ന്യൂദല്‍ഹി: ത്രിപുരയില്‍ ഇക്കഴിഞ്ഞ സിവിക് ബോഡി തെരഞ്ഞെടുപ്പ് ഫലം കാണിക്കുന്നത് കോണ്‍ഗ്രസിന്റെ വന്‍ തകര്‍ച്ച. മൂന്ന് വര്‍ഷം മുന്‍പ് വരെ സംസ്ഥാനത്തെ മുഖ്യ പ്രതിപക്ഷമായിരുന്ന കോണ്‍ഗ്രസിന് കഴിഞ്ഞ സിവിക് തെരഞ്ഞെടുപ്പില്‍ ഒറ്റ സീറ്റില്‍ പോലും ജയിക്കാനായിട്ടില്ല.
വെറും രണ്ട് ശതമാനം മാത്രമാണ് കോണ്‍ഗ്രസിന്റെ വോട്ട് ഷെയര്‍. 2015 ല്‍ 13 സീറ്റും 25 ശതമാനം വോട്ട് ഷെയറുമുണ്ടായിരുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്.
14 അര്‍ബന്‍ ബോഡികളിലായി 334 വാര്‍ഡുകളിലേക്കാണ് നവംബറില്‍ തെരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ 112 വാര്‍ഡുകളിലേക്ക് ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
ബാക്കിയുള്ള 222 സീറ്റില്‍ 217 സീറ്റിലും ബി.ജെ.പി തന്നെയാണ് തെരഞ്ഞെടുപ്പിന് ശേഷവും ജയിച്ചത്. 59 ശതമാനമാണ് ബി.ജെ.പിയുടെ വോട്ട് ഷെയര്‍.
സി.പി.ഐ.എം മൂന്ന് സീറ്റിലും തൃണമൂല്‍ കോണ്‍ഗ്രസും ടിപ്രയും (ത്രിപുര ഇന്‍ഡിജനസ് പ്രോഗസ്റ്റീവ് അലയന്‍സ്) ഓരോ സീറ്റിലും ജയിച്ചു.
2013 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സി.പി.ഐ.എം നേതൃത്വത്തിലുള്ള ഇടത് സര്‍ക്കാര്‍ വന്‍വിജയം നേടിയപ്പോഴും കോണ്‍ഗ്രസിന് 36.5 ശതമാനം വോട്ട് ഷെയറോടെ ആറ് എം.എല്‍.എമാരുണ്ടായിരുന്നു.
2014 ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ ആകെയുള്ള രണ്ട് സീറ്റില്‍ ഒന്നില്‍പ്പോലും ജയിക്കാനായില്ലെങ്കിലും കോണ്‍ഗ്രസിന് 15.2 ശതമാനം വോട്ട് ഷെയറുണ്ടായിരുന്നു. സി.പി.ഐ.എം തന്നെയായിരുന്നു ഏറ്റവും വലിയ ഒറ്റക്കക്ഷി. അതേസമയം ആ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയ്ക്ക് 5.7 ശതമാനം വോട്ട് ഷെയര്‍ ലഭിച്ചു.
2015 ലെ മുനിസിപ്പല്‍ തെരഞ്ഞെടുപ്പിലും മുഖ്യപ്രതിപക്ഷ കക്ഷി എന്ന സ്ഥാനം നിലനിര്‍ത്താന്‍ കോണ്‍ഗ്രസിനായിരുന്നു. കോണ്‍ഗ്രസിന് 25.3 ശതമാനം വോട്ട് ലഭിച്ചപ്പോള്‍ ബി.ജെ.പിയ്ക്ക് 14 ശതമാനം വോട്ട് ലഭിച്ചു.
2018 ലെ നിയമസഭാ തെരഞ്ഞെടുപ്പിലാണ് കോണ്‍ഗ്രസിന് സംസ്ഥാനത്തെ മുഖ്യപ്രതിപക്ഷം എന്ന സ്ഥാനം നഷ്ടമാകുന്നത്. ഇടത് തുടര്‍ഭരണം അവസാനിപ്പിച്ച് ബി.ജെ.പി സംസ്ഥാനത്ത് ആദ്യമായി അധികാരമേറ്റപ്പോള്‍ സി.പി.ഐ.എം പ്രതിപക്ഷത്തേക്ക് തള്ളപ്പെട്ടു.
2015 മുതല്‍ ത്രിപുരയില്‍ കോണ്‍ഗ്രസ് വലിയ തകര്‍ച്ച നേരിടുന്നുണ്ട്. 2018 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വെറും 1.79 ശതമാനം മാത്രമായിരുന്നു കോണ്‍ഗ്രസിന്റെ വോട്ട് ഷെയര്‍.
60 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 36 ലും ജയിച്ച ബി.ജെ.പിയ്ക്ക് 43.6 ശതമാനം വോട്ട് ഷെയര്‍ ഉണ്ടായിരുന്നു.
16 സീറ്റില്‍ മാത്രം ജയിച്ച സി.പി.ഐ.എമ്മിന് രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം അധികാരം നഷ്ടമായെങ്കിലും 44.35 ശതമാനം വോട്ടുണ്ടായിരുന്നു.
അതേസമയം 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ഷെയറിന്റെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസിനായിരുന്നു രണ്ടാം സ്ഥാനം. 2014 ലെ 15.2 ല്‍ നിന്ന് 2019 ല്‍ 25.3 ലേക്ക് എത്തിക്കാന്‍ കോണ്‍ഗ്രസിനായി.
പൊതുതെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് പ്രദ്യോത് കിഷോര്‍ മാണിക്യ ദേബര്‍മയെ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായി നിയമിച്ചിരുന്നു. ത്രിപുരയിലെ തദ്ദേശീയ സമുദായങ്ങള്‍ക്കിടയിലെ ഗോത്രവര്‍ഗക്കാരുടെ വിശ്വസ്തനായിരുന്നു ദേബര്‍മ.
വോട്ട് ഷെയര്‍ കൂടാന്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനം സഹായകരമായെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. എന്നാല്‍ പിന്നീട് നേതൃത്വവുമായുള്ള ഭിന്നതകളെ തുടര്‍ന്ന് ദേബര്‍മ പാര്‍ട്ടി വിട്ടു.
ഇതിന് പിന്നാലെ ടിപ്ര എന്ന പുതിയ പാര്‍ട്ടി രൂപീകരിച്ച ദേബര്‍മ ഇക്കഴിഞ്ഞ സിവിക് ബോഡി തെരഞ്ഞെടുപ്പില്‍ ഒരു സീറ്റ് നേടി കരുത്തുകാട്ടി.
അതേസമയം കോണ്‍ഗ്രസ് സംസ്ഥാനത്ത് തിരിച്ചുവരവിന്റെ പാതയിലാണെന്നാണ് നേതൃത്വം അവകാശപ്പെടുന്നത്. അടിത്തട്ടില്‍ പ്രവര്‍ത്തനം ശക്തമാക്കിയെന്നും അധികാരത്തിലുള്ള ബി.ജെ.പിയുടെ അക്രമങ്ങളെ ചെറുത്താണ് പാര്‍ട്ടി മുന്നോട്ട് പോകുന്നതെന്നുമാണ് നേതാക്കള്‍ പറയുന്നത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Not BJP or TMC, the real story of Tripura’s civic poll numbers was near-decimation of Congress