| Sunday, 26th March 2023, 12:39 pm

എം.പിയല്ല, അയോഗ്യനാക്കപ്പെട്ട എം.പി; ട്വിറ്റർ ബയോ തിരുത്തി രാഹുൽ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: ലോക്‌സഭാംഗത്വം റദ്ദാക്കിയതിന് പിന്നാലെ ട്വിറ്റർ ബയോ തിരുത്തി രാഹുൽ ഗാന്ധി. എം.പി എന്നെഴുതിയിരുന്നിടത്ത് അയോഗ്യനാക്കപ്പെട്ട എം.പി എന്നാണ് രാഹുൽ ഗാന്ധി സ്വയം വിശേഷിപ്പിക്കുന്നത്.

ദിവസങ്ങൾക്ക് മുമ്പാണ് ബി.ജെ.പി നേതാവ് പൂർണേഷ് മോദി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മാനനഷ്ടക്കേസിൽ രാഹുൽ ഗാന്ധി കുറ്റക്കാരനാണെന്ന് കണ്ടെത്തി കോടതി വിധി പുറത്തുവന്നത്. ഇതിന് പിന്നാലെ രാഹുൽ ഗാന്ധിയുടെ ലോക്‌സഭാംഗത്വം റദ്ദാക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം നടത്തിയ വാർത്താ സമ്മേളനത്തിൽ രാജ്യത്തെ ജനാധിപത്യം ആക്രമിക്കപ്പെടുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അദാനിയും തമ്മിലുള്ള ബന്ധം ചോദ്യം ചെയ്യപ്പെടേണ്ടതുണ്ടെന്നും രാഹുൽ ഗാന്ധി പറഞ്ഞിരുന്നു.

പാർലമെന്റിൽ തന്റെ ശബ്ദം അടിച്ചമർത്തപ്പെടുകയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞിരുന്നു.

തന്നെ അയോ​ഗ്യനാക്കിയത് പ്രധാനമന്ത്രിക്ക് ചോദ്യങ്ങളോടുള്ള ഭയത്തിന്റെ ഉദാഹരണമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. രാജ്യത്ത് ജനാധിപത്യം ആക്രമിക്കപ്പെടുകയാണെന്നും ചോദ്യങ്ങൾ ചോദിക്കുന്നത് തുടരുക തന്നെ ചെയ്യുമെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.

പാർലമെന്റിൽ അദാനിയും മോദിയും തമ്മിലുള്ള ബന്ധത്തെ താൻ ചോദ്യം ചെയ്തിരുന്നുവെന്നും അത് ശരിയായ ബന്ധമല്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

ചോദ്യം ചോദിക്കുന്നത് അവസാനിപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മോദി അദാനി ബന്ധത്തെ കുറിച്ച് ഇനിയും ചോദ്യം ചോദിക്കുമെന്നും അവരെ താൻ ഭയപ്പെടുന്നില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. അയോഗ്യനാക്കി ജയിലിലടച്ച് നിശബ്ദനാക്കാമെന്ന് വിചാരിക്കേണ്ടെന്നും രാജ്യത്തിന് വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

‘എന്നെ അയോഗ്യനാക്കിയത് മോദിക്ക് ചോദ്യങ്ങൾ നേരിടാനുള്ള ഭയം കാരണമാണ്. അദ്ദേഹത്തിനറിയാം ഞാൻ അടുത്ത പ്രസംഗത്തിൽ അദാനിയുമായുള്ള ബന്ധത്തെ കുറിച്ച് ചോദിക്കുമെന്ന്. അതിന്റെ ഭയമാണ്. ആ ഭയം ഞാൻ പ്രധാനമന്ത്രിയുടെ കണ്ണുകളിൽ കണ്ടിട്ടുണ്ട്. അതുകൊണ്ടാണ് ആദ്യം പാർലമെന്റിൽ എനിക്കെതിരായ ചർച്ചകൾ നടന്നതും പിന്നീട് അയോഗ്യനാക്കിയതും,’ രാഹുൽ ഗാന്ധി പറഞ്ഞു.

Content Highlight: Not an MP, but a disqualified MP; Rahul Gandhi’s changed Twitter bio

We use cookies to give you the best possible experience. Learn more