ന്യൂദല്‍ഹി: കാര്‍ഷിക ബില്‍ സംബന്ധിച്ച് പ്രതിപക്ഷം കര്‍ഷകര്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തുകയാണെന്ന ബി.ജെ.പി സര്‍ക്കാറിന്റെ വാദം തള്ളി കര്‍ഷകര്‍.
പ്രതിപക്ഷത്തിന്റെ വാക്കുകേട്ടുകൊണ്ടാണ് കര്‍ഷകര്‍ പ്രതിഷേധവുമായി ഇറങ്ങിത്തിരിച്ചതെന്നാണ് മോദി പറയുന്നത്, എന്നാല്‍ ഇത് തീര്‍ത്തും തെറ്റായ പ്രസ്താവനയാണെന്ന് കര്‍ഷകര്‍ പ്രതികരിച്ചു.
” ഈ മാറ്റങ്ങള്‍ അവതരിപ്പിക്കാന്‍ പ്രധാനമന്ത്രി മോദിയെ പ്രേരിപ്പിച്ചത് കോര്‍പ്പറേറ്റുകളാണ്. രാജ്യത്തുടനീളമുള്ള കര്‍ഷകരുടെ പിന്തുണ ഞങ്ങള്‍ക്ക് ലഭിക്കുന്നുണ്ട്, ഇത് വളരെ വലിയ ജനകീയ പ്രസ്ഥാനമാണ്. മോദിക്ക് ഈ ബില്ലുകള്‍ റദ്ദാക്കേണ്ടിവരും”കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് സമിതി സംസ്ഥാന സെക്രട്ടറി സര്‍വാന്‍ സിംഗ് പാണ്ഡെര്‍ പറഞ്ഞു.
പാര്‍ലമെന്റില്‍ പാസാക്കിയ കാര്‍ഷിക ബില്ലുകള്‍ക്കെതിരെ വെള്ളിയാഴ്ച കര്‍ഷകര്‍ നടത്തിയ ഭാരത ബന്ദിലും ഉയര്‍ന്നുകേട്ടത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയുള്ള മുദ്രാവാക്യങ്ങളായിരുന്നു.
മോദിക്ക് എങ്ങനെയാണ് രാജ്യത്തിന് ഭക്ഷണം നല്‍കുന്നവരെ ഒറ്റിക്കൊടുക്കാന്‍ കഴിയുന്നത്. ഒന്നുകില്‍ അയാള്‍ തന്റെ വഴി ശരിയാക്കണം അല്ലെങ്കില്‍ ഇതിന് വലിയ വില നല്‍കേണ്ടിവരുമെന്നാണ് ഭാരത ബന്ദില്‍ പങ്കെടുത്ത കര്‍ഷകരിലൊരാളായ ഉജ്ഗര്‍ സിംഗ് പറഞ്ഞത്.
കാര്‍ഷിക ബന്ദില്‍ കര്‍ഷകര്‍ക്ക് തങ്ങളുടെ പിന്തുണയറിയിച്ച് നിരവധിപേരാണ് രംഗത്തെത്തിയത്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കൊപ്പം സാധാരണക്കാരായ ജനങ്ങളും മോദി സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയത്തിനെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് തങ്ങളുടെ പിന്തുണയറിച്ച് രംഗത്തെത്തി.
മോദി ദേശവിരുദ്ധനാണെന്നും സര്‍ക്കാറിനെ ഉണ്ടാക്കാന്‍ ഞങ്ങള്‍ക്കറിയാമെങ്കില്‍ തകര്‍ക്കാനുമറിയാമെന്നും പ്രതിഷേധത്തില്‍ പങ്കെടുത്ത കര്‍ഷകര്‍ പ്രതികരിച്ചു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക