ന്യൂദല്‍ഹി: അതിര്‍ത്തി സംഘര്‍ഷത്തില്‍ ഇന്ത്യ, ചൈനയ്ക്ക് തക്കതായ മറുപടി നല്‍കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സര്‍വകക്ഷിയോഗത്തിന് ശേഷം രാജ്യത്തെ അഭിസംബോന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഇന്ത്യയുടെ മണ്ണ് ആര്‍ക്കും വിട്ടു കൊടുക്കില്ല. ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും മറ്റാരുടെയും കയ്യിലില്ല’
അതിര്‍ത്തിയില്‍ ചൈന കടന്നുകയറിയിട്ടില്ലെന്നും ഇന്ത്യയുടെ ഒരു സൈനിക പോസ്റ്റില്‍ പോലും അവര്‍ അധീശത്വം സ്ഥാപിച്ചിട്ടില്ലെന്നും മോദി പറഞ്ഞു.
രഹസ്യന്വേഷണ വിഭാഗത്തിന് വീഴ്ച പറ്റിയിട്ടില്ലെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു.
അതേസമയം ചൈനയുമായുള്ള ബന്ധം സമാധാനപരമായി നിലനില്‍ക്കണമെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സര്‍വകക്ഷിയോഗത്തില്‍ പറഞ്ഞു. പഞ്ചശീല്‍ ഉടമ്പടിയില്‍ ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സ്വാതന്ത്ര്യലബ്ധിക്ക് ശേഷം ഇന്ത്യ-ചൈന ബന്ധം വഷളായതോടെ 1954ല്‍ ഇരുരാജ്യങ്ങളും സമാധാനമെന്ന ഉദ്ദേശത്തോടെ ഒപ്പു വെച്ച ഉടമ്പടിയാണ് പഞ്ചശീല്‍. ഇത് പ്രകാരം ഇന്ത്യയും ചൈനയും പരസ്പര സഹകരണത്തോടെ, സമാധാനത്തില്‍ നിലകൊള്ളുമെന്നു ഉടമ്പടിയായതാണ്.
ഇന്ത്യയെ സഖ്യത്തില്‍ ചേര്‍ക്കാനുള്ള അമേരിക്കന്‍ ശ്രമത്തെ പ്രതിരോധിക്കണമെന്ന് സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി.രാജ പറഞ്ഞു.
ലഡാക്ക് അതിര്‍ത്തിയില്‍ ഇന്റലിജന്‍സിന് വീഴ്ച പറ്റിയോ എന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ആവശ്യപ്പെട്ടു. ലഡാക്ക് സംഘര്‍ഷത്തില്‍ എന്താണ് സംഭവിച്ചതെന്ന് കേന്ദ്രസര്‍ക്കാര്‍ സുതാര്യമായി പറയമെന്നായിരുന്നു ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമതാ ബാനര്‍ജി പറഞ്ഞത്.