കാരിനെതിരെയും ഊര്‍മ്മിള രൂക്ഷവിമര്‍ശനം നടത്തി. നല്ല ഭാവി ആഗ്രഹിക്കുന്ന യുവാക്കള്‍ ഒരുമിക്കണമെന്നും അവര്‍ക്ക് ലഭിച്ചിരിക്കുന്ന മികച്ച അവസരമാണ് ഇതെന്നും ഊര്‍മ്മിള പറഞ്ഞു.

പാട്യാദാര്‍ നേതാവ് ഹര്‍ദിക് പട്ടേലും ചടങ്ങില്‍ സന്നിഹിതനായിരുന്നു. 2014 ല്‍ മോദി അധികാരത്തിലെത്തിയപ്പോള്‍ യുവാക്കള്‍ ആഹ്ലാദിച്ചെന്നും എന്നാല്‍ അവര്‍ പറ്റിക്കപ്പെട്ടെന്നും ഹര്‍ദിക് പട്ടേല്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടിയും ബി.ജെ.പി സ്ഥാനാര്‍ത്ഥിയുമായ ജയപ്രദ പൊതുവേദിയില്‍ പൊട്ടിക്കരഞ്ഞിരുന്നു. സമാജ് വാദി പാര്‍ട്ടി നേതാവ് അസം ഖാന്‍ തന്നെ രാഷ്ട്രീയമായി ആക്രമിക്കുകയായിരുന്നെന്ന് പറഞ്ഞായിരുന്നു ജയപ്രദ കരഞ്ഞത്.

സമാജ് വാദി പാര്‍ട്ടി റാംപൂരില്‍ നിന്ന് തന്നെ നിര്‍ബന്ധിതമായി ഒഴിവാക്കിയതാണെന്ന് പറഞ്ഞ് ജയപ്രദ പൊതുവേദിയില്‍ വികാരഭരിതയാവുകയായിരുന്നു.

2004ലും 2009ലും റാംപൂര് മണ്ഡലത്തില്‍ നിന്ന് സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് ലോക്സഭയിലെത്തിയ ജയപ്രദയെ 2014ല്‍ പാര്‍ട്ടി തഴയുകയായിരുന്നു. അന്ന് രാഷ്ട്രീയ ലോക് ദള്‍ സഥാനാത്ഥിയായി ഉത്തര്‍പ്രദേശിലെ ബിജ്നോറില്‍ നിന്ന് മത്സരിച്ചെങ്കിലും ജയപ്രദയ്ക്ക് വിജയിക്കാനായില്ല. ഇക്കുറി ബി.ജെ.പിയ്ക്കൊപ്പമാണ് ജയപ്രദ തന്റെ റാംപൂര് മണ്ഡലം തിരിച്ചുപിടിക്കാനെത്തിയിരിക്കുന്നത്.

We use cookies to give you the best possible experience. Learn more