|

'ഉള്ളില്‍ വെളിച്ചമില്ലാതിരിക്കുമ്പോള്‍ എങ്ങനെയാണ് പുറത്ത് വെളിച്ചം കത്തിക്കാന്‍ സാധിക്കുക'; യഥാര്‍ത്ഥ വെല്ലുവിളി ആവശ്യത്തിന് ടെസ്റ്റിംഗ് കിറ്റുകളും സുരക്ഷാ ഉപകരണങ്ങളും ഇല്ലാത്തതാണെന്ന് അഖിലേഷ് യാദവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലക്‌നൗ: രാജ്യം ഇപ്പോള്‍ നേരിടുന്ന യഥാര്‍ത്ഥ വെല്ലുവിളി കൊവിഡ് ടെസ്റ്റ് നടത്താന്‍ ആവശ്യത്തിന് കിറ്റുകല്‍ ഇല്ലാത്തതും ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ സുരക്ഷയ്ക്ക് വേണ്ടി സുരക്ഷാ ഉപകരണങ്ങള്‍ ഇല്ലാത്തതും പാവപ്പെട്ടവന് കഴിക്കാന്‍ ഭക്ഷണമില്ലാത്തതുമാണെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദീപം തെളിയിക്കാനുള്ള ആഹ്വാനത്തിനെതിരെയായിരുന്നു അഖിലേഷിന്റെ വിമര്‍ശനം. ട്വിറ്ററിലൂടെയായിരുന്നു അഖിലേഷിന്റെ പ്രതികരണം.

” ആളുകളെ പരിശോധിക്കാന്‍ ആവശ്യത്തിന് കിറ്റുകളില്ല. ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ സുരക്ഷയ്ക്കായി സുരക്ഷാ ഉപകരണങ്ങളില്ല, പാവപ്പെട്ടവന് ആവശ്യത്തിന് ഭക്ഷണമില്ല. ഇതൊക്കെയാണ് ഇന്ന് നേരിടുന്ന പ്രധാന വെല്ലുവിളികള്‍,” അദ്ദേഹം പറഞ്ഞു.

”ഒന്ന് ആലോചിച്ച് നോക്കൂ, ഉള്ളില്‍ വെളിച്ചമില്ലാതിരിക്കുമ്പോള്‍ എങ്ങനെയാണ് ഒരാള്‍ക്ക് പുറത്ത് വെളിച്ചം കത്തിച്ചുവെക്കാന്‍ സാധിക്കുക” അദ്ദേഹം ചോദിച്ചു.

ഏപ്രില്‍ അഞ്ചിന് രാത്രി 9 മണിയ്ക്ക് രാജ്യത്തെ 130 കോടി ജനങ്ങള്‍ ലൈറ്റുകള്‍ പ്രകാശിപ്പിക്കണമെന്നും വീട്ടിലെ വൈദ്യുതി അണച്ചായിരിക്കണം ഇത് ചെയ്യേണ്ടതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നു.

ടോര്‍ച്ച്, മൊബൈല്‍ ലൈറ്റ് എന്നിവ കത്തിച്ച് ഒമ്പത് മിനിറ്റ് ഉയര്‍ത്തണം. കൊവിഡ് ഭീഷണിയുടെ ഇരുട്ട് മായ്ക്കണം. ആരും ഒറ്റക്കല്ല എന്ന സന്ദേശം ഇത് വഴി നല്‍കണമെന്നും മോദി പറഞ്ഞിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Video Stories