| Sunday, 22nd November 2015, 8:35 am

ദാവൂദ് ഇബ്രാഹിമിനെ തിരിച്ചുകൊണ്ടുവരുക എളുപ്പമല്ല: അയാള്‍ ശത്രുരാജ്യത്തിന്റെ സംരക്ഷണയിലെന്ന് ദല്‍ഹി മുന്‍ പോലീസ് ചീഫ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: അധോലോകനായകനായ ദാവൂദ് ഇബ്രാഹിമിനെ ഇന്ത്യയിലേക്ക് മടക്കിക്കൊണ്ടുവരുക എളുപ്പമല്ലെന്ന് ദല്‍ഹിയിലെ മുന്‍ പോലീസ് ചീഫ് നീരജ് കുമാര്‍.

ദാവൂദ് ശത്രുരാജ്യത്തിന്റെ സംരക്ഷണയിലാണെന്നും ദാവൂദിന്റെ കടുത്ത എതിരാളിയായ ഛോട്ടാ രാജന്റെ അറസ്റ്റ് ദാവൂദിനെ കണ്ടെത്താന്‍ സഹായകരമാകുമെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

പാക്കിസ്ഥാന്‍ ചാര സംഘടനയായ ഐ.എസ്.ഐയുടെ സംരക്ഷണയിലാണ് ദാവൂദ് എന്ന് ഉറപ്പിച്ചുപറയാന്‍ സാധിക്കില്ല. എന്നിരുന്നാലും ഇന്ത്യയ്ക്ക് എത്തിപ്പിടിക്കാന്‍ പറ്റുന്ന ദൂരത്തിലല്ല ദാവൂദ് ഇപ്പോള്‍ ഉള്ളത്.

അദ്ദേഹം ശത്രുരാജ്യത്തിന്റെ സംരക്ഷണയിലാണെന്നും പാക്കിസ്ഥാന്റെ പേര് പരാമര്‍ശിക്കാതെ നീരജ് കുമാര്‍ പറഞ്ഞു. ദാവൂദിനെ തിരികെ ഇന്ത്യയിലെത്തിക്കാനായി സര്‍ക്കാര്‍ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നും ഒരു നാള്‍ അത് വിജയത്തിലെത്തുമെന്നും അദ്ദേഹം വ്യക്തമാക്തി.

ഡയല്‍ ഡി ഫോര്‍ ഡോണ്‍ എന്ന തന്റെ പുസ്തക പ്രകാശന ചടങ്ങിനിടെ മുംബൈയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 1990 ല്‍ ദാവൂദ് ഇബ്രാഹിം പോലീസില്‍ കീഴടങ്ങാന്‍ ഒരു ശ്രമം നടത്തിയിരുന്നെന്ന വെളിപ്പെടുത്തലും ഇദ്ദേഹം പുസ്തകത്തിലൂടെ പങ്കുവെക്കുന്നുണ്ട്.

മൂന്ന് തവണ ദാവൂദുമായി ഫോണില്‍ സംസാരിച്ചിട്ടുണ്ട്. ഒന്ന് 1994 ലാണ്. അന്ന് 1993 ലെ ബോംബ് സ്‌ഫോടനക്കേസ് അന്വേഷിക്കുന്ന സമയത്തായിരുന്നു. പിന്നെ കഴിഞ്ഞവര്‍ഷവും അദ്ദേഹവുമായി ഫോണില്‍ സംസാരിച്ചു. താന്‍ സംസാരിച്ചത് ദാവൂദുമായാണെന്ന് ഉറപ്പിച്ചുപറയുന്നില്ലെന്നും എന്നാലും അത് അദ്ദേഹം തന്നെയായിരുന്നെന്ന് ഉറച്ചുവിശ്വസിക്കുന്നതായും നീരജ് പറഞ്ഞു.

ബോംബ് സ്‌ഫോടനക്കേസില്‍ തന്റെ നിലപാട് വ്യക്തമാക്കാന്‍ ദാവൂദ് ആഗ്രഹിക്കുന്നു എന്ന മനീഷ് ലാലയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് ദാവൂദുമായി സംസാരിക്കാന്‍ സാധിച്ചത്. എന്നാല്‍ അദ്ദേഹത്തെ പിന്‍തുടരാനുള്ള ശ്രമങ്ങള്‍ വിജയിച്ചിരുന്നില്ലെന്നും നീരജ് പറയുന്നു.

അധോലോകവുമായി ബന്ധപ്പെട്ട എല്ലാ വിവരവും ഛോട്ടാരാജന്റെ കൈവശമുണ്ടായിരുന്നു. എന്നാല്‍ അതെല്ലാം ഇന്ന് ചരിത്രം മാത്രമാണ്.കാരണം 1993 ല്‍ ദാവൂദും രാജനും വേര്‍പിരിഞ്ഞ ശേഷം പ്രധാനപ്പെട്ട എല്ലാ രേഖകളും അവര്‍ പരസ്പരം മറച്ചുവയ്ക്കുകയോ നശിപ്പിക്കുയോ ചെയ്തിരുന്നെന്നും നീരജ് പറയുന്നു.

We use cookies to give you the best possible experience. Learn more