| Friday, 22nd April 2022, 3:49 pm

കര്‍ണാടകയില്‍ ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ത്ഥിനികളെ പരീക്ഷ എഴുതാന്‍ അനുവദിച്ചില്ല

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഉഡുപ്പി: ഹിജാബ് ധരിച്ച് പരീക്ഷ എഴുതാനെത്തിയ രണ്ട് വിദ്യാര്‍ത്ഥിനികളെ അധികൃതര്‍ മടക്കി അയച്ചു.

അലിയ ആസാദി, രെഷാം എന്നീ വിദ്യാര്‍ഥിനികളാണ് ഹിജാബ് ധരിച്ച് പന്ത്രണ്ടാം ക്ലാസ് പരീക്ഷ എഴുതാനെത്തിയത്.
കോടതി ഉത്തരവ് ചൂണ്ടിക്കാട്ടി മടക്കി അയക്കുകയായിരുന്നു. ഉഡുപ്പിയിലെ വിദ്യോദയ പി.യു കോളേജിലെ പരീക്ഷാ കേന്ദ്രത്തിലാണ് സംഭവം.

ഹാള്‍ടിക്കറ്റ് ശേഖരിച്ച് പരീക്ഷാ ഹാളിലേക്ക് കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവരെ തടഞ്ഞത്. മുക്കാല്‍ മണിക്കൂറോളം വിദ്യാര്‍ഥിനികള്‍ സ്‌കൂള്‍ അധികൃതരെ കാര്യങ്ങള്‍ ധരിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും കോടതി ഉത്തരവുകള്‍ ചൂണ്ടിക്കാട്ടി പരീക്ഷ എഴുതാന്‍ സമ്മതിക്കാനാവില്ലെന്ന് അധികൃതര്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ പരീക്ഷ ബഹിഷ്‌കരിച്ച് തിരിച്ചുപോയി.

പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥികളുടെ രണ്ടാംഘട്ട ബോര്‍ഡ് പരീക്ഷയ്ക്കാണ് വെള്ളിയാഴ്ച കര്‍ണാടകയില്‍ തുടക്കമായത്. സംസ്ഥാന സര്‍ക്കാരിന്റെ ഹിജാബ് നിരോധനം ശരിവെച്ച് കൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കുന്നുണ്ടെങ്കിലും ഹിജാബ് ധരിച്ച് കൊണ്ട് തന്നെ പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്ന് ആലിയ ആസാദി കഴിഞ്ഞയാഴ്ചയും മുഖ്യമന്ത്രിക്ക് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍, അനുവാദം നല്‍കിയിരുന്നില്ല. തുടര്‍ന്നാണ് ഹിജാബ് ധരിച്ച് കൊണ്ട് തന്നെ ഇവര്‍ പ്രതിഷേധമെന്ന രീതിയില്‍ പരീക്ഷയ്ക്കെത്തിയത്.

ജനുവരിയില്‍ ഉഡുപ്പി ഗവ. വനിതാ പ്രീ-യൂണിവേഴ്സിറ്റി കോളേജില്‍ ഹിജാബ് ധരിച്ചെത്തിയ ആറു വിദ്യാര്‍ഥിനികളെ ക്ലാസില്‍നിന്നും പുറത്താക്കിയതോടെയായണ് വിവാദം തുടങ്ങിയത്.

Content Highlights:Not Allowed To Take Exams Wearing Hijab, 2 Karnataka Students Leave

We use cookies to give you the best possible experience. Learn more