| Sunday, 9th June 2019, 11:07 am

പ്രശാന്ത് കിഷോര്‍ മമത ബാനര്‍ജിയെ സഹായിക്കുന്നത് ജെ.ഡി.യു നേതാവ് എന്ന നിലയിലല്ലെന്ന് നിതീഷ് കുമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാറ്റ്‌ന: ബംഗാളില്‍ തൃണമൂലിന് തെരഞ്ഞെടുപ്പ് തന്ത്രമൊരുക്കാനുള്ള ജെ.ഡി.യു വൈസ് പ്രസിഡന്റ് നിതീഷ് കുമാറിന്റെ നീക്കം പാര്‍ട്ടി നേതാവെന്ന നിലയ്ക്കല്ലെന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍.

‘ബംഗാളിലെ കിഷോറിന്റെ പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടി നേതാവെന്ന നിലയ്ക്കല്ല’ നിതീഷ് കുമാര്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് രംഗത്ത് പ്രവര്‍ത്തിക്കുന്ന സംഘടനയുടെ മേധാവിയെന്ന നിലയ്ക്ക് വിവിധ രാഷ്ട്രീയ പാര്‍ട്ടികളുമായി പ്രശാന്ത് കിഷോറിന് ബന്ധമുണ്ടെന്നും നിതീഷ് കുമാര്‍ പറഞ്ഞു.

ഞായറാഴ്ച നടക്കുന്ന ജെ.ഡി.യു ദേശീയ എക്‌സിക്യൂട്ടീവ് മീറ്റില്‍ പ്രശാന്ത് കിഷോര്‍ പങ്കെടുക്കുന്നുണ്ടെന്നും എല്ലാ ചോദ്യങ്ങള്‍ക്കും അദ്ദേഹം അവിടെ വിശദീകരണം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായും നിതീഷ് കുമാര്‍ പറഞ്ഞു.

ബംഗാളിലും ബീഹാറിലുമെല്ലാം ബി.ജെ.പി സഖ്യകക്ഷിയാണ് ജെ.ഡി.യു. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതിന് വേണ്ടിയാണ് മമതയും പ്രശാന്ത് കിഷോറും കഴിഞ്ഞ ദിവസം ബംഗാളില്‍ ചര്‍ച്ച നടത്തിയത്.

കഴിഞ്ഞ വര്‍ഷം ജെ.ഡി.യുവില്‍ ചേര്‍ന്ന പ്രശാന്ത് ഒരു ചുമതലയുമില്ലാത്ത വൈസ് പ്രസിഡന്റാണ്. 2014ല്‍ നരേന്ദ്രമോദിയുടെയും 2015ല്‍ നിതീഷ് കുമാറിന്റെയും തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ക്ക് നേതൃത്വം വഹിച്ച് പ്രശസ്തനായ പ്രശാന്ത് കിഷോര്‍ ഇക്കഴിഞ്ഞ ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പില്‍ ആന്ധ്രയില്‍ ജഗന്‍മോഹന്‍ റെഡ്ഡിക്കൊപ്പം പ്രവര്‍ത്തിച്ച് വൈ.എസ്.ആര്‍ കോണ്‍ഗ്രസിന്റെ വിജയം ഉറപ്പു വരുത്തിയിരുന്നു.

രണ്ട് വര്‍ഷത്തോളമാണ് പ്രശാന്ത് കിഷോറിന്റെ സംഘടനയായ ‘ഇന്ത്യ പൊളിറ്റിക്കല്‍ ആക്ഷന്‍’ (ഐ.പി.എസി) ജഗന്‍ റെഡ്ഢിയ്‌ക്കൊപ്പം  ആന്ധ്രയിലെ 175 നിയമസഭാ സീറ്റുകളില്‍ പ്രവര്‍ത്തിച്ചത്. ഇതേ തന്ത്രമായിരിക്കും ബംഗാളില്‍ മമതയും ബി.ജെ.പിയ്‌ക്കെതിരെ തേടുന്നത്.

2014ല്‍ തകര്‍ന്ന് തരിപ്പണമായ ജഗന്‍ റെഡ്ഢിയെ ബൂത്ത് തലം മുതല്‍ സംഘടനയെ കെട്ടിപ്പടുത്താണ് പ്രശാന്ത് കിഷോര്‍ സഹായിച്ചത്. 2017 മുതല്‍ 35 ക്യാംപെയ്നുകളാണ് പാര്‍ട്ടിയ്ക്ക് വേണ്ടി സംഘടിപ്പിച്ച് പോന്നത്. ഇതില്‍ പതിനേഴെണ്ണം ജനങ്ങള്‍ക്കിടയിലും 18 എണ്ണം ഓണ്‍ലൈന്‍ പ്രചാരണവുമായിരുന്നു.

We use cookies to give you the best possible experience. Learn more