ന്യൂദല്‍ഹി: 1986ലെ ബൊഫോഴ്‌സ് ആയുധ ഇടപാടില്‍ അഴിമതി നടന്നിട്ടില്ലെന്ന് രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി. ഇടപാടുമായി ബന്ധപ്പെട്ട് അഴിമതി നടന്നെന്ന് ഒരു കോടതിയും കണ്ടെത്തിയിട്ടില്ല. കേസില്‍ മാധ്യമ വിചാരണ മാത്രമാണ് നടന്നെതെന്നും രാഷ്ട്രപതി പറഞ്ഞു. ഒരു സ്വീഡിഷ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് പ്രണബ് മുഖര്‍ജി ഇക്കാര്യം പറഞ്ഞത്.
ബൊഫോഴ്‌സ് ആയുധ ഇടപാടിന് ശേഷം ഏറെക്കാലം പ്രതിരോധ മന്ത്രിയായിരുന്ന വ്യക്തിയാണ് ഞാന്‍. എന്റെ കീഴില്‍ പ്രവര്‍ത്തിച്ച സൈനിക മേധാവികളെല്ലാം തന്നെ ബൊഫോഴ്‌സ് തോക്കുകളെ കുറിച്ച് നല്ല അഭിപ്രായമാണ് പറഞ്ഞത്. ഇന്ത്യന്‍ സൈന്യം ഇപ്പോഴും ഈ തോക്കുകള്‍ ഉപയോഗിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ അഴിമതിയുണ്ടെന്ന് പറഞ്ഞത് മാധ്യമങ്ങളാണെന്നും രാഷ്ട്രപതി പറഞ്ഞു.
നിങ്ങള്‍ക്ക് ഒരു കാര്യത്തെ കുറിച്ച് സംശയങ്ങളുണ്ടാവാം പക്ഷെ അതെല്ലാം തെളിവുകളായി സ്വീകരിക്കരുതെന്നും പ്രണബ് മുഖര്‍ജി പറഞ്ഞു. അടുത്തയാഴ്ച സ്വീഡന്‍ സന്ദര്‍ശിക്കാനിരിക്കെയാണ് രാഷ്ട്രപതിയുടെ അഭിമുഖം പുറത്ത് വന്നിരിക്കുന്നത്.
മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയടക്കമുള്ള ഉന്നതര്‍ പ്രതിക്കൂട്ടിലായ അഴിമതി പുറത്തു വന്നതിനെ തുടര്‍ന്ന് ഇന്ത്യയും സ്വീഡനും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായിരുന്നു.
1986ലാണ് അഴിമതിക്കഥ പുറത്ത് വന്നിരുന്നത്. സ്വിസ് കമ്പനിയായ ബൊഫോഴ്‌സ് ആയുധ ഇടപാടിന്റെ ഭാഗമായി ഉന്നത രാഷ്ട്രീയ നേതാക്കള്‍ക്ക് കൈക്കൂലി നല്‍കിയെന്നായിരുന്നു ആരോപണം. ഇതിനെ തുടര്‍ന്ന് 1989ലെ പൊതു തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയപ്പെടുകയും ചെയ്തിരുന്നു.