| Thursday, 3rd June 2021, 1:50 pm

'എന്നിട്ടും അനര്‍ഹമായി പലതും നേടുന്നുവെന്നാണ് പ്രചാരണം'; മുസ്‌ലിം സമുദായത്തില്‍ നിന്നു പിരിച്ചെടുക്കുന്ന തുകയുടെ നാലിലൊന്ന് പോലും തിരിച്ചുലഭിക്കുന്നില്ലെന്ന് ഇ.കെ സമസ്ത നേതാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മുസ്‌ലിം സമുദായത്തില്‍ നിന്ന് പിരിച്ചെടുക്കുന്ന തുക സര്‍ക്കാര്‍ ഖജനാവിലെത്തിയിട്ടും അതിന്റെ നാലിലൊന്ന് പോലും സമുദായത്തിലെ അവശ വിഭാഗങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്ന് ഇ.കെ സമസ്ത നേതാവ് സത്താര്‍ പന്തല്ലൂര്‍.

കേരളത്തിലെ മുസ്‌ലിം പള്ളികള്‍, മദ്‌റസകള്‍ തുടങ്ങി ആയിരക്കണക്കിന് മത സ്ഥാപനങ്ങളില്‍ നിന്നും അതിന്റെ ഭൂരിഭാഗം വരുമാനങ്ങളിലെയും ഏഴ് ശതമാനം വഖഫ് ബോര്‍ഡ് പ്രാസിക്യൂഷന്‍ നടപടികളിലൂടെ പിടിച്ചെടുത്ത് സര്‍ക്കാര്‍ ഖജനാവിലെത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇതിന്റെ നാലിലൊന്ന് പോലും സമുദായത്തിലെ അവശ വിഭാഗങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്നും, എന്നിട്ടും സര്‍ക്കാറില്‍ നിന്നും മുസ്‌ലിങ്ങള്‍ അനര്‍ഹമായി പലതും നേടുന്നുവെന്നാണ് പ്രചാരണമെന്നും അദ്ദേഹം പറഞ്ഞു.

‘മുസ്‌ലിം സമുദായത്തിലെ അവശ ജനവിഭാഗത്തിന് നാമമാത്രമായ സാമൂഹ്യക്ഷേമ പദ്ധതികള്‍ വഖഫ് ബോര്‍ഡ് ആവിഷ്‌കരിച്ച് നടപ്പാക്കുന്നുവെന്നാണ് പറയുന്നത്. നിര്‍ധനരായ മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് വിവാഹ ധനസഹായം, വിദ്യാഭ്യാസത്തിനും ചികിത്സക്കുമുള്ള സഹായം, പള്ളി, മദ്‌റസകളിലെ ജീവനക്കാര്‍ക്ക് നാമമാത്ര പെന്‍ഷന്‍ എന്നിവ നല്‍കുന്നുണ്ടെന്ന് പറയുന്നെങ്കിലും സര്‍ക്കാറില്‍ നിന്ന് വര്‍ഷങ്ങളായി മതിയായ ഫണ്ട് അനുവദിക്കാത്തതിനാല്‍ മുസ്‌ലിങ്ങളിലെ അര്‍ഹതപ്പെട്ടവര്‍ക്ക് സഹായം ലഭിക്കുന്നില്ല,’ സത്താര്‍ പന്തല്ലൂര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

ക്രിസ്ത്യന്‍ മത സ്ഥാപനങ്ങളിലെ കോടിക്കണക്കിന് വരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ എന്തെങ്കിലും വിഹിതം കൈപ്പറ്റുകയോ, സഭകളുടെ സ്വത്തിലും വരുമാനത്തിനും ഇടപെടുകയോ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയോ ചെയ്യുന്നില്ല. ഈ സാഹചര്യത്തില്‍ മുസ്‌ലിം പള്ളികളിലേയും സ്ഥാപനങ്ങളിലേയും വരുമാനങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ക്രസ്ത്യന്‍ സഭകള്‍ക്ക് നല്‍കുന്ന സ്വാതന്ത്ര്യം പോലെ സര്‍ക്കാര്‍ തലത്തില്‍ മുസ്‌ലിങ്ങള്‍ക്കും അനുവാദം ലഭിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കേരള മദ്‌റസ അധ്യാപക ക്ഷേമനിധിയിലേക്കു സംസ്ഥാന സര്‍ക്കാര്‍ പണം നല്‍കുന്നുണ്ടോയെന്നു വ്യക്തമാക്കാന്‍ ഇന്നലെ ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. മദ്‌റസ അധ്യാപകര്‍ക്കു പെന്‍ഷന്‍ നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സമര്‍പ്പിച്ച ഹരജിയിലാണ് കോടതി നടപടി. ഈ പശ്ചാതലത്തില്‍ കൂടിയാണ് സത്താര്‍ പന്തല്ലൂരിന്റെ പ്രതികരണം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS:   Not even a quarter of the amount collected from the muslim community is refunded, EK Samastha leader Sathar Pantallur

We use cookies to give you the best possible experience. Learn more