ട്രംപിനെ അംഗീകരിക്കാന്‍ തയ്യാറല്ല; പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ബൈഡന് വോട്ട് ചെയ്യുകയുമില്ല: മുന്‍ യു.എസ് വൈസ് പ്രസിഡന്റ്
World News
ട്രംപിനെ അംഗീകരിക്കാന്‍ തയ്യാറല്ല; പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ബൈഡന് വോട്ട് ചെയ്യുകയുമില്ല: മുന്‍ യു.എസ് വൈസ് പ്രസിഡന്റ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 16th March 2024, 7:56 pm

വാഷിങ്ടണ്‍: 2024 പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപ് മത്സരിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് മുന്‍ യു.എസ് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ്. പല വിഷയങ്ങളിലും ട്രംപുമായി അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെന്നും മൈക്ക് പെന്‍സ് ചൂണ്ടിക്കാട്ടി.

രാഷ്ട്ര തലവനെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതകളില്‍ നിന്ന് ട്രംപ് വഴിമാറിപോയിരുന്നെന്നും മൈക്ക് പെന്‍സ് പറഞ്ഞു. പ്രസിഡന്റ് തെരഞ്ഞെടുപ്പിലേക്കുള്ള റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥികളുടെ പട്ടിക പൂര്‍ത്തിയായതിന് പിന്നാലെയാണ് പെന്‍സിന്റെ പ്രതികരണം.

അമേരിക്കയെ ശക്തവും സമൃദ്ധവും സ്വതന്ത്രവുമാക്കുകയും ചെയ്യുന്ന വിശാലമായ യാഥാസ്ഥിതിക അജണ്ടയ്ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ച വ്യക്തിയാണ് ട്രംപെന്നും മൈക്ക് പെന്‍സ് വിമര്‍ശനം ഉയര്‍ത്തി. എന്നാല്‍ ട്രംപ്-പെന്‍സ് ഭരണ കാലയളവിനെ അഭിമാനത്തോടെ കാണുന്നുവെന്നും റിപ്പബ്ലിക്കന്‍ നേതാവ് പറഞ്ഞു.

അതേസമയം തെരഞ്ഞെടുപ്പില്‍ ജോ ബൈഡന് വോട്ട് ചെയ്യില്ലെന്നും മൈക്ക് പെന്‍സ് വ്യക്തമാക്കി. ആര്‍ക്കാണ് വോട്ട് ചെയ്യക എന്ന ചോദ്യത്തിന് കൃത്യമായ മറുപടി നല്‍കാതെ വോട്ട് തനിക്കായി സൂക്ഷിച്ചുവെക്കുന്നുവെന്ന് പെന്‍സ് ഉത്തരം നല്‍കി. ഭരണഘടനയ്ക്ക് മേല്‍ തങ്ങളെ തന്നെ പ്രതിഷ്ഠിക്കുന്നവര്‍ അമേരിക്കയുടെ പ്രസിഡന്റാകരുതെന്നും മുന്‍ വൈസ് പ്രസിഡന്റ് പറഞ്ഞു.

2021 ജനുവരി 6ന് യു.എസ് ക്യാപിറ്റലില്‍ ട്രംപ് അനുകൂലികള്‍ നടത്തിയ കലാപത്തില്‍ മുന്‍ പ്രസിഡന്റിന്റെ പങ്കിനെച്ചൊല്ലി പരസ്യമായി പെന്‍സ് വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. അതൃപ്തി അറിയിച്ചതിന് പിന്നാലെ ട്രംപ് അനുകൂലികള്‍ മൈക്ക് പെന്‍സിനെ തൂക്കിക്കൊല്ലൂ എന്ന് ആക്രോശിച്ചിരുന്നു.

Content Highlight: Not endorsing Trump for 2024 elections, says former VP Mike Pence