ന്യൂദൽഹി: ലോക്ക് ഡൗണിനെ തുർന്ന് രാജ്യത്തെ വിവിധ ഭാഗങ്ങളിലായി കുടുങ്ങിക്കിടക്കുന്ന അതിഥി സംസ്ഥാന തൊഴിലാളികളെ ട്രെയിൻ മാർഗം തിരികെയെത്തിക്കുന്ന പദ്ധതിയ്ക്ക് പശ്ചിമബംഗാളിൽ നിന്ന് പിന്തുണ കിട്ടുന്നില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇതു ചൂണ്ടിക്കാട്ടി അമിത് ഷാ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയ്ക്ക് കത്തയച്ചു. ബംഗാളിലേക്ക് അതിഥി തൊഴിലാളികളുമായുള്ള ശ്രാമിക് ട്രെയിൻ അനുവദിക്കാത്തത് അനീതിയാണെന്ന് അമിത് ഷാ മമതയോട് പറഞ്ഞു.
“കേന്ദ്രത്തിന് ആവശ്യമായ പിന്തുണ പശ്ചിമ ബംഗാൾ സർക്കാരിൽ നിന്നും ലഭിക്കുന്നില്ല. സംസ്ഥാന സർക്കാർ ബംഗാളിലേക്ക് ട്രെയിനുകൾ കടക്കാൻ അനുവദിക്കാത്തത് പശ്ചിമ ബംഗാളിൽ നിന്നുള്ള അതിഥി തൊഴിലാളികളോടുള്ള അനീതിയാണ്. ഇത് അവരെ കൂടുതൽ ദുരിതത്തിലേക്ക് തള്ളിവിടുകയേ ഉളളൂ”. അമിത് ഷാ കൂട്ടിച്ചേർത്തു.
കൊവിഡ് രോഗവ്യാപനത്തിന്റെ വിഷയത്തിൽ നിരവധി തവണ കേന്ദ്ര സർക്കാരും പശ്ചിമ ബംഗാളും തർക്കത്തിൽ ഏർപ്പെട്ടിരുന്നു. നേരത്തെ കേന്ദ്ര സർക്കാർ തന്നെ പശ്ചിമ ബംഗാളിനെഴുതിയ കത്തിൽ കൃത്യമായി ടെസ്റ്റുകൾ നടക്കുന്നില്ലെന്നും ഉയർന്ന മരണനിരക്ക് സംഭവിക്കുന്നതിലും അതൃപ്തി അറിയിച്ചിരുന്നു.
ബംഗാളിൽ നിലവിൽ 1678 പേർക്കാണ് കൊവിഡ് ബാധിച്ചിരിക്കുന്നത്. ഇതിനോടകം തന്നെ 160 പേർ മരണപ്പെട്ടു. എന്നാൽ കേന്ദ്രത്തിന്റേത് കേവലം രാഷ്ട്രീയ പ്രേരിതമായ ആരോപണം മാത്രമാണെന്ന് തൃണമൂൽ കോൺഗ്രസ് പ്രതികരിച്ചു.