| Wednesday, 26th September 2018, 10:39 pm

ഇന്ത്യയിലെ രാഷ്ട്രീയം വൃത്തികെട്ടതാണ്; തനിക്ക് ഒരു പാര്‍ട്ടിയോടും ചായ്‌വില്ലെന്നും ബാബ രാംദേവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യയിലെ രാഷ്ട്രീയം വൃത്തിക്കെട്ടതാണെന്ന് ബാബ രാംദേവ്. സര്‍ക്കാരും പ്രതിപക്ഷവും അഴുകിയ ഭാഷയാണ് ഉപയോഗിക്കുന്നതെന്നും ഇത് രാജ്യത്തിനു നല്ലതല്ലെന്നും അദ്ദേഹം പറഞ്ഞു.

താന്‍ അരാഷ്ട്രീയവാദിയാണെന്നും ഒരു പാര്‍ട്ടിയോടും തനിക്ക് ചായ്‌വില്ലെന്നും രാംദേവ് പറഞ്ഞു. എന്റെ പ്രവര്‍ത്തനം മത രംഗത്താണ്, താന്‍ പ്രധാന്യം നല്‍കുന്നത് അതിനാണെന്നും അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയം പ്രശ്നങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണ്, വികസനം, ആരോഗ്യം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യം, നയങ്ങള്‍, കാര്‍ഷികം, എന്നിവയുമായി ബന്ധപ്പെട്ടിട്ടുള്ളതാണെന്നും ഇക്കാര്യത്തില്‍ അവര്‍ ചര്‍ച്ച നടത്തട്ടെയെന്നും റാഫേല്‍ ഇടപാടില്‍ കോണ്‍ഗ്രസ്-ബി.ജെ.പി പ്രചാരണങ്ങളെ ഉദ്ധരിച്ച് ബാബ രാംദേവ് കൂട്ടിച്ചേര്‍ത്തു.


Read Also : റിലയന്‍സിനെ പുണര്‍ന്ന് വീണ്ടും കേന്ദ്രസര്‍ക്കാര്‍; നാവികസേനയുടെ ലാന്‍ഡിംഗ് പ്ലാറ്റ്‌ഫോമിനായി കൊച്ചി കപ്പല്‍ശാലയെ ഒഴിവാക്കിയത് വിവാദത്തില്‍


2019ല്‍ നടക്കാനിരിക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കായി പ്രചരണത്തിനിറങ്ങില്ലെന്ന് നേരത്തെ ബാബാ രാംദേവ് പറഞ്ഞിരുന്നു. ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ പ്രചരണത്തിന് ഇറങ്ങുമോ എന്ന ചോദ്യത്തിന് എന്തിന് താന്‍ പ്രചരണം നടത്തണം എന്നായിരുന്നു ബാബയുടെ മറുപടി. ദിനം പ്രതി ഉയരുന്ന ഇന്ധന വില നിയന്ത്രിച്ചില്ലെങ്കില്‍ തിരഞ്ഞെടുപ്പില്‍ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും മോദിയുടെ അടുത്ത സുഹൃത്ത് കൂടിയായ ബാബ രാംദേവ് പറഞ്ഞിരുന്നു.



2014ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ മോദിക്കും ബി.ജെ.പിക്കും വേണ്ടി ബാബാ രാംദേവ് പ്രചരണത്തിനിറങ്ങിയിരുന്നു. ഒരു വര്‍ഷത്തിന് ശേഷം അദ്ദേഹം ഹരിയാനയുടെ ബ്രാന്റ് അംബാസിഡറായി തെരഞ്ഞെടുക്കപ്പെട്ടു. കാബിനറ്റ് റാങ്കും കാറുമടക്കമുള്ള സൗകര്യങ്ങളും ബി.ജെ.പിക്ക് അദ്ദേഹത്തിന് നല്‍കിയിരുന്നു.

രാഷ്ട്രീയത്തില്‍ നിന്ന് അകലം പാലിച്ച് വരികയാണ്. എന്തിനാണ് താന്‍ ഒരു പാര്‍ട്ടിക്ക് വേണ്ടി പ്രചാരണം നടത്തുന്നത്. എല്ലാ പാര്‍ട്ടികളെയും ഒരുപോലെ കാണുന്നു.
പ്രധാനമന്ത്രിയെ വിമര്‍ശിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. പക്ഷെ എന്റെ കാഴ്ചപ്പാടില്‍ അദ്ദേഹം ചില നല്ല മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. ക്ലീന്‍ ഇന്ത്യ പദ്ധതിയടക്കമുള്ളവയാണത്. പ്രധാനമായും ഉന്നയിക്കാന്‍ അഴിമതി ആരോപണങ്ങളില്ല എന്നത് അദ്ദേഹത്തിന്റെ നേട്ടമായി തന്നെ കാണണമെന്നുമായിരുനനു അദ്ദേഹം പറഞ്ഞത്.

അതേസമയം പെട്രോള്‍ വില സംബന്ധിച്ച്, സര്‍ക്കാര്‍ നികുതി എടുത്തുകളഞ്ഞാല്‍ ലിറ്ററിന് 40 രൂപയ്ക്ക് വില്‍ക്കാനാകും. കുതിച്ചുയരുന്ന വിലകള്‍ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണം. അല്ലെങ്കില്‍ മോദി സര്‍ക്കാരിന് അതിന്റെ ഫലം അനുഭവിക്കേണ്ടി വരും. രൂപയുടെ വില ഒരിക്കലും ഇത്രകണ്ട് താണിട്ടില്ല. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഒന്നും തന്നെ ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more