| Friday, 8th October 2021, 9:24 am

ബി.ജെ.പിയോട് മുട്ടിനില്‍ക്കാന്‍ ഉറപ്പിച്ച് വരുണ്‍ ഗാന്ധി; വീണ്ടും പ്രതികരണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബി.ജെ.പി ദേശീയ നിര്‍വാഹക സമിതിയില്‍ നിന്ന് ഒഴിവാക്കിയതിന് പന്നാലെ വിഷയത്തില്‍ പ്രതികരണവുമായി വരുണ്‍ ഗാന്ധി.

കഴിഞ്ഞ അഞ്ച് വര്‍ഷമായി താന്‍ ദേശീയ നിര്‍വാഹക സമിതിയില്‍ പങ്കെടുത്തിട്ടില്ലെന്നും സമിതിയില്‍ താന്‍ ഉണ്ടായിരുന്നെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പി ദേശീയ നിര്‍വാഹക സമിതിയില്‍ നിന്ന് മനേകാ ഗാന്ധിയേയും മകന്‍ വരുണ്‍ ഗാന്ധിയേയും ഒഴിവാക്കിയിരുന്നു. കാര്‍ഷിക നിയമത്തിനെതിരേയും ലഖിംപൂര്‍ ഖേരി കൂട്ടക്കൊലയ്ക്കെതിരേയും വരുണ്‍ ഗാന്ധി കഴിഞ്ഞ ദിവസങ്ങളില്‍ നിരന്തരം പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരേയും ഒഴിവാക്കി ദേശീയ നിര്‍വാഹകസമിതി പുനസംഘടിപ്പിച്ചത്.

ലഖിംപൂര്‍ ഖേരി കൂട്ടക്കൊലയുടെ ദൃശ്യങ്ങളടക്കം പങ്കുവെച്ചായിരുന്നു വരുണ്‍ കേന്ദ്രമന്ത്രി ആശിഷ് മിശ്രയ്ക്കെതിരെ രംഗത്ത് വന്നത്. പ്രതിഷേധിക്കുന്ന കര്‍ഷകരെ കൊല ചെയ്ത് നിശബ്ദരാക്കാമെന്ന് കരുതേണ്ടെന്ന് വരുണ്‍ ഗാന്ധി പറഞ്ഞിരുന്നു

കര്‍ഷകര്‍ക്കിടയിലേക്ക് കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്റെ വാഹനം ഇടിച്ചുകയറുന്ന വീഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു വരുണ്‍ ഗാന്ധിയുടെ പ്രതികരണം. വീഡിയോയില്‍ നിന്ന് എല്ലാം വ്യക്തമാണെന്ന് അദ്ദേഹം പറഞ്ഞു.

വീഡിയോയില്‍ നിന്ന് കാര്യങ്ങള്‍ വ്യക്തമാണെന്നും കൊലപാതകത്തിലൂടെ പ്രതിഷേധക്കാരെ നിശബ്ദരാക്കാന്‍ കഴിയില്ലെന്നും വരുണ്‍ ഗാന്ധി പറഞ്ഞു. കര്‍ഷകരുടെ ഇറ്റുവീണ രക്തത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും കര്‍ഷകര്‍ക്ക് നീതി ലഭിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ലഖിംപൂരിലെ കര്‍ഷക കൊലയ്ക്ക് പിന്നില്‍ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയ്‌ക്കെതിരെ എഫ്.ഐ.ആര്‍ എടുത്തതിന് പിന്നാലെയാണ് വരുണ്‍ ഗാന്ധിയുടെ പ്രതികരണം. ഇത് ബി.ജെ.പി നേതൃത്വത്തിന് അതൃപ്തിയുണ്ടാക്കിയിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights:  “Not Attended In 5 Years,” Says Varun Gandhi, Dropped From Top BJP Body

We use cookies to give you the best possible experience. Learn more