'ഞാന്‍ ബി.ജെ.പിയല്ല, ബി.ജെ.പി സ്ഥാനാര്‍ത്ഥിയുമാകേണ്ട'; ബി.ജെ.പി സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്മാറി കോണ്‍ഗ്രസ് നേതാവിന്റെ ഭാര്യ
national news
'ഞാന്‍ ബി.ജെ.പിയല്ല, ബി.ജെ.പി സ്ഥാനാര്‍ത്ഥിയുമാകേണ്ട'; ബി.ജെ.പി സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്മാറി കോണ്‍ഗ്രസ് നേതാവിന്റെ ഭാര്യ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 19th March 2021, 8:01 am

കൊല്‍ക്കത്ത: ബംഗാളില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി അനുമതിയില്ലാതെ തന്റെ പേര് പ്രഖ്യാപിച്ചെന്ന പരാതിയുമായി കോണ്‍ഗ്രസ് നേതാവിന്റെ ഭാര്യ.

ചൗരിംഗീ നിയമസഭാ സീറ്റിലാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് നേതാവ് സോമന്‍ മിത്രയുടെ ഭാര്യ സിഖ മിത്രയെ പാര്‍ട്ടി നാമനിര്‍ദേശം ചെയ്തത്. എന്നാല്‍ തന്റെ പേര് സമ്മതമില്ലാതെയാണ് പ്രഖ്യാപിച്ചതെന്നും താന്‍ മത്സരിക്കുന്നില്ലെന്നും അറിയിച്ച് ഇവര്‍ രംഗത്തെത്തി.

ബി.ജെ.പി നേതാവും കുടുംബസുഹൃത്തുമായ സുവേന്തുു അധികാരിയുമായുള്ള കൂടിക്കാഴ്ചയെത്തുടര്‍ന്നാണ് താന്‍ ബി.ജെ.പിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ പ്രചരിച്ചതെന്നും സിഖ മിത്ര പറഞ്ഞു.

”ഇല്ല, ഞാന്‍ എവിടെ നിന്നും മത്സരിക്കുന്നില്ല. എന്റെ സമ്മതമില്ലാതെയാണ് എന്റെ പേര് പ്രഖ്യാപിച്ചത്. കൂടാതെ, ഞാന്‍ ബി.ജെ.പിയില്‍ ചേരുന്നുമില്ല,” അവര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

സിഖ മിത്ര, പാര്‍ട്ടി വൈസ് പ്രസിഡന്റ് മുകുള്‍ റോയ്, മുന്‍ സംസ്ഥാന യൂണിറ്റ് തലവന്‍ രാഹുല്‍ സിന്‍ഹ എന്നിവരുള്‍പ്പെടെ 148 പേരുടെ പേരുകളാണ് ബി.ജെ.പി വ്യാഴാഴ്ച പ്രഖ്യാപിച്ചത്.

അതേസമയം, കേരളത്തില്‍ ബി.ജെ.പി ദേശീയ നേതൃത്വം നിര്‍ദേശിച്ച മാനന്തവാടി നിയോജകമണ്ഡലം സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നും സി. മണിക്കുട്ടന്‍ പിന്മാറിയിരുന്നു.

സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നും പിന്മാറിയതിന് പിന്നാലെ ബി.ജെ.പിക്കെതിരെ പരോക്ഷ വിമര്‍ശനവുമായി സി. മണിക്കുട്ടന്‍ രംഗത്തെത്തിയിരുന്നു.

‘ഈ കാണുന്ന വിളക്കുകാലില്‍ എന്നെ തലകീഴായി കെട്ടിത്തൂക്കിയാലും ഞാനെന്റെ ജനതയെ ഒറ്റുകൊടുക്കില്ല’ എന്ന അംബേദ്ക്കറിന്റെ വാക്കുകള്‍ പോസ്റ്റ് ചെയ്താണ് മണിക്കുട്ടന്‍ ബി.ജെ.പിക്ക് മറുപടി നല്‍കിയത്.

 

Content Highlights: Not contesting from Chowringhee, name announced by BJP without my consent: Sikha Mitra