ബി.ജെ.പിയിൽ ചേരാൻ സമ്മർദമുണ്ട്, എന്നാൽ ഞാൻ മുട്ടുമടക്കാൻ തയ്യാറല്ല: അരവിന്ദ് കെജ്‌രിവാൾ
national news
ബി.ജെ.പിയിൽ ചേരാൻ സമ്മർദമുണ്ട്, എന്നാൽ ഞാൻ മുട്ടുമടക്കാൻ തയ്യാറല്ല: അരവിന്ദ് കെജ്‌രിവാൾ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 4th February 2024, 3:33 pm

ന്യൂദൽഹി: ബി.ജെ.പിയിൽ ചേരാൻ തനിക്ക് മേൽ സമ്മർദമുണ്ടെന്നും എന്നാൽ താൻ മുട്ടുമടക്കാൻ തയ്യാറല്ലെന്നും ദൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ.

ദൽഹിയിലെ രോഹിണിയിൽ സ്കൂളിലെ തറക്കല്ലിടൽ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ബി.ജെ.പിയിൽ ചേരില്ല, ഞാൻ മുട്ടുമടക്കാൻ ഒരുക്കമല്ല. അവർക്ക് എനിക്കെതിരെ എന്ത് ഗൂഢാലോചന വേണമെങ്കിലും നടത്താം. ഞാനും എന്റെ തീരുമാനത്തിൽ അടിയുറച്ച് നിൽക്കും. ഞാൻ മുട്ടുമടക്കാൻ തയ്യാറല്ല.

അവർ എന്നോട് ബി.ജെ.പിയിൽ ചേരാനാണ് ആവശ്യപ്പെടുന്നത്, എന്നാൽ വെറുതെ വിടാമെന്നും പറഞ്ഞു. ഞാൻ പറഞ്ഞത്‌ ഒരിക്കലും ബി.ജെ.പിയിലേക്കില്ല എന്നാണ്. ഒരിക്കലും അത് സംഭവിക്കില്ല,’ കെജ്‌രിവാൾ പറഞ്ഞു.

പാർലമെന്റ് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തന്റെ തെരഞ്ഞെടുപ്പ് പ്രചരണങ്ങൾ തടസ്സപ്പെടുത്തുന്നതിന് വേണ്ടിയുള്ള തന്ത്രത്തിന്റെ ഭാഗമായാണ് ഇ.ഡി ചോദ്യം ചെയ്യലിനായി തന്നെ വിളിപ്പിക്കുന്നത് എന്ന് അദ്ദേഹം ആരോപിച്ചു.

മദ്യ അഴിമതി കേസിൽ മൂന്നാം പ്രാവശ്യവും ഇ.ഡി തന്നെ വിളിപ്പിച്ചതിനെ കെജ്‌രിവാൾ ചോദ്യം ചെയ്തു. തന്നെ കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്യാനുള്ള നീക്കമാണ് നടക്കുന്നത് എന്ന് അദ്ദേഹം ആരോപിച്ചു.

ദേശീയ ബജറ്റിന്റെ നാല് ശതമാനം മാത്രമാണ് കേന്ദ്ര സർക്കാർ ആശുപത്രികൾക്കും സ്കൂളുകൾക്കും വേണ്ടി മാറ്റിവെച്ചതെന്നും അതേസമയം ദൽഹി സർക്കാർ ഈ മേഖലകളിൽ 40 ശതമാനമാണ് അതിന്റെ വാർഷിക ബജറ്റിൽ നിന്ന് നീക്കിവെച്ചത് എന്നും അദ്ദേഹം പറഞ്ഞു.

ആം ആദ്മി പാർട്ടിയിലെ ഏഴ് എം.എൽ.എമാരെ ബി.ജെ.പി വശത്താക്കാൻ ശ്രമിച്ചു എന്ന ആരോപണത്തിൽ വിശദീകരണം തേടി ദൽഹി ക്രൈം ബ്രാഞ്ച് പൊലീസ് കെജ്‌രിവാളിനും മന്ത്രി ആതിഷിക്കും നോട്ടീസ് നൽകിയിരുന്നു.

Content Highlight: ‘Not going to bend’: Arvind Kejriwal claims he’s being pressured to join BJP