'നിരവധി ജീവനുകളാണ് നഷ്ടപ്പെട്ടത്; എന്റെ ജനങ്ങള്‍ ദു:ഖത്തിലാണ്'; ഹോളി ആഘോഷിക്കില്ലെന്ന് കെജ്‌രിവാള്‍
India
'നിരവധി ജീവനുകളാണ് നഷ്ടപ്പെട്ടത്; എന്റെ ജനങ്ങള്‍ ദു:ഖത്തിലാണ്'; ഹോളി ആഘോഷിക്കില്ലെന്ന് കെജ്‌രിവാള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 4th March 2020, 4:16 pm

ന്യൂദല്‍ഹി: ദല്‍ഹി കലാപത്തിന്റെ പശ്ചാത്തലത്തില്‍ ഹോളി ആഘോഷങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുമെന്ന് മുഖ്യമന്ത്രി കെജ്‌രിവാള്‍. കൊറോണ വൈറസിന്റെ പശ്ചാത്തലത്തിലും ദല്‍ഹി കലാപത്തിന്റെ പശ്ചാത്തലത്തിലും ഹോളി ആഘോഷങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുകയാണെന്നാണ് കെജ്‌രിവാളിന്റെ ട്വീറ്റ്.

” ഞാനും ഈ വര്‍ഷം ഹോളി ആഘോഷിക്കുന്നില്ല, ഒരു കാരണം (കൊറോണ വൈറസ്) ആണ്. മറ്റൊന്ന് അടുത്തിടെ ദല്‍ഹിയില്‍ നടന്ന അക്രമം. നിരവധി പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. ആളുകള്‍ വേദനയിലാണ്, അതുകൊണ്ട് ഞാനോ മന്ത്രിമാരോ എം.എല്‍.എയോ ഹോളി ആഘോഷിക്കില്ല”, കെജ്‌രിവാള്‍ ട്വീറ്റ് ചെയ്തു.

കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ ഹോളി ആഘോഷങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷായും മറ്റ് ബി.ജെ.പി നേതാക്കളും ട്വീറ്റ് ചെയ്തിരുന്നു.


കൊറോണ വൈറസ് പടരാതിരിക്കാന്‍ ജനങ്ങള്‍ ഒന്നാകെ പങ്കെടുക്കുന്ന പരിപാടികളില്‍ നിന്നും വിട്ടുനില്‍ക്കണമെന്നാണ് വിദഗ്ധരില്‍ നിന്നും ലഭിച്ച നിര്‍ദേശമെന്നും അതുകൊണ്ട് തന്നെ ഇത്തവണത്തെ ഹോളി ആഘോഷങ്ങളില്‍ നിന്നും വിട്ടുനില്‍ക്കാനാണ് താന്‍ തീരുമാനിച്ചിരിക്കുന്നതെന്നുമായിരുന്നു മോദിയുടെ ട്വീറ്റ്.

ഇറ്റലിയില്‍ നിന്ന് എത്തിയ 15 പേര്‍ ഉള്‍പ്പെടെ 18 പേര്‍ക്ക് ഇന്ത്യയില്‍ കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ ദല്‍ഹി സ്വദേശിയും ഉള്‍പ്പെടും. രാജ്യത്ത് വൈറസ് ബാധിതതരുടെ എണ്ണം കൂടുന്നതിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രമന്ത്രി ഹര്‍ഷവര്‍ധന്‍ അടിയന്തരയോഗം വിളിച്ചിട്ടുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ