| Wednesday, 15th January 2025, 2:39 pm

മാപ്പ് പറഞ്ഞ് ബോബി ചെമ്മണ്ണൂർ; സ്വമേധയാ കേസ് എടുക്കില്ല, ഒത്തുതീർപ്പാക്കി ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കോടതിയുടെ രൂക്ഷവിമർശനത്തിന് പിന്നാലെ കളം മാറ്റിചവിട്ടി വ്യവസായി ബോബി ചെമ്മണ്ണൂർ. കോടതിയോട്മാപ്പ് പറയാൻ തയാറാണെന്ന് ബോബി ചെമ്മണ്ണൂർ പറഞ്ഞു.  ജാമ്യം കിട്ടിയിട്ടും പുറത്തിറങ്ങാൻ പറ്റാത്ത സഹതടവുകാർക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് താൻ ജയിലിൽ തന്നെ തുടരുമെന്ന് ബോബി ചെമ്മണ്ണൂർ പറഞ്ഞിരുന്നു. ബോബി ചെമ്മണ്ണൂരിന് ജാമ്യം നല്‍കിയതിന് പിന്നാലെയുണ്ടായ ഈ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ ഹൈക്കോടതി സ്വമേധയാ കേസ് എടുക്കുമെന്ന് പറഞ്ഞിരുന്നു.

ഇതിന് പിന്നാലെയാണ് പുതിയ നയവുമായി ബോബി ചെമ്മണ്ണൂർ രംഗത്തെത്തിയിരിക്കുന്നത്. പിന്നാലെ ബോബി ചെമ്മണ്ണൂരിന്റെ മാപ്പ് കോടതി സ്വീകരിക്കുകയും ചെയ്തു. തുടർന്ന് കേസ് ഹൈക്കോടതി തീർപ്പാക്കി.

തന്റെ ആരാധകരോട് ജയിലിൽ വരരുതെന്ന് താൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും വന്നത് ആരാണെന്ന് അറിയില്ലെന്നും ബോബി ചെമ്മണ്ണൂർ കൂട്ടിച്ചേർത്തു. ഇന്നലെ പുറത്തിറങ്ങാനുള്ള സാഹചര്യങ്ങൾ ഇല്ലായിരുന്നെന്നും എന്തോ ടെക്‌നിക്കൽ പ്രോബ്ലം മൂലമാണ് ഇറങ്ങാതിരുന്നതെന്നും ബോബി കൂട്ടിച്ചേർത്തു.

കോടതിയോട് എന്നും ബഹുമാനമാണെന്നും മാപ്പ് പറയാന്‍ തയാറാണെന്നും മാധ്യമങ്ങളോട് ബോബി ചെമ്മണ്ണൂർ പറഞ്ഞു. ‘ഇതുവരെ കോടതിയ ധിക്കരിച്ചിട്ടില്ല. നീതിന്യായ വ്യവസ്ഥയിൽ വിശ്വാസമുണ്ട്. തന്നെ സ്വീകരിക്കാൻ എത്തിയവരുമായി ബന്ധമില്ല. ഇന്നലെ ഇറങ്ങാനുള്ള സംവിധാനം ഉണ്ടായിരുന്നില്ല അതിനാലാണ് ഇറങ്ങാതിരുന്നത്. എന്‍റെ വാക്കുകൾ വേദനിപ്പിച്ചുവെങ്കിൽ മാപ്പ്. ഇനി വാക്കുകൾ ശ്രദ്ധിച്ച് മാത്രമേ ഉപയോഗിക്കുകയുള്ളു,’ ബോബി ചെമ്മണ്ണൂർ പറഞ്ഞു.

ബോബി നാടകം കളിക്കുകയാണോ എന്നും ഇന്നലെ തന്നെ റിലീസ് ഓര്‍ഡര്‍ ലഭിച്ചിട്ടും പുറത്തിറങ്ങാതെ നാടകം കളിക്കരുതെന്നും ഇങ്ങനെ കളിച്ചാല്‍ ജാമ്യം റദ്ദാക്കാന്‍ തനിക്കറിയാമെന്നുമായിരുന്നു കോടതിയുടെ വിമര്‍ശനം.

കഥ മെനയാന്‍ ശ്രമിക്കുകയാണോ എന്നും കോടതിയെ മുന്‍നിര്‍ത്തി മാധ്യമശ്രദ്ധ നേടാന്‍ ശ്രമിക്കുകയാണോ എന്നും കോടതി ചോദിച്ചു. ബി.രാമന്‍പിള്ളയെ പോലുള്ള മുതിര്‍ന്ന അഭിഭാഷകരെയും കോടതിയയെയും പരിഹസിക്കുന്ന നടപടിയാണ് ബോബി ചെമ്മണ്ണൂരിന്റേതെന്നും കോടതി വാക്കാല്‍ വിമര്‍ശിച്ചു.

ജാമ്യം റദ്ദാക്കി അറസ്റ്റ് ചെയ്ത് ഈ കേസില്‍ വിചാരണ നടത്താനുള്ള അധികാരമുണ്ടെന്നും 12 മണിക്ക് കേസ് വീണ്ടും പരിഗണിക്കുമെന്നും വിശദീകരണം നല്‍കണമെന്നും കോടതി ചൂണ്ടിക്കാട്ടുകയും ചെയ്തു. എന്തുകൊണ്ട് പുറത്ത് വന്നില്ലെന്ന് വിശദമാക്കണമെന്നും വിശദീകരണം നല്‍കിയില്ലെങ്കില്‍ ജാമ്യം റദ്ദാക്കുമെന്നും കോടതി പറഞ്ഞു.

മറ്റ് തടവുകാരുടെ വക്കാലത്ത് ബോബി ഏറ്റെടുക്കേണ്ടെന്ന് പറഞ്ഞ കോടതി ഇവിടെ നീതി ന്യായ വ്യവസ്ഥയുണ്ടെന്നും മുന്നറിയിപ്പ് നല്‍കി.

ഇന്നലെ ജാമ്യം ലഭിച്ചിട്ടും പുറത്തിറങ്ങാന്‍ ബോബി ചെമ്മണ്ണൂര്‍ വിസമ്മതിച്ചിരുന്നു. ജാമ്യം അടിയന്തരമായി പരിഗണിക്കണമെന്നാവശ്യപ്പെട്ട് ഹരജി നല്‍കിയ ബോബി ജാമ്യം ലഭിച്ചപ്പോള്‍ താന്‍ ഇറങ്ങില്ലെന്നായിരുന്നു വാദിച്ചിരുന്നത്. പുറത്തിറങ്ങാതിരിക്കുന്നത് സഹതടവുകാര്‍ക്കുള്ള ഐക്യദാര്‍ഢ്യമാണെന്നുമായിരുന്നു വാദം.

നടി ഹണി റോസിനെതിരെ ലൈംഗികാധിക്ഷേപ പരാമ‍ർശം നടത്തിയെന്നത് പ്രഥമദൃഷ്ട്യാ തന്നെ ബോധ്യപ്പെട്ടെന്ന് വ്യക്തമാക്കിയാണ് ബോബി ചെമ്മണ്ണൂരിന് ഹൈക്കോടതി ഇന്നലെ ജാമ്യം അനുവദിച്ചത്. ”ഒരു സ്ത്രീയുടെ രൂപം കണ്ടാണ് നിങ്ങൾ അവളെ വിലയിരുത്തുന്നതെങ്കിൽ നിങ്ങൾക്ക് തെറ്റ്, അത് നിങ്ങളെത്തന്നെയാണ് വിലയിരുത്തുന്നതെന്ന’ പ്രശസ്ത അമേരിക്കൻ പ്രഭാഷകനായ സ്റ്റീവ് മാരാബൊളിയുടെ വാക്കുകൾ ഉദ്ധരിച്ചാണ് കോടതി ജാമ്യ ഉത്തരവ് ആരംഭിച്ചത്.

ദ്വയർഥ പ്രയോഗമാണ് ബോബി ചെമ്മണ്ണൂർ നടത്തിയത്. കേൾക്കുന്ന ഏത് മലയാളിക്കും അത് മനസിലാകും. പൊലീസ് ചുമത്തിയ കുറ്റങ്ങൾ നിലനിൽക്കുന്നതാണ്. മറ്റൊരാളുടെ ശരീരത്തെപ്പറ്റി പരാമർശങ്ങൾ നടത്താൻ പ്രതിക്ക് എന്താണ് അവകാശമുളളത്. പൊതുസമൂഹത്തിന് മുന്നിൽ ഇത്തരം പരാമർശങ്ങൾ എല്ലാവരും ഒഴിവാക്കണം. സമാനമായ രീതിയിലുളള പരാമർശങ്ങൾ ഇനിയാവർത്തിക്കില്ലെന്ന് പ്രതിഭാഗം അഭിഭാഷകൻ നൽകിയ ഉറപ്പ് കോടതി വിശ്വാസത്തിൽ എടുക്കുകയാണ്. ബോ‍ഡി ഷെയ്മിങ് എന്നത് സമൂഹത്തിന് ഉൾക്കൊളളാൻ പറ്റുന്നതല്ല. ശരീര പ്രകൃതിയുടെ പേരിൽ പൊതുസമൂഹത്തിന് മുന്നിൽ അവഹേളിക്കുന്നത് അനുവദിക്കാനാകില്ല. കസ്റ്റഡി ആവശ്യമില്ലെന്നും സമാനമായ കുറ്റകൃത്യം ആവർത്തിക്കില്ലെന്നുമുളള പ്രതിയുടെ ഉറപ്പ് പരിഗണിച്ചാണ് ജാമ്യം നൽകുന്നതെന്നും കോടതി വ്യക്തമാക്കിയിരുന്നു.

Content Highlight: Not challenged in court. Apologies; Bobby Chemmannur stepped on the field

We use cookies to give you the best possible experience. Learn more