അട്ടിമറിച്ചത് ഇ.വി.എമ്മുകളല്ല, രാജ്യത്തെ ഹിന്ദു മനസ്സുകളെ; അസദുദ്ദീന്‍ ഒവൈസി
D' Election 2019
അട്ടിമറിച്ചത് ഇ.വി.എമ്മുകളല്ല, രാജ്യത്തെ ഹിന്ദു മനസ്സുകളെ; അസദുദ്ദീന്‍ ഒവൈസി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 23rd May 2019, 8:39 pm

ഹൈദരാബാദ്: മികച്ച വിജയം നേടി തുടര്‍ച്ചയായ രണ്ടാം വട്ടവും ബി.ജെ.പി അധികാരത്തിലേറുന്നത് ഇ.വി.എമ്മുകള്‍ അട്ടിമറിച്ചു കൊണ്ടല്ലെന്ന് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഒവൈസി. മറിച്ച് ഹിന്ദു മനസ്സുകളെ അട്ടിമറിച്ചു കൊണ്ടാണ് ബി.ജെ.പി ഇത്തരത്തിലൊരു വിജയം നേടിയതെന്നാണ് ഒവൈസിയുടെ വിലയിരുത്തല്‍.

‘തെരഞ്ഞെടുപ്പ് കമ്മീഷന്‍ അവരുടെ വിശ്വാസ്യത തെളിയിക്കണം. വിവിപാറ്റുകള്‍ ഇ.വി.എം ഫലങ്ങളുമായി 100 ശതമാനം ഒത്തു പോവുമെന്ന് ഞാന്‍ കരുതുന്നു. ഇ.വി.എമ്മുകള്‍ അട്ടിമറിക്കപ്പെട്ടിട്ടില്ല, ഹിന്ദു മനസ്സുകളാണ് അട്ടിമറിച്ചത്’- ഒവൈസി പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ടു ചെയ്യുന്നു.

രാജ്യസുരക്ഷയെക്കുറിച്ച് അരക്ഷിതാവസ്ഥ സൃഷ്ടിച്ച്, ബി.ജെ.പി അത് തെരഞ്ഞെടുപ്പ് നേട്ടത്തിന് ഉപയോഗിച്ചെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ‘ഇന്ത്യയുടെ സുരക്ഷയെക്കുറിച്ച് അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നതില്‍ ബി.ജെ.പി വിജയിച്ചിട്ടുണ്ട്. ദേശീയതയെക്കുറിച്ച് ആഖ്യാനം സൃഷ്ടിച്ചെടുത്ത അവര്‍, മുസ്‌ലിം ന്യൂനപക്ഷത്തെക്കുറിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഇതാണ് ബി.ജെ.പി മുതലെടുത്ത വിഷയങ്ങള്‍’- ഒവൈസി പറയുന്നു.

1984 മുതല്‍ തന്റെ കുടുംബത്തിന്റെ വിശ്വസ്ത മണ്ഡലമായ ഹൈദരബാദ് ലോക്‌സഭാ മണ്ഡലത്തില്‍ നിന്നും അനായാസമാണ് ഉവൈസി ഈ വര്‍ഷവും വിജയിച്ചത്. മഹാരാഷ്ട്രയിലെ ഔറംഗാബാദിലും എ.ഐ.എം.ഐ.എമിന്റെ ഇംത്യാസ് ജലീല്‍ സയ്യിദ് മുന്നിലാണ്.

517239 വോട്ടുകളാണ് ഉവൈസി ഇത് വരെ നേടിയിട്ടുള്ളത്. രണ്ടാമതുള്ള ബി.ജെ.പി സ്ഥാനാര്‍ഥിയെക്കാള്‍ 2.5 ലക്ഷം വോട്ടുകള്‍ അധികം. ബി.ജെ.പിയുടെ ഭാഗവനാഥ് റാവുവിന് 235056 വോട്ടുകളാണ് ഇതുവരെ ലഭിച്ചത്.

നേരത്തെ, തെരഞ്ഞെടുപ്പിലെ തോല്‍വിക്കു പിന്നില്‍ ഇ.വി.എം തിരിമറിയാണെന്ന ആരോപണവുമായി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പവന്‍ കാജല്‍ ആരോപിച്ചിരുന്നു.

നേരത്തേ മുംബൈ നോര്‍ത്ത് മണ്ഡലത്തില്‍ ഉപയോഗിച്ച വോട്ടിങ് യന്ത്രത്തില്‍ അട്ടിമറി ആരോപിച്ച് അവിടുത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഊര്‍മ്മിളാ മണ്ഡോദ്കറും രംഗത്തെത്തിയിരുന്നു. ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ ഫോമില്‍ ഉണ്ടായിരുന്ന ഒപ്പും വോട്ടിങ് മെഷീന്‍ നമ്പറും തമ്മില്‍ വ്യത്യാസമുണ്ടായിരുന്നു എന്നാണ് ഊര്‍മ്മിള ആരോപിച്ചത്. ഇ.വി.എം മാറ്റിയിട്ടുണ്ടാകാമെന്ന ഗുരുതര ആരോപണമാണ് ഊര്‍മ്മിള ഉന്നയിച്ചത്. വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ടെന്നും ഊര്‍മ്മിള വ്യക്തമാക്കിയിരുന്നു.