എല്ലാവരെയും വോട്ട് ചെയ്യാന്‍ അനുവദിക്കരുത്, വിമാനത്തില്‍ പൈലറ്റിനെ നിശ്ചയിക്കുന്നത് യാത്രക്കാരല്ലല്ലോ: വിജയ് ദേവരകൊണ്ട
national news
എല്ലാവരെയും വോട്ട് ചെയ്യാന്‍ അനുവദിക്കരുത്, വിമാനത്തില്‍ പൈലറ്റിനെ നിശ്ചയിക്കുന്നത് യാത്രക്കാരല്ലല്ലോ: വിജയ് ദേവരകൊണ്ട
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 9th October 2020, 9:54 am

മുംബൈ: എല്ലാവരെയും വോട്ട് ചെയ്യാന്‍ അനുവദിക്കരുതെന്നും സ്വേച്ഛാധിപതിമാരാണ് സമൂഹത്തിന് നല്ലതുമെന്ന വാദവുമായി തെന്നിന്ത്യന്‍ നടന്‍ വിജയ് ദേവരകൊണ്ട. ഫിലിം കമ്പാനിയന് നല്‍കിയ അഭിമുഖത്തിലാണ് വിജയ് ദേവരകൊണ്ടയുടെ പ്രസ്താവന. മറ്റു തെന്നിന്ത്യന്‍ താരങ്ങളെപ്പോലെ രാഷ്ട്രീയത്തില്‍ പ്രവേശിക്കുമോയെന്ന ചോദ്യത്തിന് മറുപടിയായിട്ടാണ് വിജയ് നിലവിലെ തെരഞ്ഞെടുപ്പ് രീതിയോടും രാഷ്ട്രീയത്തോടുമുള്ള തന്റെ എതിര്‍പ്പ് ഉന്നയിച്ചുക്കൊണ്ട് വിവാദ പ്രസ്താവന നടത്തിയത്.

‘എനിക്ക് രാഷ്ട്രീയത്തിനുള്ള ക്ഷമയില്ല. നിലവിലെ രാഷ്ട്രീയത്തിലും തെരഞ്ഞെടുപ്പ് രീതിയിലുമൊന്നും ഒരു അര്‍ത്ഥവും എനിക്ക് തോന്നുന്നില്ല.  എല്ലാവരെയും വോട്ട് ചെയ്യാന്‍ പോലും അനുവദിക്കരുത്. മുംബൈയിലേക്ക് ഒരു വിമാനം പോകുന്നു. അതിലെ യാത്രക്കാരായ 300 പേരും ചേര്‍ന്നല്ലല്ലോ ആരാണ് ആ വിമാനം പറത്തേണ്ടതെന്ന് തീരുമാനിക്കുക. ഇക്കാര്യങ്ങള്‍ കാര്യക്ഷമമായി ചെയ്യുന്ന എയര്‍ലൈന്‍സ് പോലുള്ള ഏജന്‍സികളെ നമ്മള്‍ ആ ചുമതല ഏല്‍പ്പിക്കുകയാണ്. അവര്‍ക്ക് ആരാണ് ആ വിമാനം പറത്താന്‍ ഏറ്റവും യോഗ്യന്‍ എന്നു കണ്ടെത്താനാകും.

പണവും വില കുറഞ്ഞ മദ്യവുമെറിഞ്ഞാണ് ആളുകളുടെ വോട്ട് പിടിക്കുന്നത്. ധനികരായ ആളുകളേ വോട്ട് ചെയ്യാവൂ എന്നല്ല ഞാന്‍ പറയുന്നത് അവര്‍ വോട്ട് ചെയ്യാന്‍ പാടില്ലെന്നേ ഞാന്‍ പറയൂ. വിദ്യാഭ്യാസമുള്ള, പണത്തില്‍ വീഴാത്ത മധ്യവര്‍ഗത്തെയാണ് വോട്ട് ചെയ്യാന്‍ അനുവദിക്കേണ്ടത്. അതുകൊണ്ടാണ് ഞാന്‍ പറയുന്നത്, എന്തിനാണെന്നും ആര്‍ക്കാണെന്നും വോട്ട് ചെയ്യുന്നതെന്നു പോലും അറിയാത്ത ആള്‍ക്കാരെ വോട്ട് ചെയ്യാന്‍ അനുവദിക്കരുതെന്ന്. മദ്യത്തിനും പണത്തിനും വേണ്ടി വോട്ട് ചെയ്യുന്ന തെരഞ്ഞെടുപ്പില്‍ ഞാന്‍ മത്സരിക്കില്ല. ‘ വിജയ് അഭിമുഖത്തില്‍ പറയുന്നു.

സ്വേച്ഛാധിപത്യത്തിന് മാത്രമേ സമൂഹത്തില്‍ മാറ്റം കൊണ്ടുവരാന്‍ സാധിക്കൂ എന്നും രാഷ്ട്രീയത്തില്‍ വരികയാണെങ്കില്‍ നല്ലൊരു സ്വേച്ഛാധിപതിയാകാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘ഞാനൊരു സ്വേച്ഛാധിപതിയാകുന്നതാണ് നല്ലത്. ‘മിണ്ടാതിരിക്കടോ, ഞാന്‍ നല്ല ഉദ്ദേശങ്ങളോടെയാണ് വന്നിട്ടുള്ളത്. നിങ്ങള്‍ക്ക് എന്താണ് നല്ലതെന്ന് നിങ്ങള്‍ക്ക് അറിയില്ല. അഞ്ച് – പത്ത് വര്‍ഷം ഞാന്‍ പറയുന്നത് കേട്ടാല്‍ അതിന്റെ ഉപകാരം ഉണ്ടാകും.’ എന്ന് ജനങ്ങളോട് പറയുന്ന സ്വേച്ഛാധിപതി. അതുമാത്രമാണ് എന്തെങ്കിലും മാറ്റം വരുത്താനുള്ള ഏക മാര്‍ഗം. ചിലപ്പോഴൊക്കെ സ്വേച്ഛാധിപത്യം ആണ് നല്ലതെന്ന് എനിക്ക് തോന്നും. പക്ഷെ സ്വേച്ഛാധിപതി ഒരു നല്ല വ്യക്തിയായിരിക്കണം.’ വിജയ് പറഞ്ഞു.

നിങ്ങള്‍ വിശാല മനസ്സുള്ള, ആളുകളുടെ നന്മ മാത്രം ആഗ്രഹിക്കുന്ന ഒരു സ്വേച്ഛാധിപതിയെയാണോ അധികാരത്തില്‍ ആഗ്രഹിക്കുന്നതെന്നായിരുന്നു അനുപമ ചോപ്ര വിജയ്‌യുടെ വാക്കുകളോട് പ്രതികരിച്ചത്. ‘അതെ ശരിക്കും എന്നെ തന്നെയാണ് ഞാന്‍ ഉദ്ദേശിച്ചത്’ എന്നായിരുന്നു പൊട്ടിച്ചിരിച്ചുക്കൊണ്ട് ഇതിന് വിജയ് ദേവരക്കൊണ്ടയുടെ മറുപടി.

എന്റെ മനസ്സില്‍ റാഡിക്കലായിട്ടുള്ള പല ചിന്തകളുമുണ്ട്. അത് ആരും അംഗീകരിക്കില്ലെന്ന് അറിയാവുന്നതുകൊണ്ട് മിണ്ടാതിരിക്കുകയാണെന്നും അടുത്ത ചോദ്യത്തിനോടുള്ള മറുപടിയില്‍ വിജയ് പറയുന്നുണ്ട്.

ഫിലിം കമ്പാനിയനില്‍ അനുപമ ചോപ്രയും ഭരദ്വാജ് രംഗനും ചേര്‍ന്ന് നടത്തിയ അഭിമുഖത്തിലാണ് വിജയ് ദേവരകൊണ്ടയുടെ പ്രസ്താവന. അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം ഒരു മാസം മുന്‍പ് ഫിലിം കമ്പാനിയന്‍ യൂട്യൂബില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇതില്‍ ഉള്‍പ്പെടുത്താതിരുന്ന ഭാഗമാണ് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചത്. 5 മിനിറ്റാണ് വീഡിയോയുടെ ദൈര്‍ഘ്യം. ‘ഡിലീറ്റ് ചെയ്ത ഭാഗങ്ങള്‍ – വോട്ടിംഗിനെയും രാഷ്ട്രീയത്തെയും കുറിച്ച് വിജയ് ദേവരക്കൊണ്ട’ എന്ന തലക്കെട്ടോട് കൂടിയാണ് വീഡിയോ അപ്‌ലോഡ് ചെയ്തിട്ടുള്ളത്.

വീഡിയോക്ക് താഴെ നിരവധി പേരാണ് നടനെ വിമര്‍ശിച്ചും അനുകൂലിച്ചും രംഗത്തെത്തിയിട്ടുള്ളത്. യൂട്യൂബ് കമന്റ് സെക്ഷനില്‍ വലിയ ചര്‍ച്ച തന്നെ ആരംഭിച്ചിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Vijay Devarakonda says Not everyone should be allowed to vote