'ലൂസിഫര്‍ പോലെ ഡാര്‍ക്ക് അല്ല, കംപ്ലീറ്റ് ഫണ്‍'; ജോണ്‍ കാറ്റാടിയും ഈശോ ജോണ്‍ കാറ്റാടിയുമായി മോഹന്‍ലാലും പൃഥ്വിരാജും, ബ്രോ ഡാഡി ടീസര്‍ പുറത്ത്
Entertainment news
'ലൂസിഫര്‍ പോലെ ഡാര്‍ക്ക് അല്ല, കംപ്ലീറ്റ് ഫണ്‍'; ജോണ്‍ കാറ്റാടിയും ഈശോ ജോണ്‍ കാറ്റാടിയുമായി മോഹന്‍ലാലും പൃഥ്വിരാജും, ബ്രോ ഡാഡി ടീസര്‍ പുറത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 31st December 2021, 6:43 pm

കൊച്ചി: ലുസിഫറിന് ശേഷം മോഹന്‍ലാലിനെ നായകനായി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിയുടെ ടീസര്‍ പുറത്തുവിട്ടു. ജോണ്‍ കാറ്റാടിയായി മോഹന്‍ലാലും ഈശോ ജോണ്‍ കാറ്റാടിയായി പൃഥ്വിരാജുമെത്തുന്ന ചിത്രത്തില്‍ മീന, കല്യാണി പ്രിയദര്‍ശന്‍, ലാലു അലക്സ്, മുരളി ഗോപി തുടങ്ങി വന്‍ താരനിരയാണ് അണിനിരക്കുന്നത്.

ആശിര്‍വാദ് പ്രൊഡക്ഷന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഹോട്സ്റ്റാറിലൂടെ ഒ.ടി.ടി റിലീസായിട്ടാണ് ചിത്രമെത്തുന്നത്. ശ്രീജിത് എന്‍. ബിബിന്‍ മാളിയേക്കല്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

അഭിനന്ദന്‍ രാമാനുജനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ദീപക് ദേവാണ് സംഗീത സംവിധായകന്‍. പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭമായ ലുസിഫറിലും ദീപക് ദേവ് ആയിരുന്നു സംഗീത സംവിധാനം നിര്‍വഹിച്ചിരുന്നത്.

കോമഡി ഫാമിലി എന്റര്‍ടൈനര്‍ ജോണറിലാണ് ബ്രോ ഡാഡി ഒരുങ്ങുന്നത്. ലൂസിഫറിന്റെ വലിയ വിജയത്തിന് ശേഷം അതേ കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന ചിത്രം ആയതുകൊണ്ട് തന്നെ ബ്രോ ഡാഡിക്ക് കാത്തിരിക്കുകയാണ് ആരാധകര്‍.

ലൂസിഫറിനെ പോലെ ഗൗരവമുള്ള വിഷയമല്ല മറിച്ച് ഞാന്‍ ഏറ്റവും കുടുതല്‍ ആസ്വദിച്ച്, ചിരിച്ച് കേട്ട കഥയാണ് ബ്രോ ഡാഡി എന്നായിരുന്നു പൃഥ്വിരാജ് ചിത്രത്തെ പറ്റി പറഞ്ഞത്.

ലൂസിഫറിന് ശേഷം എമ്പുരാന്‍ എന്ന ചിത്രമാണ് പൃഥ്വിരാജ് സംവിധാനം ചെയ്യാനിരുന്നത്. എന്നാല്‍ എമ്പുരാന് മുമ്പ് ബ്രോ ഡാഡി ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.

ബ്രോ ഡാഡി ഒരു ചെറിയ സിനിമയാണെന്ന് നേരത്തേ പൃഥ്വിരാജ് പറഞ്ഞിരുന്നു. ചിത്രത്തില്‍ മോഹന്‍ലാലും പൃഥ്വിരാജും ചേര്‍ന്ന് ഗാനമാലപിക്കുന്നുണ്ട്.

ദീപക് ദേവിന്റെ സംഗീതത്തിലൊരുങ്ങുന്ന ഗാനത്തിന്റെ റെക്കോഡിങ് ഡിസംബര്‍ 5 നായിരുന്നു നടന്നത്. ദീപക് ദേവിന്റെ തന്നെ തമ്മനത്തുള്ള സ്റ്റുഡിയോയില്‍ വെച്ചായിരുന്നു ഗാനം റെക്കോര്‍ഡ് ചെയ്തത്.

‘Not as dark as Lucifer Movie, Complete Fun’; Mohanlal and Prithviraj as John Katadi and Eesho John Katadi, Bro Daddy Malayalam Movie teaser out