'ഇന്ത്യയിൽ നിന്ന് ഒന്നും പ്രതീക്ഷിക്കുന്നില്ല; പല തവണ വിളിച്ചു, അവരൊന്നും ചെയ്തില്ല'
national news
'ഇന്ത്യയിൽ നിന്ന് ഒന്നും പ്രതീക്ഷിക്കുന്നില്ല; പല തവണ വിളിച്ചു, അവരൊന്നും ചെയ്തില്ല'
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 14th November 2023, 1:49 pm

ന്യൂദൽഹി: ഇന്ത്യയിൽ നിന്ന് ഒന്നും പ്രതീക്ഷിക്കുന്നില്ലെന്നും പല തവണ ബന്ധപ്പെട്ടിട്ടും ഇന്ത്യ ഒന്നും ചെയ്തില്ലെന്നും ഇന്ത്യയിലെ ഫലസ്തീൻ സ്ഥാനപതി അബു അൽഹയ്‌ജ.

‘ഞാൻ ഇന്ത്യയിൽ നിന്ന് ഒന്നും പ്രതീക്ഷിക്കുന്നില്ല. ഞാൻ അവരെ പലതവണ വിളിച്ചു നോക്കി. അവർ ഒന്നും ചെയ്തില്ല. അതുകൊണ്ട് ഞാൻ അവരിൽ നിന്ന് ഒന്നും തന്നെ പ്രതീക്ഷിക്കുന്നില്ല,’ അബു അൽഹയ്‌ജ ദി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

യു.എസുമായി ചേർന്ന് ഇസ്രഈലിനെ പിന്തുണച്ചുകൊണ്ടുള്ള ഇന്ത്യയുടെ പ്രസ്താവന കണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറും പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങും യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി കൂടിക്കാഴ്ച നടത്തിയതിനെക്കുറിച്ചായിരുന്നു അൽഹയ്‌ജയുടെ പരാമർശം.

‘ഇസ്രഈലിനെ പിന്തുണക്കുന്ന ഇന്ത്യ-യു.എസ് പ്രസ്താവന നമ്മൾ കണ്ടതാണ്. അതുകൊണ്ട് തന്നെ ഒന്നും ഇന്ത്യയിൽ നിന്ന് പ്രതീക്ഷിക്കുന്നില്ല,’ അദ്ദേഹം പറഞ്ഞു.

300 ലിറ്റർ ഇന്ധനം അനുവദിക്കുമെന്നും പിന്നീട് അത് 200 ലിറ്റർ ആക്കിക്കുറക്കുകയാണെന്നും ഇസ്രഈൽ പറഞ്ഞത് ഒരു തമാശയാണെന്ന് അദ്ദേഹം പറഞ്ഞു. ഇസ്രഈൽ നൽകുമെന്ന് പറഞ്ഞ ഇന്ധനം ജനറേറ്റർ അര മണിക്കൂർ പ്രവർത്തിക്കുവാൻ മാത്രമേ തികയുള്ളൂ എന്നും ഗസയിൽ പ്രതിദിനം 8,000 മുതൽ 10,000 ലിറ്റർ വരെ പെട്രോൾ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

11,300 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത് എങ്കിലും 14,000 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്നും 3,000ഓളം പേർ കെട്ടിടാവശിഷ്ടങ്ങളിൽ കുടുങ്ങിക്കിടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: Not expecting anything from India says Palestine Ambassador Abu Alhaijaa